കണ്ണീര്‍മഴയില്‍ നനഞ്ഞ് നിമിഷ യാത്രയായി

Wednesday 1 August 2018 2:28 am IST
മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പത്തരയോടെ പള്ളിയിലേക്ക് കൊണ്ടുപോയി.

പെരുമ്പാവൂര്‍: മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയ്ക്കകത്തേയ്ക്ക് ഏലിയാസിനെ കൊണ്ടുവരുമ്പോള്‍ പുതുവസ്ത്രമണിഞ്ഞ് നിമിഷ ഒരു മാലാഖയെപ്പോലെ കിടക്കുകയായിരുന്നു, അന്ത്യയാത്രക്കു തയാറായി.  ഫാഷന്‍ ഡിസൈനറാകണമെന്ന മോഹം കൊണ്ടുനടന്ന, താന്‍ മകളെപ്പോലെ സ്‌നേഹിച്ച അവളുടെ ചേതനയില്ലാത്ത ദേഹം കണ്ടപ്പോള്‍ തന്റെ രക്ഷാദൗത്യം പരാജയപ്പെട്ടതിന്റെ തീവ്രവേദനയില്‍  സ്ട്രച്ചറില്‍ കിടന്ന് പിതൃസഹോദരനായ ഏലിയാസ് വിതുമ്പി. 

കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളി ബിച്ചുമുല്ലയുടെ കൊലക്കത്തിക്ക് ഇരയായ പുക്കാട്ടുപടി, എടത്തിക്കാട്, അന്തിനാട് വീട്ടില്‍ നിമിഷ തമ്പിക്ക് യാത്രാമൊഴി  നല്‍കാന്‍ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.  അവരുടെ കണ്ണുനീരും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി  നിമിഷ യാത്രയായി. അച്ഛന്‍ തമ്പിയും അമ്മ സലോമിയും  അനുജത്തി അന്നയുമെല്ലാം അലമുറയിട്ടു. 

മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പത്തരയോടെ പള്ളിയിലേക്ക് കൊണ്ടുപോയി. 

വാഴക്കുളം എംഇഎസ് കോളേജിലെ സഹപാഠികളും അധ്യാപകരും രാഷ്ട്രീയ, സാംസ്‌കാരിക, സാമുഹിക രംഗത്തെ പ്രമുഖരും, ബന്ധുക്കളും നാട്ടുകാരും പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.