കുട്ടനാടിന്റെ കണ്ണീരൊപ്പാന്‍ സേവാഭാരതി

Tuesday 31 July 2018 3:10 am IST

ആലപ്പുഴ: അവകാശവാദങ്ങളും കൊട്ടിഘോഷങ്ങളുമില്ലാതെ, പ്രളയക്കെടുതിയിലായ കുട്ടനാടന്‍ ജനതയുടെ കണ്ണീരൊപ്പുകയാണ്  സേവാഭാരതി പ്രവര്‍ത്തകര്‍. പത്രമാദ്ധ്യമങ്ങളെ അറിയിച്ച്, ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കുമൊപ്പം ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പൊങ്ങച്ചങ്ങള്‍ക്കിടയില്‍ വേറിട്ട സേവനപ്രവര്‍ത്തനത്തിന്റെ മുഖമുദ്രയായി മാറി സേവാഭാരതി.

 കൂട്ടനാട് കേന്ദ്രീകരിച്ച് ആയിരത്തോളം പ്രവര്‍ത്തകരാണ് രാപകല്‍  സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നത്. വാഹന, ബോട്ട് സൗകര്യങ്ങളുള്ള  പ്രദേശങ്ങളില്‍  മാത്രമാണ് സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായങ്ങള്‍ പലപ്പോഴും എത്തുന്നത്. കൈനകരി, പുളിങ്കുന്ന്, മുട്ടാര്‍, കാവാലം, നീലംപേരുര്‍, തലവടി, എടത്വ തുടങ്ങിയ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ ആരും തിരിഞ്ഞു നോക്കാത്തവര്‍ക്ക് ഭക്ഷണസാമഗ്രികളും, വിറകും, അത്യാവശ്യം വസ്ത്രങ്ങളുമായെത്തിയത് സേവാഭാരതി പ്രവര്‍ത്തകാണ്. 

 ഉള്‍പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളിലും വെള്ളപ്പൊക്കത്തെയും കനത്ത മഴയെയും  അവഗണിച്ച് പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നത് ജനങ്ങള്‍ക്ക്  ആശ്വാസമായി. കുടിവെള്ളക്ഷാമമാണ് ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രതിസന്ധി. വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് സേവാഭാരതി വിതരണം ചെയ്തത്. വെള്ളത്തില്‍ മുങ്ങിയ ആശുപത്രികളും സ്‌കൂളുകളും വൃത്തിയാക്കാനും കുമ്മായം വിതറി പകര്‍ച്ചവ്യാധി ഭീഷണി ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നു.

പുളിങ്കുന്നിലെ കുട്ടനാട് താലൂക്ക് ആശുപത്രി ശുചീകരിച്ചാണ്  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വിവിധ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നുണ്ട്.   ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എ. വിനോദ് കുട്ടനാട്ടിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ. വി. ഷിജു, ജില്ലാ സേവാപ്രമുഖ് കെ. പി. ഗിരീഷ്, കുട്ടനാട് താലൂക്ക് കാര്യവാഹ് ആര്‍. ശിവദാസ്. എടത്വ താലൂക്ക് കാര്യവാഹ് രഘു മുട്ടാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.