കുട്ടനാട് പ്രളയക്കെടുതിയില്‍; വള്ളംകളി ആഘോഷമാക്കാന്‍ സര്‍ക്കാര്‍

Wednesday 1 August 2018 1:12 am IST

ആലപ്പുഴ: കുട്ടനാടന്‍ ജനത പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ കോടികള്‍ ചെലവിട്ട് നെഹ്‌റുട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത് വിവാദത്തില്‍. കുട്ടനാടന്‍ ജനതയുടെ ഹൃദയത്തുടിപ്പായ  ജലോത്സവം ഏതാനും മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. മുമ്പ് പകര്‍ച്ചവ്യാധി പടര്‍ന്നപ്പോള്‍ നെഹ്‌റുട്രോഫി ജലോത്സവം മാറ്റിവച്ചിരുന്നു.  

 കുട്ടനാട്ടുകാര്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ പേരില്‍ ആഘോഷം വേണമോയെന്ന ചോദ്യമാണ് ഉയരുന്നത്.  കഴുത്തറ്റം മുങ്ങിയ കുട്ടനാടിന്റെ ദുരിതങ്ങളെ അവഗണിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കൊണ്ടുവന്ന് അത്യാഘോഷപൂര്‍വം നെഹ്റുട്രോഫി വള്ളംകളി നടത്താന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മഴ ശക്തമായി തുടരുകയാണ്. മാത്രമല്ല പകര്‍ച്ചവ്യാധികളും ഭീഷണി ഉയര്‍ത്തുന്നു. 

  മന്ത്രിയുടെ  മണ്ഡലത്തിലാണ് നെഹ്റുട്രോഫി വള്ളംകളി. ഐപിഎല്‍ ക്രിക്കറ്റ് ലീഗ് മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് നെഹ്‌റുട്രോഫി വള്ളംകളിയോടെ തുടക്കമാകുകയാണ്. വള്ളംകളിക്കും, തുഴച്ചിലുകാര്‍ക്കും മുകളില്‍ സ്പോണ്‍സേഴ്സിനും ഇടനിലക്കാര്‍ക്കുമാകും ഇനി ജലോത്സവങ്ങളില്‍ ആധിപത്യം. 

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കപ്പെടേണ്ട ഘട്ടമാണിത്. മഴ ശമിച്ചാലും വെള്ളക്കെട്ടുകള്‍ ഗുരുതരമായ പകര്‍ച്ചവ്യാധിയിലേയ്ക്കാകും നയിക്കുക. ജപ്പാന്‍ജ്വരം, ഡങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി മഴക്കാലത്തിനുശേഷം മരണം വിതച്ച അനേകം ജലജന്യ ജ്വരങ്ങള്‍ക്ക് ഇരയായ ജില്ലയാണ് ആലപ്പുഴ.

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ഭരണകൂടമാണ് വള്ളംകളിക്കും നേതൃത്വം നല്‍കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിപ്പിച്ചാണ് നെഹ്റുട്രോഫി വള്ളംകളിയും നടത്തേണ്ടത്. ആഗസ്റ്റ് 11ന് നടക്കേണ്ട വള്ളംകളിക്കാണോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണോ ജില്ലാ ഭരണകൂടവും, സര്‍ക്കാരും പ്രാധാന്യം നല്‍കുക എന്ന ചോദ്യമാണ് ഉയരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.