രാജവെമ്പാലയുടെ മുട്ട വിരിഞ്ഞ് പുറത്തു വന്ന 23 കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടിലേക്ക് വിട്ടു

Monday 30 July 2018 10:30 pm IST

 

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വെങ്ങലോടിയില്‍ രാജവെമ്പാലയുടെ മുട്ട വിരിഞ്ഞ് പുറത്തു വന്ന 23 കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടിലേക്ക് വിട്ടു. ആര്‍ആര്‍ടി അംഗം റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്ത് ഉള്‍ക്കാട്ടിലേക്ക് വിട്ടത്. 

വനം വകുപ്പ് സംഘം പാമ്പിന്‍ മുട്ട വിരിയാന്‍ സൂക്ഷിച്ച വെങ്ങലോടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെത്തി ഞായറാഴ്ച നടത്തിയ അന്വേഷണത്തിലാണ് മുട്ടകള്‍ വിരിഞ്ഞതായി കണ്ടെത്തിയത്. തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് മുട്ടകള്‍ വിരിയിച്ചത്. പ്രത്യേകമായി സജ്ജീകരിച്ച കൂടുതുറന്നപ്പോള്‍ അഞ്ചോളം കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്നാണ് ഓരോ മുട്ടയും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്. 26 എണ്ണത്തില്‍ 23 എണ്ണവും വിരിഞ്ഞു. ഒന്ന് കേടായി. ബാക്കി രണ്ടെണ്ണം നിരീക്ഷണത്തിലാണ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗം റിയാസ് മാങ്ങാട്, വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്കിന്റെ അംഗങ്ങളായ അനില്‍ തൃഛംബരം, ഹാര്‍വസ്റ്റ് ശ്രീജിത്ത്, എം.സി.സന്ദീപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍.ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.ജിജേഷ്, കെ.പി.നീതു, മിന്നു ടോമി തുടങ്ങിവരടങ്ങിയ സംഘമാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. തൊണ്ണൂറു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുട്ടകള്‍ വിരിഞ്ഞത്. ഓരോ കുഞ്ഞുങ്ങള്‍ക്കും 40 സെന്റീമീറ്റര്‍ മുതല്‍ 50 സെന്റീമീറ്റര്‍വരെ നീളമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.