പൊതുസമ്മതനായ ശ്രീധരൻപിള്ള

Tuesday 31 July 2018 3:07 am IST

സംസ്ഥാന രാഷ്ട്രീയത്തില്‍ സ്‌നേഹസാഗരമായി മണ്‍മറഞ്ഞ നേതാവാണ് കെ.ജി. മാരാര്‍. സംസ്ഥാന പ്രസിഡന്റായിരിക്കെ മാരാര്‍ജിയുടെ ആകസ്മിക വേര്‍പാട് കേരളീയരെ പ്രത്യേകിച്ച് ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയ നഷ്ടം ഇനിയും നികത്തപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തില്‍ കെ.ജി. മാരാര്‍ജിയുടെ ശിഷ്യത്വം സ്വീകരിച്ചുവളര്‍ന്നുവലുതായ പി.എസ്. ശ്രീധരന്‍പിള്ള പ്രസിഡന്റായതോടെ പുതിയ ഉണര്‍വും ഉന്മേഷവുമാണ് ഉണ്ടാകുന്നത്.

കെ.ജി. മാരാര്‍ജിയുടെ എളിമയും തെളിമയും അപ്പാടെ സ്വായത്തമാക്കിയ നേതാവെന്ന നിലയില്‍ ആരെയും വെറുപ്പിക്കാതെയും എല്ലാവരേയും ഉള്‍ക്കൊള്ളുവാനും കഴിയുമെന്നുറപ്പാണ്. വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറുകയും സംഘടനാതത്വങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുകയും ചെയ്യുകയുമായിരിക്കും അദ്ദേഹത്തിന്റെ ശൈലി.

നേതാവായാല്‍ ഉയരങ്ങളിലേക്ക് മാത്രം നോക്കുക എന്നത് ഒരു കീഴ്‌വഴക്കം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ഈ അപചയം ബിജെപിയിലെങ്കിലും ഇല്ലാതാക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

2003-2006 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ ശ്രീധരന്‍പിള്ള കാഴ്ചവച്ചത് അതിര്‍വരമ്പില്ലാത്ത സൗഹൃദമാണ്. രാഷ്ട്രീയ പ്രതിയോഗികളെപോലും വശീകരിക്കാന്‍ അദ്ദേഹത്തിന് അന്ന് സാധിച്ചു. ആരോടുമില്ല പ്രീണനം എല്ലാവരോടും തുല്യനീതി എന്ന ബിജെപിയുടെ പ്രഖ്യാപിത നയം പ്രാവര്‍ത്തികമാക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക് സാധിച്ചു. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് ഇതിന്റെ ഫലമാണ്.

ശ്രീധരന്‍പിള്ളയെ പോലെ ബഹുമുഖ പ്രതിഭ മറ്റൊരു സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വത്തിലില്ല. കേവല രാഷ്ട്രീയക്കാരനല്ല അദ്ദേഹം. ഒന്നാംകിട അഭിഭാഷകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കവി തുടങ്ങിയമേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചു. കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിലേറെ പുസ്തകങ്ങളുടെ കര്‍ത്താവ്.

ആലപ്പുഴയിലെ വെണ്‍മണിയില്‍ ജനിച്ച് നിയമപഠനത്തിന് കോഴിക്കോട്ടെത്തിയ ശ്രീധരന്‍പിള്ള എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. കോളേജ് മാഗസിന്‍ എഡിറ്ററായിരിക്കെ അടിയന്തരാവസ്ഥക്കെതിരായ വാചാലമായ താളുകളാല്‍ മാഗസിന്‍ ഇറക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അടിയന്തരാവസ്ഥയ്ക്കുശേഷമാണ് ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ യാത്ര തുടങ്ങുന്നത്. 1980ല്‍ ബിജെപിയുടെ സ്ഥാപന സമ്മേളനത്തില്‍ പങ്കെടുത്ത് ആശയവ്യക്തത നേടി. പിന്നോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ബിജെപിയുടെ കോഴിക്കോട് ജില്ലാ  പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം ജനങ്ങള്‍ക്ക് രക്ഷയാകേണ്ട ഒന്നാണെന്നാണ് പൊതുസമൂഹത്തിന്റെ വിശ്വാസം. ജനാധിപത്യ വ്യവസ്ഥിതിയില്‍ അത് ജനങ്ങള്‍ക്ക് ശിക്ഷയായിക്കൂടെന്ന് ഉറച്ചുവിശ്വസിക്കുന്ന വ്യക്തിത്വമാണ് ശ്രീധരന്‍പിള്ളയുടേത്.

രാഷ്ട്രീയത്തിന്റെ തേജോമയമാര്‍ന്ന മുഖം. ആകര്‍ഷകമെങ്കിലും അകത്തളങ്ങള്‍ പലപ്പോഴും പ്രക്ഷുബ്ധവും പ്രതിക്രിയാത്മകവുമായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞ ശ്രീധരന്‍പിള്ളയുടെ നേതൃത്വം വലിയൊരു മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. ശക്തിക്കനുസരിച്ച് നിയമനിര്‍മ്മാണസഭകളില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് ബിജെപിയുടെ പോരായ്മ. അത് മാറ്റിമറിക്കാനുള്ള തന്ത്രവും സഖ്യവിപുലീകരണവും നടത്താനുള്ള ശ്രമം ആയാസകരമാണ്. അതിനെ അതിജീവിക്കാനുള്ള ശേഷിയും ശേമുഷിയും ശ്രീധരന്‍പിള്ളയ്ക്ക് ആര്‍ജിക്കാന്‍ കഴിയുമെന്ന് തീര്‍ച്ച.

കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.