അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍: കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Wednesday 1 August 2018 1:27 am IST
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കി നിയമവിധേയമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയും മറ്റൊരു വഴിക്ക് ചില്ലിക്കാശ് പോലും നല്‍കാതെ നിയമവിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഇത് വിവേചനപരവും ഭരണഘടനാലംഘനവുമാണ്.

കൊച്ചി: ആരും ശിക്ഷിക്കില്ലെന്നുള്ള മട്ടില്‍ പാതയോരങ്ങളിലെ കൈവരികളിലും ടെലിഫോണ്‍ - ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ച  ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് എങ്ങനെയാണ് അനുമതി ലഭിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പാതയോരത്തും നടപ്പാതയിലും കാല്‍നട യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ അപകടകരമാം വണ്ണം അനധികൃത പരസ്യ-ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ  നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടിയെടുക്കുന്നതിന് ബോര്‍ഡും ഫ്‌ളക്‌സും സ്ഥാപിക്കുന്നവരുടെ  സ്വാധീനവും ശക്തിയും തടസ്സമാകരുതെന്നും ഹൈക്കോടതി പറഞ്ഞു.  

 കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്ക് മുന്നിലെ അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ പള്ളിയധികൃതര്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ജി ഓഗസ്റ്റ് 17 ന് വീണ്ടും പരിഗണിക്കും.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കി നിയമവിധേയമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയും മറ്റൊരു വഴിക്ക് ചില്ലിക്കാശ് പോലും നല്‍കാതെ  നിയമവിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഇത് വിവേചനപരവും ഭരണഘടനാലംഘനവുമാണ്.  നിയമ വിരുദ്ധമായി വച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ നിയമപരമായി സ്ഥാപിക്കുന്നവയ്ക്ക് ചാര്‍ജ് ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. ഹരിത പ്രോട്ടോക്കോള്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ഡിസ്പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ടെന്നതും പരിഗണിക്കണം. ഉപയോഗ ശൂന്യമായ ഫ്‌ളക്സ് ബോര്‍ഡുകള്‍ കത്തിക്കുന്നതിലൂടെ വിഷ വാതകമാണ് പുറത്തു വരുന്നത്. ഇത്തരം ബോര്‍ഡുകള്‍ നിയമ വിരുദ്ധമാണെന്ന്  വ്യക്തമാക്കി 2010 ല്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എട്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ഥിതിയില്‍ ഒരു മാറ്റവുമില്ലെന്നും ഇടക്കാല ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. 

നടപ്പാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് റോഡ് കാണാനാവാത്ത തരത്തില്‍ എട്ട് മുതല്‍ പത്ത് അടി വരെ ഉയരമുള്ള ഫ്‌ളക്സ് ബോര്‍ഡുകളാണ് പലയിടത്തും സ്ഥാപിച്ചിട്ടുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി. പാതയിലെ വളവുകളിലും ജംഗ്ഷനുകളിലും നടപ്പാതകളിലെ ബോര്‍ഡുകള്‍ കാല്‍നട യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നത് അപകടത്തിനിടയാക്കും. റോഡ്  മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരാണ് അപകടത്തിലാവുക.  ഇവയുടെ മാലിന്യ പ്രശ്‌നം അധികൃതര്‍ മറക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ നടപടിയുണ്ടാകണം. 

കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ പ്രശ്‌നം നിലവിലുണ്ടെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് തദ്ദേശ ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.