നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

Wednesday 1 August 2018 2:21 am IST
1985ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രഖ്യാപിച്ച അസം ഒത്തുതീര്‍പ്പ് കരാര്‍ നടപ്പാക്കാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്. 1971 മാര്‍ച്ച് 24ന് ശേഷം അസമിലെത്തിയവരെ പുറത്താക്കാനായിരുന്നു രാജീവ്ഗാന്ധിയുടെ തീരുമാനമെന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അസമില്‍ നടന്നത്.

ന്യൂദല്‍ഹി: രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാന്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേരെ പുറത്താക്കിയ സംഭവത്തില്‍ നിലപാടിലുറച്ച് തന്നെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ബിജെപിയും. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു. 

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന പൗരത്വ പരിശോധന ആധികാരികമാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കായാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നത്. ഇന്ദിരാഗാന്ധിയും പി. ചിദംബരവും വരെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്ന നിലപാട് സ്വീകരിച്ചവരാണ്. അവര്‍ക്കില്ലാതെ പോയ ഇച്ഛാശക്തി ബിജെപിക്കുണ്ടെന്നും നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. 

1985ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രഖ്യാപിച്ച അസം ഒത്തുതീര്‍പ്പ് കരാര്‍ നടപ്പാക്കാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്. 1971 മാര്‍ച്ച് 24ന് ശേഷം അസമിലെത്തിയവരെ പുറത്താക്കാനായിരുന്നു രാജീവ്ഗാന്ധിയുടെ തീരുമാനമെന്ന് അമിത് ഷാ സഭയില്‍ പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അസമില്‍ നടന്നത്. നിരവധി പേര്‍ രക്തസാക്ഷികളായ സമരത്തിന്റെ തുടര്‍ച്ചയായാണ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസംഗം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം സഭാധ്യക്ഷന്‍ തടഞ്ഞു. പ്രസംഗം തടസ്സപ്പെടുത്തിയതിനെ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അമിത് ഷാ അപലപിച്ചു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യം. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരിക്കുമ്പോഴും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ പാര്‍ട്ടിക്കാരും ബംഗ്ലാദേശി കുടിയേറ്റ വിഷയത്തില്‍ പരസ്യമായ അഭിപ്രായം പ്രകടിപ്പിക്കണം. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിലനിര്‍ത്തണമോ വേണ്ടയോ എന്ന് അവര്‍ നിലപാട് പറയണം. ഇന്ത്യക്കാര്‍ ആരുംതന്നെ പുറത്തു പോവേണ്ടി വരില്ലെന്നും നിലവില്‍ പുറത്തുവന്ന പട്ടിക പ്രാഥമികം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.