ആദ്യ ടെസ്റ്റ് നാളെ

Tuesday 31 July 2018 3:09 am IST

ലണ്ടന്‍ : കളിക്കളത്തില്‍ ടീമിനെ ഉത്തേജിപ്പിച്ച് ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ പരമ്പര കീശയിലാക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും.

ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടമാണ് കോഹ്‌ലി കാഴ്ചവച്ചത്. പക്ഷെ പരമ്പര 2-1ന് നഷ്ടമായി. എന്നാല്‍ ടെസ്റ്റില്‍ സഹകളിക്കാരെ പ്രചോദിപ്പിച്ച് പരമ്പര നേടാമെന്ന വിശ്വാസത്തിലാണ് നായകന്‍. മികവ് ആവര്‍ത്തിച്ചാല്‍ കോഹ്‌ലിക്ക് നേട്ടമുണ്ടാക്കാം. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസീസിന്റെ സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം.

പന്തുചുരണ്ട് വിവാദത്തെതുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കുനേരിടുന്ന സ്മിത്തും രണ്ടാം റാങ്കുകാരനായ കോഹ്‌ലിയും തമ്മില്‍ 26 പോയിന്റിന്റെ വ്യത്യസമേയുള്ളു. ഇംഗ്ലണ്ടിനെതിരെ മികച്ച കളി പുറത്തെടുത്താല്‍ കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാകും.

നിലവില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അഞ്ചു ബാറ്റസ്മാന്മാര്‍ ആദ്യത്തെ അമ്പത് റാങ്കിനുളളിലുണ്ട്. ചേതേശ്വര്‍ പൂജാര ( ആറ് ), ലോകേഷ് രാഹുല്‍ (18), അജിങ്കേ രഹാനെ (19), മുരളി വിജയ് (23), ശിഖര്‍ ധവാന്‍ (24) എന്നിവരാണ് റാങ്കില്‍ മുന്‍ നിരയിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 

ഇംഗ്ലണ്ടിന്റെ  ജോ റൂട്ട് കോഹ്‌ലിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം റാങ്കുകാരനായ കോഹ്‌ലിയെക്കാള്‍ 48 പോയിന്റ് പിന്നിലാണ് ജോ റൂട്ട്. അലിസ്റ്റര്‍ കൂക്ക് (13), ജോണി ബെയര്‍സ്‌റ്റോ (16), ബെന്‍ സ്‌റ്റോക്ക്‌സ് (28), മൊയിന്‍ അലി (43) എന്നിവരാണ് ആദ്യ അമ്പതിലുള്‍പ്പെടുന്ന മറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഒന്നാം സ്ഥാനത്ത്. ആദ്യ മുപ്പത് റാങ്കിലുള്‍പ്പെടുന്ന മറ്റൊരു ഇം്ഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ്. നിലവില്‍ 12-ാം സ്ഥാനത്താണ്. അതേസമയം ഇന്ത്യയുടെ ആറു ബൗളര്‍മാര്‍ ആദ്യ മുപ്പത് റാങ്കിലുള്‍പ്പെടുന്നുണ്ട്.രവീന്ദ്ര ജഡേജ ( 3), രവിചന്ദ്രന്‍ അശ്വിന്‍ (5), മുഹമ്മദ് ഷമി (17), ഭുവനേശ്വര്‍ കുമാര്‍ (25), ഇശാന്ത് ശര്‍മ (26), ഉമേഷ് യാദവ് (28).

ഇംഗ്ലണ്ട് ചരിത്രത്തിലേക്ക്

ലണ്ടന്‍ : നാളെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനിറങ്ങുന്നതോടെ ഇംഗ്ലണ്ട് ചരിത്രം കുറിക്കും. ഇംഗ്ലണ്ടിന്റെ ആയിരാമത്തെ ടെസ്റ്റാണിത്. 1877 ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇംഗ്ലണ്ട് ടെസ്റ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ച 999 ടെസ്റ്റില്‍ 357 എണ്ണത്തില്‍ ഇംഗ്ലണ്ട് വിജയം നേടി. 297 ടെസ്റ്റ് തോറ്റു. 345 മത്സരം സമനിലയായി.

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഇതുവരെ അമ്പത് ടെസ്റ്റ് കളിച്ചിട്ടുണ്ട്. 27 മത്സരങ്ങളില്‍ ജയം നേടിയപ്പോള്‍ എട്ട് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. 15 മത്സരങ്ങള്‍ സമനിലയായി. 1902 ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യമായി ഇവിടെ ഇംഗ്ലണ്ട് ടെസ്റ്റ് കളിച്ചത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. 1932 ലാണ് ഇന്ത്യയും ഇംഗ്ലണ്ട് ടെസ്റ്റില്‍ ആദ്യമായി ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഇതുവരെ 117 ടെസ്റ്റ് കളിച്ചു. 43 മത്സരങ്ങളിലും ഇംഗ്ലണ്ടാണ് വിജയിച്ചത്. 25 ടെസ്റ്റുകളില്‍ ഇന്ത്യയും വിജയം നേടി. നാട്ടില്‍ ഇന്ത്യക്കെതിരെ 30 ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് വിജയിച്ചു. ആറു ടെസ്റ്റിലെ ഇന്ത്യക്ക് വിജയിക്കാനായുള്ളൂ. 21 മത്സരങ്ങള്‍ സമനിലയായി.

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആറു ടെസ്റ്റില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ചിലും ഇംഗ്ലണ്ടാണ് വിജയക്കൊടി പാറിച്ചത്. ആയിരാമത്തെ ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.