പെന്‍ഷനുകള്‍ അനര്‍ഹര്‍ സ്വന്തമാക്കുന്നു

Wednesday 1 August 2018 1:15 am IST

ദുര്‍ബല വിഭാഗങ്ങള്‍ക്കുളള സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍ ഒട്ടനവധി അനര്‍ഹര്‍ കൈപ്പറ്റിവരുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്്. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും സാമൂഹികമായും സാമ്പത്തികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമായ നിരവധി പേരുണ്ട് പെന്‍ഷന്‍ വാങ്ങുന്നവരില്‍. സംസ്ഥാനത്ത് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പട്ടികയിലാണ് ഏറ്റവും വലിയ ക്രമക്കേട്. വരുമാനപരിധി കടന്നവരും നിശ്ചിത പ്രായപരിധി എത്തിയിട്ടില്ലാത്തവരുമായ ആയിരക്കണക്കിനാളുകള്‍ പലവിധ സ്വാധീനത്തിലൂടെ കര്‍ഷകപെന്‍ഷന്‍ വാങ്ങിക്കുന്നതായി ലോക്കല്‍ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. കാര്‍ഷികപെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വാര്‍ഷികവരുമാന പരിധിയായ ഒരുലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ കടുന്നു കൂടിയിട്ടുണ്ട്. 

60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പെന്‍ഷനുള്ള അര്‍ഹത. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് അനര്‍ഹര്‍ ഇതെല്ലാം സ്വന്തമാക്കുന്നത്. വിധവാപെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍, ഭിന്നശേഷിയുളളവര്‍ക്കുളള പെന്‍ഷന്‍, നിത്യരോഗികള്‍ക്കുളള പെന്‍ഷന്‍, കര്‍ഷികപെന്‍ഷന്‍ എന്നിവക്ക് പുറമെ കശുവണ്ടി, കയര്‍, കൈത്തൊഴില്‍, തയ്യല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമബോര്‍ഡുകള്‍ വഴിയുളള പെന്‍ഷനുകള്‍ എന്നിങ്ങനെ നിരവധി പെന്‍ഷന്‍ നിലവിലുണ്ട്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വികലാംഗര്‍, സ്വന്തം പങ്കാളിത്തത്തോടെ പെന്‍ഷന്‍ ലഭിക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ എന്നിവരൊഴികെയുളളവര്‍ക്ക് ഒരു പെന്‍ഷനേ അര്‍ഹതയുള്ളൂ. എന്നാല്‍ ഭിന്നശേഷി പെന്‍ഷനും വിധവാ പെന്‍ഷനും വാങ്ങിക്കൊണ്ടിരിക്കെ കര്‍ഷക തൊഴിലാളി പെന്‍ഷനും വാങ്ങുന്നവരാണ് പലരും. ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ തന്നെ പഞ്ചായത്തുകളില്‍ നിന്നുളള ക്ഷേമപെന്‍ഷനുകളും പഞ്ചായത്തിന്റെ ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള ക്ഷേമപെന്‍ഷനുകളും വാങ്ങിക്കുന്നു.

ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്കാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയെങ്കിലും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന പലരും രേഖകളില്‍ കൃത്രിമം കാണിച്ചു വ്യാജസര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടുന്നത്.

സൂഹൈല്‍, തൃശ്ശൂര്‍

ദേവതാ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമാണ്

ഹൈന്ദവ ദേവതാ സങ്കല്‍പ്പങ്ങള്‍ മറ്റു മതവിഭാഗങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോ ഹിന്ദു ക്ഷേത്രത്തിലേയും ദേവതകള്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങളുണ്ട് എന്നതാണ് സങ്കല്‍പ്പവും വിശ്വാസവും. ആ വിശ്വാസത്തിന്റെ സാധുത ചോദ്യം ചെയ്യുന്നത് എന്തിന്റെ പേരിലായാലും വെറും അസംബന്ധമാണ്. ഈശ്വര വിശ്വാസം തന്നെ യുക്തിചിന്തകള്‍ക്കു അതീതമാണ്. 

ശബരിമലയിലെ അയ്യപ്പസ്വാമി സങ്കല്‍പ്പം മറ്റു ശാസ്താക്ഷേത്രങ്ങളിലെ അയ്യപ്പസങ്കല്‍പ്പങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. അതുകൊണ്ടാണ് മറ്റു അയ്യപ്പ ക്ഷേത്രങ്ങളില്‍ പോകാന്‍ 41 ദിവസത്തെ വ്രതവും ഇരുമുടിക്കെട്ടുമായിട്ടേ പതിനെട്ടാം പടി കയറി ദര്‍ശനത്തിനു പോകാവൂ എന്നുമുള്ള നിബന്ധനകള്‍ ഇല്ലാത്തതും, എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പോകാന്‍ അനുവാദം ഉള്ളതും. ഭഗവാന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഭക്തരെ അറിയിക്കുന്നത് അഷ്ടമംഗല പ്രശ്‌നം നടത്തി ദൈവഹിതം ആരാഞ്ഞു ഫലം പറയുന്ന ദൈവജ്ഞന്മാരിലൂടെയും, അവിടെ തന്ത്ര മന്ത്രാദികളിലൂടെ ഭഗവാനെ വിഗ്രഹത്തില്‍ ആവാഹിച്ചുകൊണ്ടുവന്നു പ്രതിഷ്ഠ നടത്തുന്ന തന്ത്രിമാരിലൂടെയും ആണ്. ശബരിമലയിലെ ദേവതയ്ക്ക് യുവതികളില്‍ നിന്ന് അകലം പാലിക്കണം എന്നാണു ഇഷ്ടം. അവിടെ മാത്രം യുവതികള്‍ പ്രവേശിക്കുന്നതില്‍ ഉള്ള ഈ നിയന്ത്രണത്തിനുള്ള കാരണം ഭഗവാന്റെ ഇഷ്ടം മൂലം മാത്രമാണ്. ഇതെല്ലാം മനസ്സിലാകണമെങ്കില്‍ ഹൈന്ദവ ക്ഷേത്രദേവതാ സങ്കല്‍പ്പങ്ങളെക്കുറിച്ചു മിനിമം അറിവെങ്കിലും ഉണ്ടാകണം. 

ആറ്റുകാലമ്മയ്ക്ക് സ്ത്രീകള്‍ പൊങ്കാലയിടുന്നതാണ് ഇഷ്ടം. ആ ഇഷ്ടത്തിനെതിരെ ഒരു പുരുഷനും അവകാശവാദവുമായി വരുന്നില്ല. ചക്കുളത്തുകാവിലമ്മയുടെ ക്ഷേത്രത്തില്‍ നാരീപൂജ നടത്തുന്നുണ്ട്, അതുകൊണ്ടു അവിടെ അല്ലെങ്കില്‍ ഏതെങ്കിലും പുരുഷദേവതാക്ഷേത്രത്തില്‍ പുരുഷഃപൂജ നടത്തണം എന്നൊന്നും അവകാശപ്പെടുന്നില്ലല്ലോ. രാജസ്ഥാനിലെ പുഷ്‌കറില്‍ ഉള്ള ബ്രഹ്മാ ക്ഷേത്രത്തില്‍ വിവാഹിതരായ പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ല. അവിടത്തെ ദേവതാ സങ്കല്‍പ്പത്തിന്റെ പ്രത്യേകതയാണ് അത്. 

 ക്ഷേത്രങ്ങള്‍ അവകാശങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥാപനങ്ങള്‍ അല്ല. യഥാര്‍ത്ഥ ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സമയത്തെങ്കിലും 'ഞാന്‍', 'എന്റെ അവകാശം' എന്നീ ചിന്തകള്‍ ഒഴിവാക്കി സര്‍വ്വം ഭഗവന്മയം എന്ന് ചിന്തിച്ചുകൊണ്ടായിരിക്കണം ദര്‍ശനം നടത്തുന്നത്. ആ മനസ്സോടെ ദര്‍ശനം നടത്തുന്നതിലൂടെ മാത്രമേ ഭഗവാന്റെ അനുഗ്രഹം നേടാന്‍ കഴിയൂ. അവകാശങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നവര്‍ ഭക്തരല്ല, ഭക്തവേഷധാരികളായ വെറും അവകാശവാദികള്‍ മാത്രമാണ്. 

എന്‍. വി. ശങ്കരന്‍, എറണാകുളം

വിശ്വാസത്തെ വിശ്വാസത്തിന്റെ വഴിക്ക് വിടുക

ഈയിടെയായി ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്തും അവഹേളിച്ചും പല ഭാഗത്തുനിന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത് കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കുപരി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള തരംതാണ ഒരു അടവാണെന്നേ പറയാനാകൂ.

ശബരിമല അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന വിശ്വാസത്തിന്റെ പേരിലാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് പിണറായി സര്‍ക്കാരും കോടതിയും വിശ്വാസത്തിനെതിരെയുള്ള പ്രസ്താവനകള്‍ കൊടുക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ തന്ത്രിമാരാണ് ഉചിതമായ തീരുമാനം എടുക്കേണ്ടത്. അവര്‍ പരിധിവിടുന്നുണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് ഇടപെടാം. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരും മെനക്കെടരുത്.

ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്. നരിക്കോട്.

ന്യൂനപക്ഷത്തിന്റെ ശക്തി

ഹിന്ദു സന്യാസിമാര്‍ക്കെതിരെ ചെറിയ ആരോപണങ്ങള്‍ പോലും വരുമ്പോള്‍ അതിന്റെ സത്യാവസ്ഥ എന്താണെന്ന് പോലും അറിയാന്‍ ശ്രമിക്കാതെ അവരെ അറസ്റ്റു ചെയ്യുകയും ജാമ്യം പോലും കിട്ടാത്ത വകുപ്പുകള്‍ ചുമത്തി അകത്തിടുകയും ചെയ്യുന്ന കേരള പോലീസ് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും  ഒരു ബിഷപ്പിനെതിരെ ചെറു വിരലുപോലും അനക്കാന്‍ തയ്യാറാകാത്തത് എന്താണെന്ന് ഇവിടത്തെ ഹിന്ദുക്കള്‍ കണ്ടുപഠിക്കണം. 

അതാണ് ന്യൂനപക്ഷം എന്ന് പറയുന്നവരുടെ സംഘടിത ശക്തി. മിനിറ്റിനു മിനിറ്റിനു വിപ്ലവവും മതേതരവും പാടിക്കൊണ്ട് നടക്കുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍ പോലും അവര്‍ക്കു മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നെങ്കില്‍ അത് ആ ശക്തിയുടെ മുന്‍പില്‍ മുട്ടുമടക്കിയവരുടെ ഗതികേടാണ്..

നമുക്കര്‍ഹമായ അംഗീകാരങ്ങള്‍ക്കുവേണ്ടിയുള്ള, നമ്മുടെ പൈതൃകത്തെ സംരക്ഷിക്കാനുതകുന്ന, നീതിയും ന്യായവും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനുതകുന്ന തരത്തിലുള്ള സംഘടിത ശക്തിയാണ് ഹിന്ദുക്കള്‍ക്ക് വേണ്ടത്.. അങ്ങനെയുള്ള  ശക്തികൊണ്ടേ ഹിന്ദു സമൂഹം രക്ഷപ്പെടൂ.

കൃഷ്ണ, കോട്ടയം

മരുന്നുകള്‍ ലഭ്യമാക്കണം

സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നാടുനീളെ ജന്‍ ഔഷധി തുടങ്ങിയത്. ഇവിടെ മരുന്നിന് 50% മുതല്‍ 80% വരെ വിലക്കുറവുമുണ്ട്. എന്നാല്‍ മിക്ക ജന്‍ ഔഷധികളിലും, പ്രത്യേകിച്ച് മറ്റ് ഇംഗ്ലീഷ്മരുന്ന് ഷാപ്പ് നടത്തുന്നവരുടെ ഉടമസ്ഥതയിലുള്ള ജന്‍ ഔഷധിയില്‍ സാധാരണക്കാരന് ആവശ്യമുള്ള പല മരുന്നുകളും കിട്ടാനില്ല. ഉദാഹരണത്തിന് തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധിയില്‍ ഷുഗര്‍, പ്രഷര്‍ എന്നിവക്കുള്ള മരുന്നുകള്‍ മാസങ്ങളായി കിട്ടാനില്ല. ഏറെ ആവശ്യക്കാരുള്ളതും ഇതിനുതന്നെ.  ഇങ്ങനെ അവശ്യ മരുന്നുകളില്ലാതെ തുറന്നിരിക്കുന്ന ജന്‍ ഔഷ ധിയെക്കൊണ്ട് സാധാരണക്കാരനെന്ത് പ്രയോജനം?  ഇതിന്റെ കാരണമെന്ത്?  ഇതിന് ഉത്തരവാദികളാര്?  ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

പി.ജനാര്‍ദ്ദനന്‍, കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.