ബാരാപ്പോളില്‍ വൈദ്യുതി ഉല്‍പാദനം രണ്ട് ദിവസത്തിനകം പുനരാരംഭിക്കും

Monday 30 July 2018 10:29 pm IST

 

ഇരിട്ടി: കാലവര്‍ഷാരംഭത്തോടെ ബ്രഹ്മഗിരി മലനിരകളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ പ്രശ്‌നങ്ങളാല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ച ബാരാപ്പോളില്‍ രണ്ടു ദിവസത്തിനകം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാന്‍ തീരുമാനം. കനാലില്‍ ചെളിനിറഞ്ഞുണ്ടായ പ്രശ്‌നങ്ങള്‍ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞു. എന്നാല്‍ മൂന്ന് ജനറേറ്ററുകളില്‍ ഒന്നിന്റെ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് മൂലം രണ്ടെണ്ണത്തില്‍ നിന്നുമുള്ള വൈദ്യുതി ഉല്‍പാദനം മാത്രമേ തല്‍ക്കാലം നടക്കുകയുള്ളൂ. അതേസമയം മഴക്കാലത്ത് സുലഭമായി വെള്ളം ലഭിക്കുന്ന സമയത്ത് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടായിട്ടുള്ളത്. 

ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ കേരളത്തില്‍ പണിത ആദ്യത്തെ ജലവൈദ്യുതി നിലയമാണ് ബാരാപ്പോള്‍. പുഴയുടെ ഉയരം കൂടിയ ഭാഗത്തുനിന്നും മൂന്ന് കിലോമീറ്ററിലേറെ ദൂരം കനാല്‍ നിര്‍മ്മിച്ച് ഇതിലൂടെ എത്തിക്കുന്ന ജലം ടാങ്കില്‍ സംഭരിച്ച് അവിടെനിന്നും പെന്‍സ്റ്റോക്ക് പൈപ്പ് വഴി പവര്‍ ഹൗസില്‍ എത്തിച്ച് ജനറേറ്റര്‍ കറക്കിയാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉരുള്‍പൊട്ടല്‍മൂലം പുഴയില്‍ നിന്നും കനാല്‍ വഴി ഒഴുകിവന്ന ചെളിയും മണ്ണും മരങ്ങളും മറ്റും കനാലില്‍ അടിയുകയും ഇതുമൂലം ജനറേറ്ററിന്റെ പ്രവര്‍ത്തനം നിലക്കുകയുമായിരുന്നു. ഏകദേശം അമ്പതു ലോഡോളം മണ്ണും ചെളിയുമാണ് ഈ കനാലില്‍ നിന്നും ഇതുവരെ നീക്കം ചെയ്തതായി അറിയുന്നത്. 

പുഴയില്‍ നീരൊഴുക്ക് കുറയുന്ന വേനല്‍ക്കാലങ്ങളില്‍ നാലുമാസം നിയന്ത്രിതമായി മാത്രമാണ് ഇവിടെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അഞ്ച് മെഗാവാട്ട് ഉദ്പാദനശേഷിയുള്ള മൂന്നു ജനറേറ്ററുകള്‍ ആണ് ഇവിടെയുള്ളത്. മഴക്കാലത്ത് സുലഭമായി ജലം ലഭിക്കുന്ന സമയത്തുണ്ടായ തകരാറും തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചതും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ബാരാപ്പോളില്‍ ഉണ്ടായിരിക്കുന്നത്. ഒരു ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും രണ്ടെണ്ണത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയുമെന്നത് തന്നെ വൈദ്യുതി വകുപ്പിന് ആശ്വാസം നല്‍കുന്നുണ്ട്. 

അതേസമയം പദ്ധതി പ്രദേശത്ത് കനാലിനോട് ചേര്‍ന്ന്‌നില്‍ക്കുന്ന സ്വകാര്യവ്യക്തികളുടെ വീടിനു സമീപം കനാലിന് വന്‍ ചോര്‍ച്ചയുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന കനാലിന് താഴെ താമസിക്കുന്നവരുടെ വീടുകളാണ് ഇതുമൂലം അപകടഭീഷണിയില്‍ ആയിരിക്കുന്നത്. കനാലിന് അടി വശത്തുകൂടെ ഒഴുക്കുന്ന വെള്ളമാണ് വീട്ടുപറമ്പിലൂടെയും മറ്റും ഒഴുകുന്നത്. ഓരോ ദിവസവും വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്നതാണ് വീട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. വേനല്‍ക്കാലത്തും ഇത്തരത്തില്‍ വെള്ളം ഒഴുകി എത്താറുണ്ടെന്നും താമസക്കാര്‍ പറയുന്നു. എന്നാല്‍ ഇത് കനാലിലുണ്ടായ ചോര്‍ച്ചയല്ലെന്നും മഴമൂലമുണ്ടായ ഉറവ ശക്തമായ നീരൊഴുക്കായി രൂപപ്പെട്ടതാണെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം ബന്ധപ്പെട്ടവര്‍ ഇടപെട്ട് കനാലിലെ ചോര്‍ച്ച പരിഹരിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി താമസക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ബാരാപോള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.