ഓറഞ്ച് അലർട്ട്; തുറക്കൽ ജലനിരപ്പ് വിലയിരുത്തിയ ശേഷം

Tuesday 31 July 2018 3:11 am IST

ഇടുക്കി: ജലനിരപ്പ് 2395 അടിയെത്തിയതോടെ ഇടുക്കിയില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 9.20 ന് ഡാം സേഫ്റ്റി വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പരമാവധി സംഭരണ ശേഷിയായ 2403 അടി വരെ എത്തുന്നത് വരെ കാത്തിരിക്കില്ലെങ്കിലും ഷട്ടര്‍ എപ്പോള്‍ ഉയര്‍ത്തുമെന്നത് തീരുമാനമായിട്ടില്ല. 

ഇടുക്കി സംഭരണി ഉടന്‍ തുറക്കാനുള്ള സാധ്യത നിലവില്‍ ഇല്ലെന്നും ഇക്കാര്യങ്ങള്‍ ഓരോ മണിക്കൂറിലും നിരീക്ഷിച്ച് വരികയാണെന്നും ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ. പറഞ്ഞു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെയും മഴയുടെയും കണക്ക് നോക്കി ഉത്പാദനവും വിലയിരുത്തിയാകും ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുക. ഷട്ടറുകളുടെ പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. മുന്നറിയിപ്പ് നല്‍കിയ ശേഷം ഏത് നിമിഷവും ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് എല്ലാ ഒരുക്കങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഷട്ടര്‍ ഉയര്‍ത്തിയാല്‍ ആദ്യം വെള്ളം എത്തുക ചെറുതോണി ടൗണിലാണ്. ഇവിടുത്തെ അനധികൃത കൈയേറ്റങ്ങളും നിര്‍മ്മാണങ്ങളും ചെറുതോണി പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കും. പെരിയാറിന്റെ തീരങ്ങളില്‍ 350 കുടുംബങ്ങള്‍ ഉള്ളതായാണ് കണക്ക്. ഷട്ടര്‍ തുറക്കുന്നതോടെ ഇവരെ മാറ്റി പാര്‍പ്പിക്കും. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നു. വെള്ളം ഒഴുകിയെത്തുന്ന തടിയമ്പാട്, കരിമ്പന്‍, കീരിത്തോട് മേഖലകളും അതീവ ജാഗ്രതയിലാണ്. ഇവിടങ്ങളില്‍ പുഴയുടെ ഗതി വരെ മാറ്റിയ സംഭവങ്ങള്‍ നിലനില്‍ക്കുന്നത് ഭീഷണിയാകുകയാണ്. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളമെത്തുമ്പോള്‍ തടസമായി നില്‍ക്കുന്ന മരങ്ങളും മുറിച്ച് നീക്കി വരികയാണ്.

എല്ലാ സഹായങ്ങളുമായി ജനപ്രതിനിധികളും രംഗത്തുണ്ട്. വെള്ളം കാണാനെത്തുന്ന സഞ്ചാരികളെയും നിയന്ത്രിക്കും. ഡാം തുറക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടായി അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും വെള്ളത്തിന്റെ കൂടെ വന്‍തോതില്‍ ഒഴുകിയെത്തും. ഇത് ചെറിയ അണക്കെട്ടുകള്‍ക്ക് ഭീഷണിയാകുമെന്നും വിലയിരുത്തലുണ്ട്. 2400 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് സാധാരണ പ്രഖ്യാപിക്കുകയെങ്കിലും ഇതിന് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കി ഷട്ടര്‍ തുറക്കുമെന്നാണ് വിവരം.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.