ലളിതകലാ അക്കാദമി ക്യാമ്പിന്റെ മറവില്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികാഘോഷം

Wednesday 1 August 2018 1:14 am IST
മഴക്കെടുതിയും മറ്റും കൊണ്ട് സംസ്ഥാനം ദുരിതത്തിലായിരിക്കെ ലക്ഷങ്ങള്‍ ചിലവഴിച്ച് പുകാസയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തന്നെ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും മറ്റുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങള്‍ നിലവില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുണ്ട്.

കാസര്‍കോട്: പൊതുഖജനാവിലെ പണമുപയോഗിച്ച് സിപിഎമ്മിന്റെ പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികമാഘോഷിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലാ ക്യാമ്പിനെ മറയാക്കിയാണ് സംസ്ഥാന സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ മാര്‍ക്‌സിന്റെ പേരില്‍ ലക്ഷങ്ങള്‍ ധുര്‍ത്തടിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളെല്ലാം ദുരുപയോഗപ്പെടുത്തുന്നതായി ആരോപണമുണ്ട്. കാസര്‍കോട് ജില്ലയിലെ സിപിഎം ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന കാലിക്കടവിലാണ് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചിത്രകലാ ക്യാമ്പും സുനില്‍ പി. ഇളയിടം പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മഴക്കെടുതിയും മറ്റും കൊണ്ട് സംസ്ഥാനം ദുരിതത്തിലായിരിക്കെ ലക്ഷങ്ങള്‍ ചിലവഴിച്ച് പുകാസയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തന്നെ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും മറ്റുമായി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങള്‍ നിലവില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുണ്ട്. അതാവശ്യപ്പെടുന്നവരോടാകട്ടെ ഖജനാവില്‍ ഫണ്ടില്ലെന്നാണ് സര്‍ക്കാറിന്റെ മറുപടി. 

ആഗസ്റ്റ് നാലുവരെയാണ് ക്യാമ്പ്. ലളിതകലാ അക്കാദമിയുടെ നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് ചിത്രകലാ ക്യാമ്പിന്റെ മറവില്‍ മാര്‍ക്‌സിന്റെ പേരില്‍ പ്രഭാഷണ പരമ്പരയെന്നും വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കിടയില്‍ സിപിഎം ആശയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. പരിപാടിക്കായി രണ്ട് തരത്തിലുള്ള പത്രക്കുറിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ലളിതകലാ അക്കാദമി പൊന്ന്യം ചന്ദ്രന്റെ പേരില്‍ പുറത്ത് വന്ന പത്രക്കുറിപ്പില്‍ മാര്‍ക്‌സിസം-കല-സമൂഹത്തില്‍ എന്ന വിഷയത്തില്‍ മൂന്നാം തീയതിവരെ പ്രഭാഷണ പരമ്പര നടക്കുമെന്നാണ് പറയുന്നത്. പക്ഷെ സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനമായ പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലാകട്ടെ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.