ഓർമ്മയുടെ പെരുമഴയിൽ ഒരമ്മ

Tuesday 31 July 2018 3:08 am IST

''ഓര്‍മ്മകള്‍ ഉണക്കാനിട്ടപ്പോഴാണ് അമ്മ പെരുമഴയായ് കരഞ്ഞത്'. ഇത് ഒരു ഫേസ്ബുക്ക് കുറിപ്പാണ്. ഉണക്കാനിട്ട ഓര്‍മ്മകള്‍ ഇടക്കിടെ പെരുമഴയില്‍ നനയും, കുതിരും, വിങ്ങിവീര്‍ക്കും. തിരുവനന്തപുരത്തും ഒരമ്മയുണ്ട്. ഒരു മകന്റെ അമ്മയാണെങ്കിലും ഇന്ന് ഒട്ടനവധി പേരുടെ പ്രസവിക്കാത്ത അമ്മയാണവര്‍. സ്‌നേഹം മാത്രം കൈമുതലായ, ആറ്റുനോറ്റു പോറ്റിയ ഒരു മകന്റെ അമ്മ. ആ അമ്മയുടെ പേര് പ്രഭാവതി. മകന്‍ ഉദയകുമാര്‍. ഇതില്‍ അമ്മ ഭൗതികമായി നമുക്കു മുന്നിലുണ്ട്. മകന്‍ മനസ്സിലും. പൗരജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ട, കരുതലുള്ളവരാവേണ്ട പൊലീസ് നിഷ്‌കരുണം ഉരുട്ടിക്കൊന്നതാണ് പ്രഭാവതിയമ്മയുടെ മകന്‍ ഉദയകുമാറിനെ.

2005ലെ ഉത്രാട നാളില്‍ അമ്മയ്ക്ക് ഓണക്കോടി വാങ്ങാന്‍ പോയ മകന്‍ പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ബെഞ്ചില്‍ തണുത്ത് മരവിച്ച് കിടക്കുന്നതാണ് അമ്മ കണ്ടത്. അന്നു മുതല്‍ ഓരോ ഓണത്തിനും ആ അമ്മയുടെ കണ്ണുകള്‍ പേമാരിയായി പെയ്തുകൊണ്ടേയിരിക്കുകയാണ്. ചെല്ലക്കുട്ടിയായ മോന് എന്നും ഉരുളയുരുട്ടിക്കൊടുത്ത് വാത്സല്യപ്പുതപ്പിനുള്ളില്‍ സൂക്ഷിച്ചുവന്ന അവരെ പൊലീസ് പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുകയാണ്. മകന്‍ പോയതു മുതല്‍ വീട്ടിലെ മുരിങ്ങക്കൊമ്പില്‍ ഒരു കാക്ക പ്രഭാവതിയമ്മയെ കാത്തിരുന്നു. അത് ഉദയകുമാറിന്റെ ആത്മാവായി അവര്‍ കരുതി. വിശ്വസിച്ചാലും ഇല്ലെങ്കിലും കാക്ക കാറി വിളിക്കുന്നത് അമ്മേയെന്നായിരുന്നു. മോന് ചോറുരുള കൊടുക്കുംപോലെ കാക്കയ്ക്കും കറി ചേര്‍ത്ത് കുഴച്ച് ചോറ് കൊടുത്തു കൊണ്ടിരുന്നു. അത് കൊത്തിത്തിന്ന് അമ്മയെ ചാഞ്ഞുംചരിഞ്ഞും നോക്കി കാക്ക പറന്നുപോവുമായിരുന്നു. മോനോട് പറയും പോലെ പരാതിയും പരിഭവവും കാക്കയുമായി അമ്മ പങ്കുവെച്ചു. നീതി കിട്ടുംവരെ തനിക്ക് ഭൂമിയില്‍ ജീവിച്ചാല്‍ മതിയെന്നായിരുന്നു ആ അമ്മയുടെ ഒരേയൊരാഗ്രഹം. ഒടുവില്‍ പതിമൂന്നു വര്‍ഷത്തിനു ശേഷം ആ വിധി വന്നു. കാക്കിക്കുള്ളിലെ കശ്മലന്മാരായ രണ്ടു പേര്‍ക്ക് തൂക്കു കയറും ശേഷിച്ചവര്‍ക്ക് തടവും ശിക്ഷ ലഭിച്ചു.

ഇത്തവണയും ഓണത്തിന് പ്രഭാവതിയമ്മയുടെ കണ്ണു നിറയും. മുരിങ്ങക്കൊമ്പില്‍ ഇരുന്ന് ആ കാക്കയും കണ്ണീരണിയും. പക്ഷെ, ഒരു വ്യത്യാസമുണ്ടാവും. നീതി കിട്ടിയതിന്റെ സന്തോഷാധിക്യമുള്ള കണ്ണീരാവും അത്. ഇനിയൊരമ്മയ്ക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി ഈ വിധി മാറും, മാറണം. അധികാരകേന്ദ്രങ്ങളുടെ ഭീഷണി, പ്രലോഭനം തുടങ്ങിയവയെ ദൈവത്തിന്റെ കൈപിടിച്ച് വകഞ്ഞുമാറ്റിയ ആ അമ്മ സംസ്ഥാനത്തെ ദുരന്തം വേട്ടയാടിയ അമ്മ മനസ്സുകള്‍ക്ക് എന്നം പ്രചോദനമാണ്. അവരുടെ പ്രതീക്ഷാഭരിതമായ മനസ്സുകളിലേക്ക് കുളിരു വിരുന്നുവരികയാണ്. കശ്മലക്കൂട്ടങ്ങള്‍ക്ക് ഐപിഎസ് വരെ ശുപാര്‍ശ ചെയ്ത രാഷ്ട്രീയ നൃശംസതക്ക് അതേസമയം മുന്നറിയിപ്പും.

************************************************

എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്? സമൂഹത്തില്‍ ഇരുട്ട് നിറഞ്ഞിരിക്കുകയാണ്. വെളിച്ചം വേണ്ടിടത്തെ നെയ്ത്തിരികളൊക്കെ കെടുത്താനാണ് ഉത്സാഹിക്കുന്നത്. രാമായണ സംസ്‌കാരം ഭൗതികമായും ശാരീരികമായും ഊര്‍ജരേണുക്കള്‍ പടര്‍ത്തുന്നതാണെങ്കിലും അതു വേണ്ടെന്ന് തീരുമാനിക്കപ്പെടുന്നു. 

മനസ്സിലെ 'രാവ്' മായാത്തവര്‍ക്ക് രാമായണം അരോചകമാവുംപോലെ തന്നെയാണ് ചില ചടങ്ങുകളും ആചാരങ്ങളും അരോചകമാവുന്നത്. കുളിച്ച് കുറി തൊട്ട് സുന്ദരിമാരായി അമ്പലത്തില്‍ പോകുന്നതിന് പിന്നില്‍ മറ്റെന്തൊക്കെയോ കാണുന്നതും അതുപോലെ തന്നെ. നെടുനാളായി നടന്നുവരുന്ന ഒരു കാര്യപദ്ധതിയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മൂശയിലിട്ട് പരുവപ്പെടുത്തിയെടുക്കുമ്പോള്‍ അത്യാവശ്യം പള്ളിക്കൂടത്തില്‍ പോയിട്ടുള്ളയാള്‍ക്ക് തിരിച്ചും ഒരു ചോദ്യമുന്നയിക്കാം. മേപ്പടി ആവിഷ്‌കാര സ്വാതന്ത്ര്യം വണ്‍വേ ട്രാഫിക്കാണോ ?. ഇപ്പുറത്തുള്ളവനും അതായത് വായനക്കാരനും ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ?. ഇതിന്റെയൊക്കെ അടിസ്ഥാന പ്രശ്‌നം എന്താണെന്നുവെച്ചാല്‍ മനസ്സിലെ ഇരുട്ടാണ്. അത് നീങ്ങാതെ ശരിയാവില്ല. അതിനുള്ള ലളിതമായ ഒരേര്‍പ്പാടാണ് രാമായണ പാരായണം. 

ക്രൗര്യത്തിന്റെ കാര്‍മേഘമുള്ള വിപ്ലവപ്പാര്‍ട്ടിപോലും അതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. നേരിട്ടല്ല, വളഞ്ഞ വഴിയിലൂടെയാണെന്നു മാത്രം. ഭാരത സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പക്ഷേ, മറുകണ്ടം ചാടിയിരിക്കുകയാണ്. അവര്‍ രാമായണത്തെ മതത്തിന്റെ പിന്നാമ്പുറത്ത് ഇരുത്തിയിരിക്കുകയാണ്. ആയതിനാല്‍ അവിടേക്ക് പോകാനാവില്ലത്രെ.

 ഇതൊക്കെ കണ്ടും കേട്ടും മനസ്സ് മരവിച്ചുപോയ മാബലിത്തമ്പുരാന്‍ ഇനി തിരുവോണത്തിന് വരുമെന്ന് ഉറപ്പിച്ചുപറയാനാവുമോ? കാര്യമെന്തായാലും വിപ്ലവക്കക്ഷികളുടെ നൂതമാര്‍ഗത്തിലൂടെ ആവേശപൂര്‍വം മുന്നേറുന്ന ജനപ്രതിനിധി കായംകുളത്തെ സിപിഎം എംഎല്‍എ യു. പ്രതിഭയ്ക്ക് ഒരു കൈയ്യടി ആവശ്യമാണ്. രാമായണ മാസത്തില്‍ സ്വച്ഛസുന്ദരമായി അവര്‍ പാരായണം തുടങ്ങിയിരിക്കുന്നു. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നത് എത്ര ശരി.

കെ. മോഹൻദാസ്

daslak@gmail.com

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.