കിണറ്റിലും കുടിവെള്ള ടാങ്കിലും അജ്ഞാതന്‍ വിഷം കലര്‍ത്തി: മൂന്ന് പേര്‍ അവശനിലയില്‍

Monday 30 July 2018 10:30 pm IST

 

ആലക്കോട്: വീട്ടുകിണറ്റിലും കുടിവെള്ള ടാങ്കിലും അജ്ഞാതര്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അവശനിലയില്‍ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവുംചാലിലെ പുത്തന്‍പുരയ്ക്കല്‍ ബിജുവിന്റെ വീട്ടു കിണറ്റിലും ടാങ്കിലുമാണ് കീടനാശിനി ഉള്‍പ്പെടെയുള്ള വിഷം കലര്‍ത്തിയത്. ബിജുവിന്റെ ഭാര്യ ബിജി(38), മക്കളായ അലന്‍(14), ആന്‍മേരി(13) എന്നവരാണ് അവശനിലയിലായത്. ഇവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ പല്ല് തേച്ചശേഷം മുഖം കഴുകുന്നതിനിടെയാണ് വിഷം കലര്‍ന്ന വെള്ളം അകത്ത്‌ചെന്ന് മൂവര്‍ക്കും ഛര്‍ദ്ദി ആരംഭിച്ചത്. പിന്നീട് കിണറും ടാങ്കും പരിശോധിച്ചപ്പോള്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തുകയായിരുന്നു. വീട്ടുപറമ്പിലെ കിണറിനടുത്ത് തന്നെയായിരുന്നു വാട്ടര്‍ ടാങ്കും സ്ഥാപിച്ചിരുന്നത്.

ഒരാഴ്ച മുമ്പ് ബിജുവിന് ഒരു അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. ഇത് സംബന്ധിച്ച് കത്ത് സഹിതം ബിജു ആലക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം ജാഗ്രത പുലര്‍ത്തിവരുന്നതിനിടയിലാണ് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവം അരങ്ങേറിയത്.

മൂന്ന് മാസം മുമ്പ് ബിജുവിന്റെ പറമ്പിലെ റബ്ബര്‍ മരങ്ങളുടെ തൊല ചെത്തിനശിപ്പിച്ചിരുന്നു. ബിജുവിന്റെ കുടുംബവും പ്രദേശത്തുള്ള ചിലരുമായി കുറച്ചുകാലമായി ഒരു വഴിത്തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് കരുതുന്നു.

ആലക്കോട് എസ്‌ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുടിവെള്ളത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.