കവിഞ്ഞൊഴുകാനൊരുങ്ങി പെരിയാർ

Tuesday 31 July 2018 3:06 am IST
26 വര്‍ഷത്തിന് ശേഷം ഇടുക്കി ജലസംഭരണി തുറക്കാനൊരുങ്ങുമ്പോള്‍ അത് ചരിത്ര നിമിഷമാകും മലയാളികള്‍ക്ക് സമ്മാനിക്കുക. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ സ്ഥിതി ഗുരുതരമാക്കുന്നതു പെരിയാറിന്റെ കരകളിലെ അനധികൃത കയ്യേറ്റങ്ങള്‍.....
"ഇടുക്കി സംഭരണി തുറന്നാല്‍ ആദ്യം വെള്ളം എത്തുന്ന തൊടുപുഴ-പുളിയന്‍മല റോഡിലെ ചെറുതോണി പാലം"

ചരിത്ര നിമിഷത്തിന് അരികെയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് ഉള്‍പ്പെട്ട ഇടുക്കി സംഭരണി. പെരിയാറില്‍ അണകെട്ടി നിര്‍മ്മിച്ച ഇടുക്കി സംഭരണി മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ നിറയുന്നത് പദ്ധതിയുടെ ചരിത്രത്തിലാദ്യമാണ്. മുമ്പ് ജലശേഖരം ഇതിലും മുകളിലെത്തിയിട്ടുണ്ടെങ്കിലും അതെല്ലാം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു. 

1991 ഒക്ടോബര്‍ 11ന് ആണ് ഇതിനു മുന്‍പ് ഇടുക്കി ജലസംഭരണി തുറന്നത്. അന്ന് ചെറുതോണി അണക്കെട്ടിന്റെ ഭാഗമായുള്ള ഷട്ടറുകള്‍ എല്ലാം ഉയര്‍ത്തിയിരുന്നെങ്കിലും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സ്ഥിതിഗതികള്‍ മാറി. 

വെള്ളം തുറന്നുവിട്ടാല്‍ അത് നേരിട്ട് ബാധിക്കുക 300ലധികം വീടുകളിലെ കുടുംബങ്ങളെയാണ്. വെള്ളത്തിന്റെ അളവ് നിയന്ത്രണവിധേയമായി തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമാണ് ഒരുക്കുന്നത്. കൊന്നത്തടി, ഉപ്പുതോട്, വാഴത്തോപ്പ്, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ തീരങ്ങളില്‍ താമസിക്കുന്നവരെയാണ് മാറ്റി പാര്‍പ്പിക്കുക. ആയിരത്തിലധികം വീടുകള്‍ക്ക് ഭീഷണിയുണ്ടെങ്കിലും ഇവരെ ആദ്യ ഘട്ടത്തില്‍ മാറ്റി പാര്‍പ്പിക്കില്ല. 

സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അത് പെരിയാറിന് ഇരുകരകളിലുമുള്ളവരുടെ നെഞ്ചിടിപ്പ് ഏറ്റുകയാണ്. കയ്യേറിയെടുത്തതെല്ലാം ഒരുനിമിഷം കൊണ്ട് ഒലിച്ചുപോകുമെന്ന ഭയവും  നിഴലിക്കുന്നു. പുഴയെ തോടാക്കി മാറ്റിയപ്പോള്‍ ഇത്തരത്തില്‍ വെള്ളം എത്തുമെന്ന കാര്യം മനപൂര്‍വ്വം പലരും മറന്നു. 

കെഎസ്ഇബിയുടെയും റവന്യൂ വകുപ്പിന്റെയും മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് മേഖലയില്‍ വ്യാപക കയ്യേറ്റം നടന്നത്. ചെറുതോണി ടൗണിലാണ് ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക. ഇത്തരത്തില്‍ ഒരു ടൗണോ നിര്‍മ്മാണങ്ങളോ പാടില്ലെന്ന കെഎസ്ഇബിയുടെ മുന്നറിയിപ്പിനെ ആരും വകവച്ചിരുന്നില്ല. 

ചെറുതോണി പുഴ കയ്യേറി മുഖ്യമന്ത്രിയുടെ പരിപാടിക്കായി അടുത്തിടെ വേദി നിര്‍മ്മിച്ചത് ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ഇവിടെ നിന്ന് വെള്ളം ഒഴുകിയെത്തുക വ്യാപക രീതിയില്‍ കയ്യേറ്റം നടന്നിരിക്കുന്ന മേഖലകളിലേക്കാണ്. ഇത് പ്രദേശവാസികള്‍ പോലും ഭീതിയോടെ സാക്ഷ്യപ്പെടുത്തുമ്പോഴും അധികൃതര്‍ മൗനം തുടരുന്നു. ചെറുതോണി ടൗണില്‍ നിന്ന് വെള്ളം, തടിയമ്പാട്, കരിമ്പന്‍ മേഖലകളിലേക്കെത്തും. തടിയമ്പാട് പാലത്തിന് സമീപം സ്വാഭാവിക പുഴയുടെ ഒഴുക്ക് വഴിതിരിച്ച് വിട്ട് കയ്യേറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതും ഭീഷണിയാണ്. കരിമ്പനിലെ ചപ്പാത്തിലടക്കം വെള്ളം കയറും. ഇവിടെ സാമാന്യം വീതിയുണ്ടെങ്കിലും പിന്നീടങ്ങോട് ചെറു കൈവഴികളായി പുഴ മാറും, ഇത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും സമീപ മേഖലകളില്‍ വെള്ളം കയറുന്നതിനും കാരണമാകും. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിക്കുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. ഷട്ടര്‍ തുറക്കുമെന്ന് ഉറപ്പായതോടെ കിട്ടിയ വിലയ്ക്ക് കപ്പയടക്കമുള്ള കൃഷികള്‍ വില്‍പ്പന നടക്കുന്നുണ്ട്. വെള്ളം പിന്നീട് കീരിത്തോടും കടന്ന് ലോവര്‍പെരിയാര്‍ സംഭരണിയിലാണ് എത്തിച്ചേരുക. ഇവിടെ നിന്ന് ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ നേര്യമംഗലം, തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാം എന്നിവ കടന്ന് കാലടി, പെരുമ്പാവൂര്‍ വഴി ആലുവയിലെത്തും. ഇത്തരത്തില്‍ വെള്ളമെത്താന്‍ ശരാശരി ആറ് മണിക്കൂര്‍ എടുക്കും. കിലോമീറ്ററുകളോളം വനത്തിലൂടെയും വിവിധ കൈവഴികളായി തിരിഞ്ഞുമാണ് ഒഴുക്ക്. പെരിയാറില്‍ നിലവില്‍ത്തന്നെ ഉയര്‍ന്ന തോതില്‍ വെള്ളം ഉള്ളതിനാല്‍ കൂടുതലായി എത്തുന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളെ സാരമായി ബാധിക്കും. 

മുന്നറിയിപ്പുകള്‍ നീല, ഓറഞ്ച്, ചുവപ്പ്

ഇടുക്കി പദ്ധതിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം പുറത്തിറക്കുന്ന മുന്നറിയിപ്പുകളാണ് ബ്ലു, ഓറഞ്ച്, റെഡ് എന്നിങ്ങനെ അറിയപ്പെടുന്നത്. 2403 അടി സംഭരണ ശേഷിയുള്ള ഇടുക്കിയില്‍ 2390 എത്തുമ്പോഴാണ് ആദ്യഘട്ട മുന്നറിയിപ്പ് പുറത്തിറക്കുന്നത്, ഇതാണ് ബ്ലു അലര്‍ട്ട്, 2395ലെത്തുമ്പോഴാണ് രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഈ സമയം അണക്കെട്ടില്‍ കണ്‍ട്രോള്‍ റൂം തുറക്കും. മൂന്നാം ഘട്ടമായ റെഡ് അലര്‍ട്ട് സാധാരണയായി 2400ലെത്തുമ്പോഴാണ് പ്രഖ്യാപിക്കാറുള്ളത്. ഇതിന് ശേഷം 12-24 മണിക്കൂറിനുള്ളില്‍ ഷട്ടര്‍ തുറക്കും. ഇതിന് മുമ്പ് 1981 ഒക്ടോബര്‍ 21നും 1991 ഒക്ടോബര്‍ 11നുമാണ് തുലാമഴയുടെ ഭാഗമായി ഷട്ടറുകള്‍ ഉയര്‍ത്തിയത്. 2013 ആഗസ്റ്റില്‍ ജലനിരപ്പ് 2937 അടി എത്തിയിരുന്നു.  പിന്നീട് മഴ കുറഞ്ഞെങ്കിലും സെപ്തംബര്‍ 21 ഓടെ ജലശേഖരം 2401.69 അടി (98 ശതമാനം) എത്തി. 2005ല്‍ 2400 ഉം 2007ല്‍ 2401 അടിയുമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2401 അടി എത്തിയാല്‍ 70854.3 ദശലക്ഷം ഘനയടി വെള്ളമാണ് സംഭരണിയിലുണ്ടാവുക.

അപൂര്‍വ്വ നിര്‍മ്മാണമായി ഇടുക്കി പദ്ധതി

പൂര്‍ണ്ണമായും മല തുരന്ന് അതിനകത്ത് സ്ഥിതിചെയ്യുന്ന ഇടുക്കി വൈദ്യുത പദ്ധതി ഏഷ്യയിലെ തന്നെ ഇത്തരത്തിലെ ഏക നിര്‍മ്മാണമാണ്. കനേഡിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായാണ് ഇടുക്കി പദ്ധതി നിര്‍മ്മിച്ചത്. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. മൂന്ന് വീതം ജനറേറ്ററുകളോടെ 1976ലും 1985ലുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 1960ലാണ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 

ചെറുതോണിക്ക് സമീപത്തെ കുറവന്‍, കുറത്തി മലകളെ സംയോജിപ്പിച്ച് പെരിയാറിന് കുറുകെയും ഇതിന്റെ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ചെറിയ തോട്ടിലൂടെ കുളമാവില്‍ എത്തിക്കും. കമാന ആകൃതിയിലുള്ള ഇടുക്കിയും ഷട്ടറുള്ള ചെറുതോണി അണക്കെട്ടും അടുത്തടുത്താണെങ്കിലും കുളമാവ് ഡാം ഇവിടെ നിന്ന് 22.5 കിലോമീറ്റര്‍ അകലെയാണ്. 

കുളമാവ് ഡാമില്‍ നിന്നാണ് ബട്ടര്‍ഫ്‌ളൈ വാല്‍വ് വഴി നാടുകാണി മലനിരകള്‍ക്ക് താഴെയിരിക്കുന്ന മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ വെള്ളമെത്തുന്നത്. കുളമാവില്‍ നിന്ന് 1.5 കിലോമീറ്റര്‍ ദൂരം ചെറിയ ചെരുവില്‍ ഇതിനായി പാറ തുരന്നിട്ടുണ്ട്. ശേഷം 953 മീറ്റര്‍ ദൂരം കുത്തനെ പാറ തുരന്നാണ് ഇവിടെ നിന്ന് വെള്ളം ജനറേറ്റുകളില്‍ എത്തിക്കുന്നത്. രണ്ട് സെക്ഷനുകളായുള്ള ജനറേറ്ററുകളില്‍ വെള്ളം എത്തിക്കുന്നതിന് ഈ പാറ രണ്ട് തവണ സമാനമായി തുരന്നിട്ടുണ്ട്. ഓക്‌സിജന്റെ അളവ് പോലും കുറഞ്ഞ ഇവിടെ അതീവശ്രദ്ധയോടെ ഓരോ നിമിഷവും അപകടം മുന്നില്‍ക്കണ്ടാണ് ജോലി. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 640 ലിറ്റര്‍ മാത്രമാണ് ഇവിടെ ആവശ്യമായി വരുന്നത്. ഹൈ ഹെഡ് ജലവൈദ്യുത പദ്ധതിയെന്ന് ഇതിനെ പറയും.

ടണലുകള്‍ ഉപയോഗിക്കാത്ത നിര്‍മ്മാണത്തില്‍ പാറപൊട്ടിച്ച് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചാണ് വെള്ളമെത്തിക്കുന്നതിനുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വരുന്ന വെള്ളം വീണ്ടും മലങ്കര അണക്കെട്ടില്‍ സംഭരിച്ച് വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്. ഇതാണ് പിന്നീട് തൊടുപുഴ, മൂവാറ്റുപുഴ എന്നീ ആറുകളായി ഒഴുകുന്നത്. 

അനൂപ് ഒ ആർ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.