പള്ളിയില്‍ ബിഷപ്പിന്റെ കൊലപാതകം: ദുരൂഹത തുടരുന്നു

Wednesday 1 August 2018 12:20 pm IST
വാഡി എല്‍ നാട്രനിലെ സെന്റ് മകാറിയസ് പള്ളിയിലാണ് സംഭവം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ 2016 ലും 17 ലും ആക്രമണം നടത്തിയിട്ടുണ്ടിവിടെ. എന്നാല്‍, ഇസ്ലാമിക ഭീകരരുടെ ആക്രമണമല്ലെന്ന് പള്ളിയിലെ മുതിര്‍ന്ന പുരോഹിതന്‍ ഫാ. ഷെനൗഡാ പറയുന്നു.

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ബിഷപ്പ് പള്ളിക്കുള്ളില്‍ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടതില്‍ ദുരൂഹത തുടരുന്നു. അര്‍ധരാത്രിയിലെ കുര്‍ബാനയ്ക്ക് പോകുംവഴി പള്ളി ഇടനാഴിയില്‍, അള്‍ത്താരക്ക് 20 മീറ്റര്‍ അകലെയാണ് തലയ്ക്ക് അടിയേറ്റ് ബിഷപ്പ് എപ്പിപാനിയോസ്‌ (68) കൊല്ലപ്പെട്ടത്. 

വാഡി എല്‍ നാട്രനിലെ സെന്റ് മകാറിയസ് പള്ളിയിലാണ് സംഭവം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ 2016 ലും 17 ലും ആക്രമണം നടത്തിയിട്ടുണ്ടിവിടെ. എന്നാല്‍, ഇസ്ലാമിക ഭീകരരുടെ ആക്രമണമല്ലെന്ന് പള്ളിയിലെ മുതിര്‍ന്ന പുരോഹിതന്‍ ഫാ. ഷെനൗഡാ പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്.

ക്രിസ്ത്യന്‍ വിശ്വാസത്തിലെ വിവിധ കൈവഴികളില്‍ ക്രിസ്തുവിനെ മനുഷ്യനായും ദൈവമായും വിശ്വസിക്കുന്ന വിഭാഗമാണിവര്‍. പ്രത്യേകതരം കുരിശാണ് ഇവര്‍ ആരാധിക്കുന്നത്. ഈ വിഭാഗത്തിനെതിരേ പലവട്ടം പല വിഭാഗങ്ങളില്‍നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് 10 ശതമാനത്തില്‍താഴെയാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. 

അന്‍ബാ മാകര്‍ പള്ളി എന്നും അറിയപ്പെടുന്ന ഈ പള്ളിയില്‍ ബിഷപ്പ് 1984 മുതലുണ്ട്. 2013 ലാണ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. പുരോഹിതന്‍ ഫാദര്‍ ബാസില്‍ പറഞ്ഞത് ബിഷപ്പിനെ രക്തത്തില്‍ മുങ്ങി, മുറിയ്ക്കുള്ളില്‍ കണ്ടെന്നാണ്. തലയോട്ടിയിലെ പരിക്കും പറയുന്നു. എന്തോ ആയുധംകൊണ്ട് തലയ്ക്കടിച്ചതാകാമെന്നാണ് അഭിപ്രായപ്പെടുന്നത്. പള്ളിയില്‍ സിസിടിവികളുണ്ട്. പക്ഷേ എല്ലാം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിശദീകരണം. 

ക്രിസ്തീയ ന്യൂനപക്ഷം ഐഎസ് ഭീകരരുടെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഇരയായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ ഗിര്‍ഗിസ് പള്ളിയില്‍ അവര്‍ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. ടാന്റയിലും അലക്‌സാണ്ഡ്രിയയിലും സെന്റ് മാര്‍ക്‌സ് പള്ളികളിലെ ഐഎസ് ആക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.