അഞ്ചുദിവസംകൂടി മഴ! കടല്‍ക്ഷോഭം, കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Tuesday 31 July 2018 2:59 pm IST

കൊച്ചി: സംസ്ഥാനത്ത് അഞ്ചു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, ചാവക്കാട്, അമ്പലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980 മീറ്റര്‍ കടന്നതിനെതുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ടി പ്രഖ്യാപിച്ചത്. 

ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിന് ശേഷം ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കിവിടും. കക്കി ഡാമിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരത്തെ മൂന്നു ഡാമുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. 

സംസ്ഥാനത്ത് അഞ്ചു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് കോഴിക്കോട്, ചാവക്കാട്, അമ്പലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം. തിരുവനന്തപുരത്ത് ചില ഡാമുകള്‍ തുറന്നു. ട്രെയിനുകള്‍ വൈകിയോടുന്നു. റോഡുയാത്രയും തടസപ്പെട്ടു.

ആലപ്പുഴ:

കുട്ടനാട്ടില്‍ വീണ്ടും വെള്ളം പൊങ്ങുകയാണ്. രണ്ടു ദിവസംകൊണ്ട് ഇറങ്ങിയ വെള്ളം വീണ്ടും ഒഴുകിയെത്തി. കിഴക്കന്‍ ജില്ലകളിലെ മഴപ്പെയ്ത്തും കടലിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതുമാണ് കാരണം. അമ്പലപ്പുഴ, പുറക്കാട് കടപ്പുറത്ത് വന്‍ കടല്‍ക്ഷോഭമാണ്.

കോഴിക്കോട്: 

തീര മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കക്കയം-  തലയാട് റോഡില്‍ 26ാം മൈല്‍ ഭാഗത്തു മലയിടിഞ്ഞു. ഗതാഗതം തടസപ്പെട്ടു. പന്തീരാങ്കാവില്‍ ഒളവണ്ണ റോഡില്‍ തണല്‍മരം വീണ് വീടു തകര്‍ന്നു.

കടലുണ്ടിപ്പാലത്തില്‍നിന്ന് കാര്‍ പുഴയില്‍ വീണു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. 

കണ്ണൂര്‍:

കണ്ണൂര്‍ ആറളത്ത് രണ്ട് തൂക്കുപാലങ്ങള്‍ ഒഴുകിപ്പോയി. വളയംചലിലേയും രാമച്ചിയിലേയും തൂക്കുപാലമാണ് തകര്‍ന്നത്. ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. പാലപ്പുഴ പാലം കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. 

തൃശൂര്‍: 

തൃശൂര്‍ പീച്ചി ഡാമിലെ ഷട്ടറുകള്‍ 20 ഇഞ്ച് വീതം ഉയര്‍ത്തി. അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തില്‍ മുമ്പില്ലാത്ത വിധമാണ് നീരൊഴുക്ക്. കിലോമീറ്ററുകള്‍ക്കിപ്പുറം ജലപാതത്തിന്റെ ശബ്ദം കേള്‍ക്കാം. 

പാലക്കാട്: 

പാലക്കാട് പോത്തുണ്ടി അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നു. അയിലൂര്‍, മംഗലം, ഗായത്രി പുഴകള്‍ക്ക് തീരത്തുള്ളവര്‍ കരുതിയിരിക്കാന്‍ അറിയിപ്പുണ്ട്. 

മുന്നറിയിപ്പ്:

കേരളത്തില്‍ ചില ഇടങ്ങളില്‍ ഇന്ന് ശക്തമായതോ (24 മണിക്കൂറില്‍ ഏഴുമുതല്‍ സെന്റീമീറ്റര്‍ ) അതിശക്തമായതോ (12 മുതല്‍ 20 വരെ സെന്റീമീറ്റര്‍) മഴയ്ക്കും നാളെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും ആഗസ്റ്റ് രണ്ടിന് ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കാറ്റടിക്കും:

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കി.മീ വേഗത്തിലും കാറ്റടിക്കാനിടയുണ്‌ടെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പറയുന്നു.

കേരള-ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാം.

മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ മത്സ്യബന്ധത്തിന് പോകരുത്. ഇന്ന് ഉച്ചക്ക് മുതല്‍ 24 മണിക്കൂറിലേക്ക് മുന്നറിയിപ്പ് ബാധകമായിരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.