ഭരണഘടനയ്ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകള്‍ ബാധകമല്ല: സുപ്രീംകോടതി

Wednesday 1 August 2018 2:20 am IST
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ചാനല്‍ ചര്‍ച്ചയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ വക്കാലത്ത് ഒഴിയുന്നതായി അഡ്വ വി.കെ. ബിജു കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് വേണ്ടി വാദിക്കാന്‍ തന്നെ അനുവദിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥന അംഗീകരിച്ച കോടതി വി.കെ ബിജുവിനായി മുക്കാല്‍ മണിക്കൂറോളം അനുവദിച്ചു.

ന്യൂദല്‍ഹി: ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ബാധകമാണെന്നും ഭരണഘടനയ്ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകള്‍ ബാധകമല്ലെന്നും സുപ്രീംകോടതി. ശബരിമല ക്ഷേത്രം മതപരമായി പ്രത്യേക പദവിയില്‍പ്പെട്ടതിനാല്‍ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവുമെന്ന വാദങ്ങള്‍ കോടതി തള്ളി. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടനാ ബെഞ്ചിന് മുന്നില്‍ വിശ്വാസികള്‍ക്ക് വേണ്ടി ശക്തമായ വാദങ്ങളാണ് നടക്കുന്നത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ചാനല്‍ ചര്‍ച്ചയില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ച  രാഹുല്‍ ഈശ്വറിന്റെ വക്കാലത്ത് ഒഴിയുന്നതായി അഡ്വ വി.കെ. ബിജു കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് വേണ്ടി വാദിക്കാന്‍ തന്നെ അനുവദിക്കണമെന്ന അഭിഭാഷകന്റെ അഭ്യര്‍ഥന അംഗീകരിച്ച കോടതി വി.കെ ബിജുവിനായി മുക്കാല്‍ മണിക്കൂറോളം  അനുവദിച്ചു. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാലാണ് യുവതികള്‍ക്ക് പ്രവേശന നിയന്ത്രണമെന്നും വി.കെ ബിജു വാദിച്ചു. പ്രവേശന നിയന്ത്രണം ഹൈക്കോടതി ശരിവെച്ചതാണെന്നും അയ്യപ്പന്‍ യുവതികളെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞു. 

 ആരെ കാണണം എന്ന് തീരുമാനിക്കാന്‍ മൂര്‍ത്തിക്ക് അവകാശമുണ്ട്. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ മാധ്യമ വാര്‍ത്തകള്‍ കേട്ട് കോടതിയെ സമീപിച്ചവരാണ്. ശബരിമല ഒരു താന്ത്രിക് ക്ഷേത്രമാണെന്നും വേദിക് ക്ഷേത്രമല്ലെന്നും അതിനാല്‍ തന്നെ പൂജകളിലും ആചാരങ്ങളിലും വ്യത്യാസമുണ്ടെന്നും വി.കെ ബിജു പറഞ്ഞു. നിയമത്തിന്റെ നാലതിരുകള്‍ക്ക് അപ്പുറത്തു നിന്നുകൊണ്ട് വിഷയത്തില്‍ കോടതി തീരുമാനം സ്വീകരിക്കണമെന്നും ആചാരത്തില്‍ ഇടപെട്ടു പ്രവേശന ഉത്തരവ് നല്‍കിയാല്‍ അതുവലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 

സുപ്രീംകോടതി അഭിഭാഷക ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാല്‍ ശങ്കര നാരായണന്‍ കേസില്‍ ഹാജരായി. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ മറ്റു മതങ്ങളുടെ  ആരാധനാ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ഗോപാല്‍ വാദിച്ചു. 

ഹിന്ദു സ്വത്വം നിലനിര്‍ത്താന്‍ ആരെയെങ്കിലും ഒഴിവാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വാദത്തിനിടെ പ്രതികരിച്ചു. ഒഴിവാക്കലുകളെ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ കോടതിക്കും അതു സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. 41 ദിവസം വ്രതമെടുത്ത് മലയ്ക്ക് പോകുന്നതു കൊണ്ടു മാത്രം അയ്യപ്പ ഭക്തര്‍ക്ക് പ്രത്യേക വിഭാഗമെന്ന പരിഗണന ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇന്നും വാദം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.