മീശ പ്രസിദ്ധീകരിക്കാന്‍ വെല്ലുവിളിയുമായി ഡിസി ബുക്‌സ്

Tuesday 31 July 2018 9:59 pm IST

കൊച്ചി: 'മീശ' പിരിച്ച് ഇനി ഡിസി ബുക്‌സ്. വായനക്കാരുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരന്‍ പ്രസിദ്ധീകരണം പിന്‍വലിച്ച നോവല്‍ പ്രസിദ്ധീകരിച്ച് ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കാന്‍ കോട്ടയം ആസ്ഥാനമായ ഡിസി ബുക്‌സ്. ഡി.സി. കിഴക്കേമുറി എന്നറിയപ്പെട്ടിരുന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയുടെ പ്രസിദ്ധീകരണ ശാലയാണ് ഡിസി ബുക്‌സ്. ഡിസിയുടെ മരണാനന്തരം മകന്‍ രവി ഡിസിയാണ് നടത്തിപ്പുകാരന്‍.

മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് വിദേശ ക്രിസ്ത്യന്‍ വനിത  ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ ആരോപണ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചതുവഴിയാണ് ഒടുവില്‍ ഈ പ്രസിദ്ധീകരണശാല വാര്‍ത്തയില്‍ നിറഞ്ഞത്. 

അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുവാങ്ങിയിട്ട് നിര്‍ദിഷ്ട പദ്ധതിക്ക് വിനിയോഗിക്കാതിരുത്തതിനാല്‍ ഡിസി ബുക്‌സ് മാനേജ്‌മെന്റില്‍നിന്ന് തിരിച്ചു പിടിച്ചിരുന്നു.

ക്ഷേത്ര വിശ്വാസികളെ ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത 'മീശ' എന്ന നോവലില്‍ മൂന്നു ലക്കം പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ പൊതുജന എതിര്‍പ്പിനെ തുടര്‍ന്ന് 'മാതൃഭൂമി' വാരികയുടെ അഭ്യര്‍ഥന പ്രകാരം നോവലിസ്റ്റ് എസ്. ഹരീഷ് നിര്‍ത്തിവെച്ചിരുന്നു. നോവല്‍ പൂര്‍ത്തിയായി, അതിന്റെ ഉള്ളടക്കം ഉള്‍ക്കൊള്ളാന്‍ സമൂഹം പക്വമായെന്ന് ഉറപ്പായ ശേഷം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹരീഷ് പ്രസ്താവന ഇറക്കിയത്. പൊടുന്നനെയാണ് ഡിസി പുസ്തക പ്രകാശനം പ്രഖ്യാപിച്ചത്. അവരുടെ ഫേസ്ബുക് അക്കൗണ്ടുവഴിയാണ് പബ്ലിക്കേഷന്‍ ഡിവിഷന്‍ വിവരം വായനക്കാരെ അറിയിച്ചത്.

പ്രഖ്യാപനം ആരെയൊക്കെയോ വെല്ലുവിളിക്കുന്ന മട്ടിലാണ്.ബിസിനസ് തന്ത്രത്തിന്റെ ഭാഗമായിരിക്കാമിതെന്നാണ് വ്യാഖ്യാനങ്ങള്‍. '' (മീശയുടെ) പ്രസീദ്ധീകരണം ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു... മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,'' എന്നാണ് പ്രഖ്യാപനം.

പ്രഖ്യാപന പോസ്റ്റിനോട് വൈവിധ്യമുള്ള പ്രതികരണമാണ്. ചിലര്‍ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഡിസി ബുക്‌സ് ചെയ്യുന്നത് ആരെയോ വെല്ലുവിൡക്കലാണെന്ന് പറയുന്നു. ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ ഹനിച്ചുവെന്ന പേരില്‍ വിവാദമുണ്ടായിരിക്കെ ഈ തീരുമാനം സാഹിത്യത്തിനു വേണ്ടിയല്ലെന്ന ആക്ഷേപങ്ങളുമുണ്ട്. ഡിസി പ്രസിദ്ധീകരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളും ചിലര്‍ പ്രഖ്യാപിക്കുന്നു. 

അതേ സമയം വിവാദ പ്രസിദ്ധിക്കുള്ള ശ്രമമാണെന്ന് ചില പുസ്തക പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. ഈ വിവാദത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടാവാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദ പുസ്തകങ്ങള്‍ ചിലത് പ്രസിദ്ധീകരിച്ചിട്ടുള്ള ഡിസിയുടെ ഒരു പുസ്തകത്തില്‍ രാജ്യദോഹ ഉള്ളടക്കം ആരോപിച്ച് മുമ്പ് വിവാദമുയര്‍ന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.