ബോഫോഴ്‌സ് അഴിമതിയായിരുന്നല്ലേ? കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു

Tuesday 31 July 2018 1:12 pm IST
പത്രം മോദി സര്‍ക്കാരിനെ അനുകൂലിക്കുകയായിരുന്നോ രാജീവിന്റെ ബോഫോഴ്‌സ് ഇടപാട് അഴിമതിയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ചോദിക്കുന്നു.

ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിന്റെ റഫാല്‍ ഇടപാട് അഴിമതിയാണെന്നു വരുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന പരിശ്രമങ്ങള്‍ തിരിച്ചടിയായി. അപ്പോള്‍ ബോഫോഴ്‌സ് തോക്കിടപാട് രാജീവ് ഗാന്ധിയുടെ പ്രതിരോധ അഴിമതിയായിരുന്നുവെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സമ്മതിച്ചല്ലോ എന്ന് രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ചോദിക്കുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക ഇംഗ്ലീഷ് പത്രമായ നാഷണല്‍ ഹെറാള്‍ഡ് ഞായറാഴ്ച ഇറങ്ങിയത് ഈ തലക്കെട്ടുമായാണ്: റഫാല്‍: മോദിയുടെ ബോഫോഴ്‌സ്.

മോദി സര്‍ക്കാര്‍ റഫാല്‍ കമ്പനിയുമായി നടത്തിയ യുദ്ധ വിമാനക്കരാര്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് തുടങ്ങിവെച്ച ചര്‍ച്ചകളിലെ അപാകങ്ങള്‍ പരിഹരിച്ചായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ ഇടപാടുകള്‍ തടസപ്പെട്ടതോടെ മോദി സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന ആക്ഷേപം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന വണ്ണമാണ് പാര്‍ട്ടി പത്രം 2018 ജൂലൈ 28, ഞായറാഴ്ച പ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതിലാണ് റഫാല്‍ ഇടപാടിനെ ബോഫോഴ്‌സിനോട് ഉപമിച്ചത്. 

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സ്വീഡനിലെ ബോഫോഴ്‌സ് കമ്പനിയില്‍നിന്ന് 155 എംഎം ഫീല്‍ഡ് ഹോവിറ്റ്‌സര്‍ യുദ്ധ പീരങ്കികള്‍ വാങ്ങിയതിന് കമ്മീഷന്‍ പറ്റിയെന്നതായിരുന്നു ആരോപണം. ഈ വിഷയത്തില്‍ രാജീവ് ഗാന്ധിക്ക് അധികാരനഷ്ടംവരെയുമുണ്ടായി. കോണ്‍ഗ്രസ് ഭരണത്തിലെ നീണ്ട അഴിമതി ഇടപാടുകളില്‍ നിര്‍ണായകമായിരുന്നു ബോഫോഴ്‌സ്. ഇന്നും കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തേയും വേട്ടയാടുന്ന ആ അഴിമതിക്കേസിനോട് ഉപമിച്ചാണ് നാഷണല്‍ ഹെറാള്‍ഡ്, റഫാല്‍ ഇടപാടിനെതിരേ വാര്‍ത്തയെഴുതിയത്. റഫാല്‍ ഇടപാടില്‍ അഴിമതിയോ കാപട്യമോ ഇല്ലെന്ന് ആധികാരികമായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ കോണ്‍ഗ്രസ് പത്രം രാഹുലിന്റെയും സോണിയയുടെയും ആരോപണങ്ങള്‍ക്കു വിരുദ്ധമായി മോദി സര്‍ക്കാരിനെ അനുകൂലിക്കുകയായിരുന്നോ രാജീവിന്റെ ബോഫോഴ്‌സ് ഇടപാട് അഴിമതിയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ചോദിക്കുന്നത്. 

ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡിന്റെ ഇപ്പോഴത്തെ പ്രസാധകന്‍ കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ ഉപദേശകനുമായ മോത്തിലാല്‍ വോറയാണ്. സഫര്‍ ആഖായാണ് എഡിറ്റര്‍. ഉത്തം സെന്‍ ഗുപ്ത കണ്‍സള്‍ട്ടിങ് എഡിറ്റര്‍. തഥാഗത ഭട്ടാചാര്യയാണ് മാനേജിങ് എഡിറ്റര്‍.

ഈ നാഷണല്‍ ഹെറാള്‍ഡ് കമ്പനിയുടെ സ്വത്ത് അനധികൃതമായി കൈക്കലാക്കിയ കേസിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയത്. ഇരുവരും ജാമ്യത്തിലാണ്, കേസില്‍ വിചാരണ നേരിടുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.