വിലക്കുകള്‍ക്ക് പുല്ല് വില: പൊതുവഴികളില്‍ രാപകല്‍ മാലിന്യം കത്തുന്നു

Monday 30 July 2018 10:32 pm IST

 

തലശ്ശേരി: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണത്തിനും വഴിവെക്കുന്ന പ്ലാസ്റ്റിക് കത്തിക്കലിനെതിരെ പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും നഗരത്തിലെയും നാട്ടിന്‍ പുറങ്ങളിലെയും പൊതുവഴികളില്‍ രാപകല്‍ ഭേദമില്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കപ്പെടുന്നു. ഉത്തരവാദപ്പെട്ടവര്‍ തന്നെ വിലക്കുകള്‍ ലംഘിക്കുന്ന കാഴ്ചയും പലപ്പോഴും ദൃശ്യമാകാറുണ്ട്. പലയിടത്തും പഞ്ചായത്തുകളിലെയും നഗരസഭകളിലേയും ശുചീകരണ തൊഴിലാളികള്‍ തന്നെയാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. 

വേലി തന്നെ വിളവ് തിന്നുമ്പോള്‍ മിക്ക കച്ചവടക്കാരും ഇതേ പാത തന്നെയാണ് സ്വീകരിച്ചു വരുന്നത്. ഇവരില്‍ ചിലര്‍ കടക്ക് മുന്നിലുള്ള ഓവുചാലുകളില്‍ മാലിന്യം കൂട്ടിയിട്ടാണ് തീ കൊളുത്തുക. പ്ലാസ്റ്റിക് കുപ്പികള്‍, സഞ്ചികള്‍, ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് തീപിടിച്ചാല്‍ അവ എരിഞ്ഞു തീരാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഈ സമയമത്രയും വിഷപ്പുക സമീപങ്ങളില്‍ വ്യാപിക്കും. ഇത് ശ്വസിക്കുന്നവര്‍ക്ക് ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി, ആസ്തമ എന്നിവ മൂര്‍ഛിക്കും. പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളിയാല്‍ 25000 രൂപ വരെ പിഴ ഈടാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. 

പ്ലാസ്റ്റിക് കത്തിക്കുന്ന കേസുകളിലും ഇതേ തുക ഈടാക്കാമെന്ന് വ്യവസ്ഥയുണ്ട്. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് തള്ളുന്നതിനും കത്തിക്കുന്നതിനുമെതിരെ പോലിസ് പ്രത്യേക പരിശോധന നടത്തുമെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ല പോലിസ് മേധാവി ജി.ശിവവിക്രമും നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് പുല്ല് വിലയാണ് ഇത്തരക്കാര്‍ കല്‍പിച്ചിരിക്കുന്നതെന്നാണ് പ്രകൃതി സ്‌നേഹികള്‍ പ്രതികരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.