ചാലോട് മേഖലയില്‍ ഭൂമാഫിയ പിടിമുറുക്കുന്നതായി ആരോപണം

Monday 30 July 2018 10:31 pm IST

 

ചാലോട്: കണ്ണൂര്‍ വിമാനത്താവളത്തിനായി വീട് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാന്‍ കിയാല്‍ സ്ഥലമേറ്റെടുക്കുന്നത് മുന്‍കൂട്ടി കണ്ട് ഭൂമാഫിയ ചാലോട് ടൗണിനും പരിസര പ്രദേശത്തും കോടിക്കണക്കിന് രൂപ ചെലവിട്ട് ഭൂമി വാങ്ങിക്കൂട്ടുന്നതായി ആരോപണം. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഏക്കര്‍ കണക്കിന് ഭൂമിയാണ് കിയാല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുളളത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റുവരെ വിതരണം ചെയ്യാനാണ് പരിപാടി. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവില്‍ കണക്കില്‍പ്പെടാത്ത പണം വെളുപ്പിക്കാനുളള നീക്കമാണ് ഭൂമാഫിയ ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങി കൂട്ടുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു.

വിപണി വിലയുടെ നാലും അഞ്ചും ഇരട്ടി തുകയ്ക്കാണ് ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. ഭൂവുടമ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ പോലും മാഫിയകള്‍ തയ്യാറാവുന്നതായാണ് വിവരം. ഇത്തരത്തില്‍ കൈവശപ്പെടുത്തുന്ന ഭൂമി കിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതോടെ ഉയര്‍ന്ന വില ഭൂമാഫിയകള്‍ക്ക് ലഭ്യമാകും. മാത്രമല്ല ഇപ്പോള്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ച തുക നിയമാനുസൃതമായ പണമായി മാറ്റാന്‍ സാധിക്കുമെന്നതിനാലാണ് ഭൂമാഫിയ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമാഫിയയുടെ പ്രവര്‍ത്തനമെന്നും ആരോപണമുണ്ട്. ഭൂമാഫിയ വിലയ്‌ക്കെടുത്ത ഭൂമി കിയാല്‍ ഏറ്റെടുക്കുമെന്ന ഉറപ്പും പഞ്ചായത്തിന്റെ എന്‍ഒസി ശരിയാക്കി തരുമെന്ന ഉറപ്പും ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നതായും ഇതിന്റെ പേരില്‍ മാഫിയകളില്‍ നിന്നും നല്ലൊരു തുക ചില ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കൈപ്പറ്റുന്നതായും പറയപ്പെടുന്നു. കോടിക്കണക്കിന് തുകയാണ് ഈ മേഖലയില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഭൂമാഫിയ സംഘം ചിലവഴിച്ചിരിക്കുന്നതെന്നാണ് വിവരം. വന്‍ തുകയ്ക്ക് കച്ചവടം ഉറപ്പിച്ച പല സ്ഥലങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചില സംഭവങ്ങള്‍ കോടതിയിലെത്തുകയും ചെയ്തതായും അറിയുന്നു. ഭൂമാഫിയക്ക് തടയിടാന്‍ ഭരണകൂടം തയ്യാറാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.