കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണ സംഭവം: നിര്‍മ്മാണത്തിലെ അപാകതയെന്ന് സൂചന

Monday 30 July 2018 10:31 pm IST

 

തളിപ്പറമ്പ്: കാര്യാമ്പലം ആടിക്കുംപാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയെന്ന് സൂചന. മാത്രമല്ല നിര്‍മ്മാണം നടന്ന സ്ഥലം പഴയകാലത്ത് തോടായിരുന്നുവെന്നും അവിടെ പിന്നീട് മണ്ണിട്ട് നികത്തി വീട് നിര്‍മ്മിക്കുകയായിരുന്നുവെന്നും മഴ ശക്തമായി പെയ്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഒഴുകിപ്പോയതാകാം എന്നും പറയപ്പെടുന്നു.

തമിഴ്‌നാട് കിള്ളികുറിച്ചി സ്വദേശി മുരുകന്റെ വീടാണ് ഇത്. ഇന്നലെ ആറരയോടെയാണ് രണ്ടുനില വീട് തകര്‍ന്ന് തുടങ്ങിയത്. അല്‍പ സമയത്തിനുള്ളില്‍ വീട് നിലംപൊത്തുകയായിരുന്നു. കോണ്‍ക്രീറ്റ് ബീമുകളും മറ്റും ഇളകി വീഴുന്ന ശബ്ദം കേട്ട് ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മുരുകന്റെ വീടിന്റെ സമീപമുള്ള സഹോദരന്‍ ശ്രീനിവാസന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

ഒരേ മാതൃകയിലാണ് രണ്ട് വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ രണ്ട് നില പൂര്‍ണമായും തകര്‍ന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നനിലയിലാണ്. ഭൂമിക്കടിയിലും ഇതിന് മുറികള്‍ നിര്‍മിച്ചിരുന്നു. ഒരു കോടിയോളം രൂപ ഇതിനായി ഇതുവരെ ചെലവഴിച്ചതായി മുരുകന്‍ പറഞ്ഞു. ചിറവക്ക് കപ്പാലത്ത് മുരുകന്‍ സ്റ്റീല്‍സ് എന്ന പേരില്‍ ആക്രിക്കച്ചവടം നടത്തുന്ന മുരുകനും സഹോദരനും ഒരുവര്‍ഷം മുന്‍പാണ് ഇവിടെ വീട് നിര്‍മാണം ആരംഭിച്ചത്. അഗ്‌നിശമന സേനയെത്തി സമീപത്തുള്ള മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച ആയിരുന്നതിനാല്‍ വീട് നിര്‍മാണ ജോലിക്കാര്‍ ഇല്ലാത്തതു കൊണ്ട് വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.