സൈബർ ലോകത്ത് സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ കേരളാ പോലീസിൻ്റെ പ്രത്യേക സെല്‍

Tuesday 31 July 2018 8:08 am IST

തിരുവനന്തപുരം; സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ പ്രത്യേക സെല്ലുമായി കേരള പോലീസ്. സൈബര്‍ ലോകത്തു നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച്‌ പരാതി സ്വീകരിക്കാന്‍ മാത്രമായി നോഡല്‍ സൈബര്‍ സെല്‍ രൂപവല്‍ക്കരിക്കാനാണ് തീരുമാനം. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല.

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നോഡല്‍ സൈബര്‍ സെല്ലുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. 

എന്നാല്‍ ഹനാന്‍ സംഭവമാണ് പെട്ടെന്നുള്ള നടപടിയിലേക്ക് നയിച്ചതെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനല്‍കിയിട്ടുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും നോഡല്‍ സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.