പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കണമെന്ന് നാട്ടുകാര്‍

Wednesday 1 August 2018 1:57 am IST
കാല്‍നൂറ്റാണ്ടിന് ശേഷം തുറക്കുന്നതിനാല്‍ പുഴ എങ്ങനെ ഒഴുകുമെന്നതും ഇവരുടെ ഭയം വര്‍ധിപ്പിക്കുന്നു. ഇതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ പരീക്ഷണാര്‍ത്ഥം തുറക്കണമെന്ന് നാട്ടുകാരും തീരവാസികളും ആവശ്യപ്പെടുന്നത്.

ഇടുക്കി: മഴയും വ്യാജപ്രചാരണങ്ങളും തുടരുന്നതിനാല്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിലെ താമസക്കാര്‍ ആശങ്കയില്‍. പ്രത്യേകിച്ചും ചെറുതോണി പുഴ ഒഴുകുന്ന ഭാഗങ്ങളിലാണ് കൂടുതല്‍ ആളുകളാണ് വ്യാജപ്രചാരണങ്ങളിലൂടെ വലയുന്നത്. 

കാല്‍നൂറ്റാണ്ടിന് ശേഷം തുറക്കുന്നതിനാല്‍ പുഴ എങ്ങനെ ഒഴുകുമെന്നതും ഇവരുടെ ഭയം വര്‍ധിപ്പിക്കുന്നു. ഇതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ പരീക്ഷണാര്‍ത്ഥം തുറക്കണമെന്ന് നാട്ടുകാരും തീരവാസികളും ആവശ്യപ്പെടുന്നത്. 

ആദ്യം തന്നെ നിയന്ത്രിതരീതിയില്‍ വെള്ളം തുറന്നുവിട്ട് കൂടുതല്‍ വെള്ളം എത്തേണ്ട സാഹചര്യം വന്നാല്‍ ഉണ്ടാകുന്ന അപകടം ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒരു ഷട്ടര്‍ 40 സെ.മീ. ഉയര്‍ത്തിയാല്‍ 40 ക്യുസെക്‌സ് (മീറ്റര്‍ ക്യൂബ്/സെക്കന്റ്) വെള്ളമാണ് പുറത്തേക്ക് ഒഴുകുക. ചെറുതോണിയിലെ വ്യാപാരികള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പരാതിയും നല്‍കി. ഡാം തുറന്നാല്‍ ആദ്യം വെള്ളം എത്തുക ചെറുതോണി ടൗണിലാണ്. ഇവിടെ പുഴയ്ക്ക് ആഴം കൂട്ടുന്ന ജോലികള്‍ തകൃതിയായി പുരോഗമിക്കുകയാണ്. തടസമായി നില്‍ക്കുന്ന മരങ്ങളും നീക്കം ചെയ്ത് വരികയാണ്. 

ടൗണില്‍ വെള്ളം കയറുന്ന സാഹചര്യം ഒഴുവാക്കാനാണിത്. പിന്നീട് വെള്ളം എത്തുക തടിയമ്പാട്, കരിമ്പന്‍, കീരിത്തോട് വഴി ലോവര്‍ പെരിയാറിലേക്കാണ് എത്തുന്നത്. ഇവിടങ്ങളില്‍ 350 ഓളം വീടുകള്‍ പെരിയാര്‍ തീരത്തുണ്ടെങ്കിലും ഷട്ടര്‍ തുറക്കേണ്ടിവന്നാല്‍ 58 പേരെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം. തീരത്തുള്ള എല്ലാവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ടൗണിലെ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് കത്തും കൈമാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.