കഥാപത്മനാഭം

Wednesday 1 August 2018 1:00 pm IST
''എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം ദേശ് ആണ്. അതെന്തു കൊണ്ട് എന്നു പറയാനാവില്ല. ചില ഇഷ്ടങ്ങള്‍, വൈകാരികമായ അനുഭവങ്ങള്‍ ഇതൊന്നും ഇന്നയിന്ന കാരണം കൊണ്ടാണ് എന്ന് വിശദീകരിക്കാനാവില്ല. ചിലത് നമ്മുടെ ആത്മാവില്‍ തൊടുന്നു.''

ത്മനാഭന്‍, അതേ, ദേശത്തിന്റെ ആത്മാവില്‍ തൊട്ട എഴുത്തുകാരനാണ്. കഥയ്ക്ക് വേണ്ടി മാത്രം തപസ്സിരിക്കുന്ന മഹര്‍ഷി തുല്യനായ കഥാകാരന്‍. പണ്ട് പണ്ട് കഥാസരിത് സാഗരമെഴുതിയ സോമദേവ ഭട്ടനെപ്പോലെ ഗുണാത്മക കഥകള്‍ മാത്രം എഴുതിയ, എഴുതിക്കൊണ്ടേയിരിക്കുന്ന കഥയുടെ മഹാകുലപതി.

ഓരോ കഥയും നമ്മുടെ ഹൃദയത്തില്‍ത്തട്ടി, ശരീരകോശങ്ങളില്‍ നനവും നന്മയും പ്രസരിപ്പിക്കുന്ന ടി. പത്മനാഭന്‍ മലയാള കഥയുടെ സുകൃതമാണ്. എഴുത്തില്‍ പൂന്താനത്തിന്റെ കവിത പോലെ, ഭാഷയുടെ ലാളിത്യത്തിന്റെ ഇളനീര്‍ മധുരിമ നല്‍കുകയും ചിന്തയില്‍ എഴുത്തച്ഛന്റെ തത്ത്വാകാശത്തിലേക്ക് അനുവാചകനെ ആനയിക്കുകയും ചെയ്യുന്ന ടി. പത്മനാഭന്‍ മലയാള കഥയെ ഹിമാവാനോളം വളര്‍ത്തിയിരിക്കുന്നു. 

ഇടതു പക്ഷത്തേയും വലതുപക്ഷത്തേയും തള്ളിപ്പറയാന്‍ മടിക്കാത്ത നിലപാടുതറയുടെ രാജശില്പി, തനിക്കൊരു പക്ഷമേയുള്ളു. അത് സാന്മാര്‍ഗ്ഗിക പക്ഷമാണെന്നും ഭാരതത്തിന്റെ ആത്മധാര സന്മാര്‍ഗ്ഗ ചിന്തയിലാണെന്നും ഉറക്കെ പറയുന്ന ടി.പത്മനാഭന്‍ ജന്മഭൂമിക്ക് വേണ്ടി മനസ്സ് തുറക്കുന്നു. 

കണ്ണൂര്‍ ടൗണിനടുത്ത് പള്ളിക്കുന്നിലെ രാജേന്ദ്രനഗര്‍ ഹൗസിങ് കോളനിയിലെ ടി. പത്മനാഭന്റെ വസതിയില്‍ രാവിലെ ഒന്‍പതരയ്ക്ക്  ഫോട്ടോഗ്രാഫറായ കാഞ്ഞങ്ങാട് രതീഷ് കാലിക്കടവുമായി എത്തിയപ്പോള്‍ അദ്ദേഹം ഫോണില്‍ സംസാരിക്കുകയായിരുന്നു.

മറുഭാഗത്ത് ചെറുകഥയെ മിനിക്കഥയാക്കിയ മാറ്റിയ പി. കെ. പാറക്കടവാണെന്നു സംഭാഷണത്തില്‍ മനസ്സിലായി. ദിലീഷ് പോത്തന്റെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയെ വാനോളം പുകഴ്ത്തിപ്പറയുകയാണ് പത്മനാഭന്‍ ഫോണിലൂടെ. 

തമാശകാണിച്ച് സിനിമയിലെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ അഭിനയ രസ നൈപുണ്യത്തെക്കുറിച്ചും മുംബൈയില്‍ നിന്നു വന്ന ആ പെണ്‍കുട്ടിയുടെ ആദ്യാഭിനയത്തിലെ അസാമന്യ പ്രകടനത്തെക്കുറിച്ചും ടി വിയിലെ ചെറിയ ചെറിയ ബൈറ്റിലൂടെ കണ്ടതുവെച്ച് ആവേശ പൂര്‍വ്വം സംസാരിക്കുകയാണ് പത്മനാഭന്‍. ''ഇതാണ് യഥാര്‍ത്ഥ ചലച്ചിത്രം. സുരാജും ദിലീഷ് പോത്തനും നിമിഷയും ഫഹദും ചേര്‍ന്ന് മലയാള സിനിമയെ രക്ഷിച്ചിരിക്കുന്നു.''- 

ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് ഞങ്ങളെ സ്വീകരിച്ചു. ലോകത്തെമ്പാടും നടക്കുന്ന എല്ലാ കാര്യങ്ങളും തൊട്ട് പള്ളിക്കുന്ന് വാര്‍ഡിലെ ചെറുസംഭവങ്ങള്‍ വരെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ് ടി. പത്മനാഭനെന്ന് അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളിലൂടെയറിയാനാവും. 

''എണ്‍പത്തിയേഴ് വയസ്സായ എന്റെ, കുട്ടിക്കാലത്തെ കുറിച്ചു ഞാന്‍ പറയാം...''- പത്മനാഭന്‍ ഓര്‍മ്മകള്‍, മനോഹരമായ തന്റെ കഥയെഴുത്തു പോലെ അനാവരണം ചെയ്യുകയാണ്. 

കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യം. ഓര്‍മ്മവെക്കുന്നതിന് മുന്‍പേ അച്ഛന്‍ മരിച്ചു. മദ്രാസ് സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ സാമാന്യം നല്ല ശമ്പളമുള്ള ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അമ്മ അച്ഛന്റെ കൂടെ മദിരാശി സംസ്ഥാനത്തിലെ പ്രധാന പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിച്ചിട്ടുണ്ട്. 

ഞങ്ങള്‍ നാലുമക്കള്‍ രണ്ടാണും രണ്ടു പെണ്ണും. ഞാനായിരുന്നു ഇളയത്. അച്ഛന്‍ മരിക്കുമ്പോള്‍ ജ്യേഷ്ഠന്‍ സെക്കന്റ് ഫോമിലായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. ചേട്ടന്‍ വളരെ നല്ല വിദ്യാര്‍ത്ഥിയായിരുന്നു. ഞാനും ചേട്ടനെപ്പോലെ തന്നെയായിരുന്നു. 

അച്ഛന്റെ മരണശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് രണ്ട് അമ്മാവന്മാരുണ്ടായിരുന്നു. അതിലൊരാള്‍ വലിയ ധനാഢ്യന്‍. അദ്ദേഹം ഒരു കൊല്ലം കുറെ നെല്ല് ഞങ്ങള്‍ക്ക് തരും. അത് വര്‍ഷാവസാനം വരെയൊന്നും എത്തുകയില്ല. പിന്നെ എങ്ങനെയൊക്കെയോ ആണ് അമ്മ ഞങ്ങളെ പട്ടിണി കിടന്ന് ചാവാതെ മുന്‍പോട്ട് കൊണ്ടു പോയത്. 

അമ്മയ്ക്ക് രണ്ട് സഹോദരിമാര്‍ ഉണ്ടായിരുന്നു. അവരുടെ രണ്ടു പേരുടെയും മക്കളും ഞങ്ങളുമൊക്കെ ചേര്‍ന്ന് ഒരു കൂട്ടുകുടുംബമായാണ് ഞങ്ങള്‍ കഴിഞ്ഞത്. 

വീട്ടില്‍ എല്ലാവരും വായിക്കുമായിരുന്നു. ഏതാനും പുസ്തകങ്ങളും വീട്ടിലുണ്ടായിരുന്നു. എന്റെ ഗ്രാമമായ പള്ളിക്കുന്ന് നായന്മാരുടെ ഒരു അഗ്രഹാരമായിരുന്നു. കൃഷ്ണഗാഥയുടെ കര്‍ത്താവായചെറുശ്ശേരി നമ്പൂതിരി ഇവിടെയാണ് ജീവിച്ചിരുന്നത്. അദ്ദേഹം ജനിച്ച വീടും പറമ്പും ഇപ്പോഴുമുണ്ട്, അന്യാധീനപ്പെട്ടു പോയെങ്കിലും. 

പള്ളിക്കുന്നിലെ വീട്ടുകാര്‍ നല്ല വായനാക്കാരായിരുന്നു. കുറച്ചു പുസ്തകങ്ങളെങ്കിലുമില്ലാത്ത ഒരു വീടുമുണ്ടായിരുന്നില്ല, അക്കാലത്ത് പള്ളിക്കുന്നില്‍. വീട്ടുകാര്‍ പരസ്പരം പുസ്തകങ്ങള്‍ കൈമാറുകയും ചെയ്യുമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഓരോ വീടും ഓരോ വായനശാലയായിരുന്നു. 

എന്റെ വിദ്യാഭ്യാസം ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂളിലായിരുന്നു. ആ സമയത്ത് ജ്യേഷ്ഠന്‍ സ്വപ്രയത്‌നത്താല്‍ സാമാന്യം നല്ല നിലയിലെത്തിക്കഴിഞ്ഞിരുന്നു. രാജാസിലെ ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഞാന്‍ തെക്കന്‍ കര്‍ണാടകത്തിലെ മംഗലാപുരത്തെ ഗവ. ആര്‍ട്‌സ് കോളേജില്‍ നാലു കൊല്ലം പഠിച്ചു. പിന്നീട് മൂന്ന് കൊല്ലം മദിരാശിയില്‍ നിയമവും പഠിച്ചു. 

നൂല്‍പൊട്ടി ബൈന്‍ഡിങ് ഇളകിയ ഒരു പഴയ ഗ്രന്ഥം പത്മനാഭന്‍ എടുത്ത് കാണിച്ചു. ആ ചെറിയ വീട്ടിലെ ഓരോ മുറിയിലും അനേകം പുസ്തകങ്ങളുണ്ട്. അക്കൂട്ടത്തില്‍ നിധി പോലെ സൂക്ഷിക്കുന്ന ഒരു പുസ്തകം...

''വീട്ടില്‍ ഉണ്ടായിരുന്നത് രാമായണത്തിന്റെ ഒരു താളിയോല ഗ്രന്ഥമായിരുന്നു. അതാണ് ഞാനാദ്യം വായിച്ചിരുന്നത്. അതിനു ശേഷം ചുകന്ന നിറത്തിലുള്ള ചായം തേച്ചതും വുഡന്‍ ബ്ലോക്കുകളില്‍ ചിത്രങ്ങളുള്ളതുമായ എസ്. ടി. റെഡ്യാര്‍ പ്രസ് ഇറക്കിയ രാമായണവും,'' അദ്ദേഹം തുടരുന്നു... 

വരികള്‍ വേര്‍ തിരിച്ചൊന്നും അതിലുണ്ടായിരുന്നില്ല. തുര്‍ച്ചയായി എഴുതിപ്പോകും. ഒരു വരി കഴിഞ്ഞാല്‍ ഒരു നക്ഷത്ര ചിഹ്നമുണ്ടാകും. ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊന്‍പതിലാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം എ.ഡി. ഹരിശര്‍മ്മ എഡിറ്റു ചെയ്ത, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം പുറത്തിറക്കിയത്. അന്നു മുതല്‍ക്കേ ഞാനുപയോഗിക്കുന്നത് ഈ ഗ്രന്ഥമാണ്. കെട്ടു പൊട്ടിയ ഈ ഗ്രന്ഥമാണ് എന്റെ ഏറ്റവും വലിയ നിധി, സൗഭാഗ്യം. 

കര്‍ക്കടകം ഒന്നു മുതല്‍ അവസാനം വരെ അദ്ധ്യാത്മരാമായണം മുടങ്ങാതെ വായിച്ച് ഞാന്‍ പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ വല്ല യാത്രകളുമുണ്ടെങ്കില്‍ രാമായണം ഞാന്‍ എടുത്ത് വെക്കും. ഒരു മുടക്കവും ഇതിനു വരുത്തില്ല. എറണാകുളത്തു നിന്ന് 1969 ജൂണ്‍ രണ്ടാം തീയ്യതി 10 രൂപ കൊടുത്ത് വാങ്ങിയ അദ്ധ്യാത്മ രാമായണം എന്റെ വായനയുടെ ഊര്‍ജ്ജമാണ്. ഈ കാലത്തിനിടയില്‍ രാമായണവായന എന്ന പതിവിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. എന്റെ പക്കല്‍ അദ്ധ്യാത്മരാമായണത്തിന്റെ മറ്റു പ്രസാധകര്‍ പുറത്തിറക്കിയ മനോഹരമായ പുസ്തകങ്ങളുണ്ട്. പക്ഷെ ഞാനിപ്പോഴും ഉപയോഗിക്കുന്നത് ഹരിശര്‍മ്മയുടെ ഈ പഴയ ഗ്രന്ഥമാണ്. ഉപയോഗിച്ച് ഉപയോഗിച്ച് ഈ പുസ്തകത്തിന്റെ നൂല്‍ബന്ധങ്ങളൊക്കെ അറ്റു പോയിരിക്കുന്നു. എങ്കിലും എനിക്കിതു മതി. 

രാമനോടുള്ള ഭക്തി കൊണ്ടൊന്നുമല്ല ഞാന്‍ രാമായണം വായിക്കുന്നത്. നിയതാര്‍ഥത്തില്‍ ഞാനൊരു ദൈവവിശ്വാസിയുമല്ല. പക്ഷേ എഴുത്തച്ഛന്റെ രാമായണം വായിക്കുന്നതുകൊണ്ട് ഒരുവന്ന് അവന്റെ ജീവിതമാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകുവാന്‍ ഒട്ടേറെ വെളിച്ചം കിട്ടുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഭാഷ കൈകാര്യം ചെയ്യേണ്ട ഏതൊരുവനും അദ്ധ്യാത്മരാമായണം അവശ്യം വായിക്കേണ്ടതാണെന്നും  ഞാന്‍ കരുതുന്നു. 

കഥ എന്ന വാക്കിന്റെ അര്‍ത്ഥം ബുദ്ധി എന്നാണ്. ടി. പത്മനാഭന്റെ കഥകളിലോരോന്നും മഹാഭാരതകഥകളിലെ പ്രതിപാദ്യം പോലെ ഒരു സദ്ബുദ്ധി തെളിഞ്ഞു വരുന്നതാവും.

എഴുത്തിന്റെ വഴിയില്‍

ആദ്യമായി ഞാനൊരു കഥയെഴുതിയത് 1948 ലാണ്. അന്ന് ഞാന്‍ സ്‌കൂള്‍ ഫൈനല്‍ ക്ലാസ്സില്‍ ഒരു വിദ്യാര്‍ത്ഥി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ട ഒരു കാഴ്ചയാണ് എന്നെ കഥയെഴുത്തിലേക്ക് എത്തിച്ചത്. അവിടെ പ്ലാറ്റ് ഫോമിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെയായി ആള്‍കൂട്ടവും ബഹളവും. അന്വേഷിച്ചപ്പോള്‍ കണ്ടത് പോക്കറ്റടിക്കാരന്‍ എന്നാരോപിതനായ ഒരു ചെറുപ്പക്കാരനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ്. ആ ദൃശ്യം എന്റെ മനസ്സില്‍ ആഴമേറിയ മുറിവുണ്ടാക്കി. ആ സംഭവത്തെ ആധാരമാക്കിയാണ് ഞാന്‍ 'കുറ്റവാളി'- എന്ന കഥയെഴുതിയത്; എന്റെ ആദ്യത്തെ കഥ.

കണ്ണൂരില്‍ നിന്ന് അന്ന് 'നവയുഗം'- എന്ന പേരില്‍ ഒരു വാരിക പുറത്ത് വന്നിരുന്നു. അതിന്റെ പത്രാധിപര്‍ കടത്തനാട്ട് മാധവി അമ്മയുടെ ഭര്‍ത്താവും എകെജിയുടെ മാതൃ സഹോദരീപുത്രനുമായ എ. കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരായിരുന്നു. നവയുഗം വാരിക വളരെ കാലം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുപോന്നു.

കഥയുടെ സ്‌ക്രിപ്റ്റ് അടങ്ങിയ കവര്‍ പത്രാധിപരുടെ മേശപ്പുറത്ത് വെച്ച് ഒന്നും പറയാതെ ഞാന്‍ പോരികയാണുണ്ടായത്. പിറ്റേ ആഴ്ച്ചതന്നെ നവയുഗത്തില്‍ 'കുറ്റവാളി'- എന്ന എന്റെ കഥ പ്രത്യക്ഷപ്പെട്ടു. പിന്നീട് രണ്ട് കഥകള്‍കൂടി നവയുഗത്തില്‍ത്തന്നെ എഴുതി. പ്രായം അന്ന് പതിനെട്ട്. 

1950 മുതല്‍ 'മാതൃഭൂമി'- വാരികയില്‍ കഥയെഴുതാന്‍ തുടങ്ങി. അന്ന് മാതൃഭൂമിയിലെ എന്റെ ആദ്യ കഥയ്ക്ക് കിട്ടിയ പ്രതിഫലം ഏഴര രൂപയായിരുന്നു. ഇപ്പോള്‍ ഇക്കഴിഞ്ഞ മെയ്മാസത്തില്‍ മാതൃഭൂമി വാരികയില്‍ വന്ന എന്റെ 'മരയ'- എന്ന ചെറുകഥയ്ക്ക് ലഭിച്ച പ്രതിഫലം 20,000 രൂപയായിരുന്നു. 

എഴുത്തുകാരന്റെ വേഷം-ജൂബ, നീണ്ടതാടി, ചുണ്ടില്‍ ബീഡിയോ സിഗററ്റോ, ലഹരി പതഞ്ഞൊഴുകുന്ന കണ്ണുകള്‍, എരിവും പുളിയും കലര്‍ന്ന മാംസാദി ഭക്ഷണം, കാപ്പിയും ചായയും, കട്ടന്‍ ചായയും മുറിബീഡിയും... പത്മനാഭന്‍ എഴുതിത്തുടങ്ങുന്ന കാലത്തെ എഴുത്തുകാരന്റെ രൂപഭാവാദികള്‍ ആയിരുന്നു. പക്ഷേ, ഇദ്ദേഹം സസ്യാഹാരിയാണ്. ലഹരി ഇതു വരെ ഉപയോഗിച്ചിട്ടേയില്ല. ചായയും കാപ്പിയും പോലും അദ്ദേഹത്തിന് കമ്പമല്ല. വേഷം തികഞ്ഞ കേരളീയത. മുണ്ടും ഷര്‍ട്ടും. 

ഞാനൊരു സസ്യാഹാരിയാണ്. കാരണമുണ്ട്. കൊല്ലുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതു തെറ്റാണെന്ന് വിശ്വസിക്കുന്നു. എന്റെ വീട്ടില്‍, തറവാട്ടു വീട്ടില്‍ത്തന്നെ ഒരു ദേവസ്ഥാനമുണ്ട്. അവിടെ മൃഗബലിയുണ്ട്. ഒരിക്കലും ഞാനീ മൃഗബലി കാണുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. 

മറ്റൊന്നിനെ കൊന്ന് എന്റെ ബോഡി ഉഷാറാക്കുകയെന്നത് തെറ്റാണ്. പല ലോകരാജ്യങ്ങളിലും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴും ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. മുട്ടപോലും കഴിച്ചിട്ടില്ല. 

എന്റെ ചെറുപ്പത്തില്‍ പുകവലിയും മദ്യപനവും സാഹിത്യകാരന്മാരില്‍ ഒരു ഫാഷനായിരുന്നു. പക്ഷെ ഞാനൊരിക്കലും ഇതില്‍ ആകൃഷ്ടനായിരുന്നില്ല. അത്തരം ഫാഷനുകളില്‍ എനിക്ക് ഒരിക്കലും ഒരു ഭ്രമവും ഉണ്ടായിരുന്നില്ല. 

ചായ, കാപ്പി എന്നിവയോടു പോലും ഒരു മമതയുമില്ലാത്തവനാണ് ഞാന്‍. 1943 മുതല്‍ സ്ഥിരമായി ഖാദി ധരിക്കുന്നു. അന്ന് ഞാന്‍ സെക്കന്‍ഡ് ഫാം വിദ്യാര്‍ത്ഥി. മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോഴും ഒരു വാശിയോടെ ഖദര്‍ ഷര്‍ട്ടും മുട്ടും ധരിക്കുന്നു. 

ഏതാനും ദിവസം മുമ്പ് കല്‍ക്കത്തയിലെ  ഒരു പരിഷ്‌കൃത ഹോട്ടലില്‍ മുണ്ട് ധരിച്ചയാള്‍ക്ക് പ്രവേശനം നിഷേധിച്ചതായി കണ്ടു. സ്വതന്ത്ര ഇന്ത്യയില്‍, അര്‍ദ്ധനഗ്നനായ ഗാന്ധിജിയുടെ ഇന്ത്യയിലാണ് ഇതു സംഭവിച്ചത്. ഈ കഥയ്ക്ക് രസകരമായ ഒരു പരിസമാപ്തിയുണ്ട്. പ്രവേശനം നിഷേധിക്കപ്പെട്ട വ്യക്തി കറതീര്‍ന്ന ഇംഗ്ലീഷില്‍ അധികൃതമായി തര്‍ക്കിച്ചു സംസാരിച്ചു. ഇംഗ്ലീഷ് കേട്ടപ്പോള്‍ ഇദ്ദേഹം മാന്യനാണ് എന്ന് കരുതിയ അധികൃതര്‍ അദ്ദേഹത്തെ അകത്ത് കയറാന്‍ അനുവദിച്ചു. ഇപ്പോഴും ഇന്ത്യയില്‍ ഇംഗ്ലീഷും സംസാരിക്കുന്നതാണ് മാന്യതയുടെ ലക്ഷണം.

കേരള ഗാന്ധി കെ. കേളപ്പനെക്കുറിച്ച് ചോദിച്ചപ്പോള്‍ ടി. പത്മനാഭന്റെ മുഖം ആവേശഭരിതമാകുന്നു. 

എന്നെ സ്വാധീനിച്ച മഹനായ വ്യക്തി കെ. കേളപ്പനാണ് എന്റെ പൊതു ജീവിതത്തില്‍ ഏറെ ആരാധന തോന്നിട്ടുള്ള കേളപ്പജി സ്വാതന്ത്ര്യസമരത്തിലെ അഭൗമ തേജസ്സാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി എന്നിവരും എന്നെ ഏറെ  സ്വാധീനിച്ച വ്യക്തിത്വങ്ങളാണ്. 

പി. കൃഷ്ണപിള്ളയോട് എന്നും ബഹുമാനമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലായിരുന്നില്ല ആ ബഹുമാനം ഒരു വലിയ മനുഷ്യസ്‌നേഹി ആയിരുന്ന അദ്ദേഹം. കൃഷ്ണപ്പിള്ളയെ ഞാന്‍ കണ്ടിട്ടുണ്ട്.

എന്റെ സാഹിത്യ ജീവിതത്തിന്റെ തുടക്കത്തില്‍ എന്നെ സ്വാധീനിച്ച മൂന്നു വ്യക്തികളുണ്ട്. പി. സി. കുട്ടികൃഷ്ണന്‍ എന്ന ഉറൂബ്, മാതൃഭൂമി പത്രാധിപരായ എന്‍. വി. കൃഷ്ണവാര്യര്‍, പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ എം. ഗോവിന്ദന്‍. 1948ല്‍ത്തന്നെ തുടങ്ങിയതാണ് ഗോവിന്ദനുമായുള്ള ബന്ധം.

ആ ബന്ധം ദൃഢമായിരുന്നു. എനിക്ക് വളരെയധികം സുഹൃത്തുക്കളില്ല. വളരെ വളരെ മടിച്ചേ ഞാന്‍ സുഹൃദ്ബന്ധം സ്വീകരിക്കൂ. ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ആ ബന്ധം സുദൃഢമായിരിക്കും. അവസാനം വളരെ നിലനില്‍ക്കുകയും ചെയ്യും. ഗോവിന്ദനുമായി അത്തരത്തിലൊരു ബന്ധമായിരുന്നു. 

ഇതുപോലെ മറ്റൊരു സുഹൃത്തായിരുന്നു എം. വി. ദേവന്‍. ചിത്രകലയുടെ, നമ്മുടെ, അഭിമാനം. സുഹൃദ്ബന്ധത്തിന്റെ ആള്‍രൂപം അതായിരുന്നു ദേവന്‍. ഇനി അങ്ങനെയൊരു സുഹൃത്തു മാത്രമേ ബാക്കിയുള്ളു. അത് മറ്റൊരുമല്ല, മാഹി മലയാള കലാഗ്രാമത്തിന്റെ സ്ഥാപകനായ എ. പി. കുഞ്ഞിക്കണ്ണന്‍. 

1952 ലാണ് ഞാന്‍ മദ്രാസില്‍ നിയമം പഠിക്കാന്‍ പോയത്. ആദ്യദിവസങ്ങളില്‍ത്തന്നെ ഞാന്‍ കുഞ്ഞിക്കണ്ണനുമായി പരിചയപ്പെട്ടിരുന്നു, എം. ഗോവിന്ദന്‍ മുഖാന്തിരം. കുഞ്ഞിക്കണ്ണന് ഇപ്പോള്‍ തൊണ്ണൂറ് കഴിഞ്ഞു; ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നു. 

മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ രൂപീകരണത്തിന്റെ ആദിചിന്തമുതല്‍ അതുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയാണ് അതിനു മുതല്‍ മുടക്കിയത്. കഷ്ടപ്പെട്ടുണ്ടാക്കിയ കാശു കൊണ്ടാണ് ആ സ്ഥാപനം ഇന്നും മാതൃകാപരമായി നടത്തികൊണ്ടു പോകുന്നത്. കുട്ടികള്‍ക്ക് സംഗീതം, നൃത്തം, ചിത്രമെഴുത്ത് എന്നിവയില്‍ പ്രഗത്ഭരായ അധ്യാപകരെക്കൊണ്ട് പരിശീലനം നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കുന്നു. എന്റെ പ്രശസ്തമായ നാലുകഥകളിലെ, ചിത്തരഞ്ജിനി തുടങ്ങിയവയിലെ നായകകഥാപാത്രം കുഞ്ഞിക്കണ്ണനാണ്. 

എന്റെ സ്വഭാവം കരുപ്പിടിപ്പിച്ചത് അമ്മയാണ്. എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചതും അമ്മയാണ്. അമ്മ ഒരാളെക്കുറിച്ചും ജീവിതത്തില്‍ മോശം പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. അമ്മയ്ക്ക് ജാതി വ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നില്ല. 

അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ സമുദായത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റിലെ രണ്ടു സ്ത്രീകളായിരുന്നു. അവസാന കാലം വരെയും അമ്മയും ഈ സ്ത്രീകളും തമ്മിലുള്ള സ്‌നേഹം വളരെ ശക്തമായിരുന്നു. ഇവര്‍ കണ്ടു മുട്ടുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ കെട്ടിപ്പിടിച്ച് ചിരിച്ചു സംസാരിക്കുമായിരുന്നു. ഞങ്ങള്‍ മക്കള്‍ കളിയാക്കുമ്പോള്‍ പറയുമായിരുന്നു നിങ്ങള്‍ക്കൊക്കെ എന്തറിയാം. ഞങ്ങള്‍ ഒരുമിച്ച് സ്‌കൂളില്‍ പഠിച്ചവരാ എന്ന്. 

മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ അമ്മ ഏറെ തല്‍പ്പരയായിരുന്നു. ഇതില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. അമ്മ അമ്പലങ്ങളില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. നിത്യവും അമ്മ കുളികഴിഞ്ഞാല്‍ സന്ധ്യയ്ക്ക് കോലായുടെ അറ്റത്ത് തൂക്കുന്ന ഭസ്മമെടുത്ത് നെറ്റിയില്‍ തേക്കും. ഈയൊരു ചടങ്ങില്‍ത്തീര്‍ന്നു അമ്മയുടെ മതപരമായ വിശ്വാസ പ്രമാണങ്ങള്‍. 

ടി. പത്മനാഭന് ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക ഏറെ വൈപുല്യമുള്ളതാണ്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്ത് പുരസ്‌കാരം, പൂന്താനം പുരസ്‌കാരം... പട്ടിക നീളുന്നു. 

പുരസ്‌ക്കാരത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാനാദ്യം പറയുക പുരസ്‌കാര നിരാസത്തെക്കുറിച്ചാണ്. ഇന്ത്യയിലാദ്യം സാഹിത്യ പുരസ്‌കാരം വേണ്ട എന്ന് പറഞ്ഞ വ്യക്തി ഞാനായിരുന്നു. സാഹിത്യ അക്കാദമി എന്ന ആശയം കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. രാഷ്ട്രീയത്തില്‍ വന്നിരുന്നില്ലെങ്കില്‍ നെഹ്‌റു ഒരു കവിയായി മാറിയേനെ.

നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ത്തന്നെ അക്കാദമികള്‍ പതുക്കെ പതുക്കെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിഹാര കേന്ദ്രമായി മാറി. മഹാകവി വള്ളത്തോള്‍ കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുകളില്‍ അധ്യക്ഷനായി വിരാജിച്ചത് സര്‍ദാര്‍ കെ. എം. പണിക്കരായിരുന്നു. പണിക്കര്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷെ അദ്ദേഹം അതുകൊണ്ട് ഒരു സാഹിത്യകാരനാകുമോ? മഹാകവി വള്ളത്തോളിന്റെ മുകളില്‍ കയറിയിരിക്കാന്‍ ആരും പറയുകയില്ല. പക്ഷെ എന്നിട്ടും അങ്ങനെ സംഭവിച്ചു. അതാണ് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ മിടുക്ക്.

കേന്ദ്രസാഹിത്യ അക്കാദമി മലയാളത്തിന് നല്‍കിയ ആദ്യത്തെ അവാര്‍ഡ് ആര്‍. നാരായണ പണിക്കര്‍ക്കാണ്. എത്ര പേര്‍ പണിക്കരെ ഓര്‍ക്കുന്നു. അദ്ദേഹം 'നവയുഗ ഭാഷാനിഘണ്ടു'- എഴുതിയിട്ടുണ്ട്. മഹാകവി വള്ളത്തോള്‍ ജീവിച്ചിരിക്കുമ്പോഴാണ് ആര്‍. നാരായണ  പണിക്കര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്! എന്ത് വിരോധാഭാസം!!

ഇതൊക്കെയാണ് എന്നെ അവാര്‍ഡ് തിരസ്‌ക്കാരത്തിലേക്ക് നയിച്ചത്. അര്‍ഹരെ തഴയുകയും അനര്‍ഹരെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോഴുള്ള ഒരു പ്രതിഷേധം. 

ഇതൊക്കെയാണെങ്കിലും അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു അപൂര്‍വ്വാനുഭവം എനിക്കുണ്ടായിട്ടുണ്ട്. വള്ളത്തോള്‍ പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട ഒരു സംഭവം. ചീഫ് സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരായിരുന്നു അവാര്‍ഡ് കമ്മിറ്റിയുടെ തലവന്‍. അദ്ദേഹത്തിനെ ഞാന്‍ അതികഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. ആര്‍. രാമചന്ദ്രന്‍ നായര്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായിരുന്നപ്പോള്‍ ഉണ്ണായി വാര്യരുടെ നളചരിതം പാഠ്യപദ്ധതിയില്‍ നിന്നൊഴിവാക്കുകയും അദ്ദേഹത്തിന്റെ സ്വന്തം കൃതിയായ പാര്‍വ്വതീപരിണയം ഉള്‍പ്പെടുത്തുകയും ചെയ്തതിനെതിരെയായിരുന്നു എന്റെ രൂക്ഷവിമര്‍ശനം. ഞാനൊരിക്കലും വള്ളത്തോള്‍ പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു വിദ്വേഷവും മനസ്സില്‍ വെക്കാതെ, രാമചന്ദ്രന്‍ നായരടങ്ങുന്ന കമ്മിറ്റി വള്ളത്തോള്‍ പുരസ്‌കാരം എനിക്കു നല്‍കാന്‍ തീരുമാനിച്ചു. ഇത് എന്നെ വല്ലാതെ സ്വാധീനിച്ച അപൂര്‍വ്വാനുഭവമായിരുന്നു. 

സമകാലിക സംഭവങ്ങളെ ഇത്രയും സൂക്ഷ്മം നിരീക്ഷിക്കുന്ന ഒരെഴുത്തുകാരന്‍ വേറെയില്ല. എല്ലാറ്റിനും കൃത്യമായ നിലപാട്. ഈയിടെ തൃക്കരിപ്പൂരിലെ സിപിഎം അനുകൂല വായനശാലയുടെ ചടങ്ങില്‍ വെച്ചാണ് പശു സംരക്ഷണത്തെ കുറിച്ചും ബീഫ് ഫെസ്റ്റിവെലിനെക്കുറിച്ചും തുറന്നടിച്ചത്.

സമകാലിക രാഷ്ട്രീയ വ്യവസ്ഥ അതിസങ്കടകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നിനും പരിഹാരമാകുകയില്ല. പരിഷ്‌കൃത സമൂഹം കൊലയെക്കുറിച്ച് ചിന്തിക്കുകയേ ഇല്ല. മനുഷ്യ മനസ്സില്‍ നിന്നും കല അപ്രത്യക്ഷമാകുമ്പോളാണ് കൊല ഉടലെടുക്കുന്നത്. 

നമ്മുടെ ചിന്തകള്‍ വഴിമാറുകയാണ്. ബീഫ് ഫെസ്റ്റ,് ചുംബനസമരം ഇതെല്ലാം എതിര്‍ക്കപ്പെട്ടവയാണ്. ഞാന്‍ ബീഫ് ഫെസ്റ്റിനേയും ചുംബനസമരത്തേയും എതിര്‍ത്തതാണ്. പശുവിനെ റോഡില്‍ വെച്ച് പരസ്യമായി കഴുത്തറുത്ത് കൊന്ന്, അതിന്റെ തൊലിയുരച്ച് ആഘോഷപൂര്‍വ്വം കറിവെച്ച് തിന്നുന്നതില്‍ ഒരു വിപ്ലവവുമില്ല. 

ശ്രീബുദ്ധന്റേയും രന്തിദേവന്റെയും ശിബി ചക്രവര്‍ത്തിയുടേയും ജീവിതസന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് 'അഹിംസാ പരമോ ധര്‍മ്മഃ'- എന്ന് വിശ്വസിച്ച് ജീവിക്കുന്നവനാണ് ഞാന്‍. നമ്മുടെ നാടിന്റെ പാരമ്പര്യമതാണ്. 

ചിലയാളുകള്‍ പശു സംരക്ഷണത്തെ എതിര്‍ക്കുന്നതിനു പറയുന്നതിനുള്ള ന്യായം വിചിത്രമാണ്. കന്നുകാലികള്‍ ഉല്പാദന ക്ഷമമല്ലാതാകുമ്പോള്‍ അവയെ എങ്ങനെ തീറ്റിപ്പോറ്റും? അറുത്തു ഭക്ഷിക്കുന്നതല്ലേ നല്ലത് എന്ന പ്രായോഗിക വാദത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഈ പ്രായോഗിക വാദമാണ് കേരളത്തില്‍ വയസ്സായ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളില്‍ കൊണ്ടു ചെന്നാക്കുന്നതും, ഗുരുവായൂര്‍ പോലെയുള്ള ക്ഷേത്രനഗരങ്ങളില്‍ നടതള്ളുന്നതും, പുഴയിലേക്ക് പാലത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടുന്നതും. ഉദ്പാദനക്ഷമത നോക്കി സംരക്ഷിക്കുന്നതല്ല സംസ്‌കാരം. വാര്‍ദ്ധക്യകാലത്ത് സംരക്ഷിക്കേണ്ടതാണ് യഥാര്‍ത്ഥ കടമയെന്ന് ഓരോരുത്തരും തിരിച്ചറിയണം. അതാണ് യഥാര്‍ഥ ഉത്തരവാദിത്ത ബോധവും.

അതുപോലെ തന്നെ മറ്റൊരു കാര്യവുമുണ്ട്. അയല്‍ക്കാരന്റെ അടുക്കളയില്‍ നിന്നും ബീഫ് വേവുമ്പോള്‍ അതിക്രമിച്ചു കയറി കിരാത നടപടികളിലേക്കു നീങ്ങുന്നതും ശരിയല്ല. എന്തു ഭക്ഷിക്കണം എന്നു തീരുമാനിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. നമ്മുടെ സംസ്‌കാരം അഹിംസയുടേയും സഹിഷ്ണുതയുടേതുമാണ്. 

ഇതു പറയുമ്പോള്‍ നമ്മുടെ യുവസമൂഹം ഇപ്പോള്‍ സോഷ്യമീഡിയയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അറിയേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ എന്താണെന്നെനിക്കറിയില്ല. കാണാറുമില്ല. പ്രതികരിക്കാറുമില്ല. 

എങ്കിലും മനസ്സിലാക്കിയിടത്തോളം സോഷ്യല്‍ മീഡിയയുടെ പോക്ക് അത്ര സുഖകരമല്ല. ആര്‍ക്കും കയറിയിറങ്ങാനുള്ള ഒരു സ്ഥലമാണ് സോഷ്യല്‍ മീഡിയ. മറ്റുള്ളവരെ ദ്രോഹിക്കാനുള്ള ഒരു വേദിയായി മാറിപ്പോയി അത്. 

എങ്ങനെ ദ്രോഹിക്കാം എന്ന് ചിന്തിക്കുന്നതല്ല മീഡിയ. എങ്ങനെ സ്‌നേഹിക്കാം, സേവിക്കാം എന്നു പഠിപ്പിക്കുന്നതാവണം ഓരോ ഉപാധികളും. സോഷ്യല്‍ മീഡിയയില്‍ ഒരു പോസിറ്റിവിസം കൊണ്ടുവരാനാണ് യുവ സമൂഹം തയ്യാറാവേണ്ടത്. 

മലയാള സിനിമയുടെ ദുരന്തപര്‍വ്വമാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്ന് നടന്‍ ദിലീപിന്റെ പതനത്തെക്കുറിച്ച് പത്മനാഭന്‍ പറയുന്നു...

സിനിമരംഗത്തെ പുഴുക്കുത്തുകളാണ് ദിലീപ് സംഭവം. ധനത്തിന്റെ അമിതമായ സ്വാധീനം, ധനാര്‍ത്തി എന്നിവ പണ്ടെങ്ങുമുള്ളതിനേക്കാള്‍ കൂടുതലുള്ള ഒരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമാരംഗം അത്ര വേഗത്തിലൊന്നും സംശുദ്ധമാകുമെന്ന് എനിക്കു തോന്നുന്നില്ല. സംശുദ്ധമാകണമെന്ന് സിനിമ രംഗത്തുള്ളവര്‍ക്ക് ആഗ്രഹമുണ്ടെന്നും തോന്നുന്നില്ല. 

ദിലീപ് ഒരു പ്രതിനിധി മാത്രമാണ്. ജീവിതത്തിന്റെ മറ്റു മേഖലകളിലും ദിലീപുമാരുണ്ട്. സാഹിത്യത്തിലുമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാന്‍. കൂടുതല്‍ പറയുന്നില്ല. 

പത്മനാഭന്‍ പറയുന്നത്. ഓരോ കുടുംബവും ഓരോ മാതൃകകളാവണമെന്നാണ്. ജാതിചിന്തകള്‍ വെടിഞ്ഞുകൊണ്ടുള്ള ജീവിതവീക്ഷണമുണ്ടാകണം. നാലുവര്‍ഷം മുമ്പ് പ്രിയപത്‌നിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒറ്റപെടലില്‍നിന്ന് രക്ഷിക്കുന്ന രാമചന്ദ്രന്‍ എന്ന ഓട്ടോറിക്ഷ തൊഴിലാളിയെ ചൂണ്ടിക്കാണിച്ച് ടി. പത്മാനാഭന്‍ പറഞ്ഞു.... 

നോക്കൂ. ഇതാണ് രാമചന്ദ്രന്‍. അടുത്തകാലത്തായി പുറത്തിറങ്ങിയ എന്റെ കഥകളിലെല്ലാം രാമചന്ദ്രനുണ്ട്. നിങ്ങളെ എനിക്കറിയാം. എന്ന കഥാസമാഹാരത്തില്‍ നിറയെ രാമചന്ദ്രനാണ്. രാമചന്ദ്രന്‍ ഒരു കീഴ്ജാതിക്കാരനാണ്. എന്റെ മകന്റെ സ്ഥാനമാണയാള്‍ക്ക്. എന്റെ ഭാര്യ മരിച്ചപ്പോള്‍ ആ ചിതാഭസ്മവുമെടുത്ത് തിരുനെല്ലിയില്‍ കൊണ്ടുപോയി ബലി കര്‍മ്മങ്ങള്‍ ചെയ്തത് രാമചന്ദ്രനാണ്. ഭാര്യയുടെ ഒസ്യത്തില്‍ രാമചന്ദ്രനു വേണ്ടി സ്വത്ത് എഴുതിവെച്ചിട്ടുണ്ട്. രക്തബന്ധത്തിനപ്പുറമുള്ള സ്‌നേഹബന്ധങ്ങളെയും നാം വിലമതിക്കണം. അത്തരം മാതൃകകളുണ്ടാവുമ്പോള്‍ നമ്മുടെ സമൂഹം ശരിയിലേക്ക് സഞ്ചരിക്കുന്നതായി നമുക്കനുഭവപ്പെടും. 

കണ്ണൂരിലെ സാമുവല്‍ ആേറാനെക്കുറിച്ചു കേട്ടിട്ടില്ലേ. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ കീഴ്ജാതിക്കാരനായിരുന്നു. സവര്‍ണ്ണ ജാതിക്കാരുടെ പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിച്ചതിന്റെ പേരിലുള്ള ക്രൂരമായ പീഡനത്തിന്റെ ബലിയാടായി മതം മാറേണ്ടി വന്നവരായിരുന്നു സാമുവല്‍ ആറോന്റെ പൂര്‍വ്വികര്‍. 

മേല്‍ജാതിക്കാര്‍ കീഴ്ജാതിക്കാരെ തന്റെ സഹോദരങ്ങളെ പ്പോലെ കാണുന്ന മനോഭാവമുണ്ടായാലേ നാം രക്ഷപ്പെടുകയുള്ളു. 

താന്‍ ഏറ്റവും കൂടുതല്‍ വായിച്ച കൃതി താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യ നികേതനമാണെന്നും ഗ്രബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന കൃതി നൂറു പേജ് തികച്ചും തനിക്കു വായിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്രയും വിരസതയാണ് ആ കൃതി വായനക്കാരന് സൃഷ്ടിക്കുന്നതെന്നും തുറന്നടിച്ചപ്പോള്‍ അനേകം മലയാളി ബുദ്ധിജീവികള്‍ പത്മനാഭനെതിരെ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. പത്മനാഭന്‍ പറയുന്നു: 

ഗബ്രിയേല്‍ മാര്‍കേസ് പിന്നീട് ഒരു ഇന്റര്‍വ്യുവില്‍ പറഞ്ഞു, 'എന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ മികച്ച സൃഷ്ടിയാണെന്നു ഞാന്‍ കരുതുന്നില്ല'- എന്ന്. മാര്‍കേസിന്റെ പ്രസ്താവന വന്നപ്പോള്‍ എന്റെ വിമര്‍ശനം ശരിയായിരുന്നു വെന്ന് കാലം സാക്ഷ്യപ്പെടുത്തി. 

ടി. പത്മനാഭന്‍ ക്ഷോഭത്തോടെ പറഞ്ഞു, ............ നാം ഭയപ്പെടേണ്ടത് ട്രസ്റ്റുകളെയാണ്. ആജീവനാന്ത ട്രസ്റ്റികള്‍ ഏകാധിപത്യത്തിന്റെ ദൃശ്യബിംബങ്ങളാണ്. സിനിമയിലെ ദിലീപുമാരെപ്പോലെ സാഹിത്യത്തിലും ദിലീപുമാരുണ്ടെന്നു ഞാന്‍ സൂചിപ്പിച്ചല്ലോ. 

എനിക്കു പറയാനുള്ളത് പറയാതെ വയ്യ. ട്രസ്റ്റുകളെ സൂക്ഷിക്കുക. ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ അപ്പോള്‍ നമുക്ക് സാഹിത്യത്തിലെ ദിലീപുമാരെ കണ്ടെത്താന്‍ സാധിക്കുമായിരിക്കും. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എന്തും ചെയ്യാമെന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ചരിത്രം പോലും തിരുത്തി എഴുതുകയാണ്. ഇതൊന്നും ശരിയല്ല. ശരിമാത്രമേ നിലനില്‍ക്കുകയുള്ളു. 

ടി. പത്മനാഭന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ വര്‍ഷം പത്മപുരസ്‌കാരത്തിനായി തന്റെ പേര് പരിഗണനാ പട്ടികയില്‍ വന്നതില്‍. പത്മപുരസ്‌കാരങ്ങളും, ജ്ഞാനപീഠവും നോബല്‍ സമ്മാനവും ടി. പത്മനാഭന് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വലിയൊരു കഥാസാമ്രാട്ടിന്റെ കാലു തൊട്ടു സമസ്‌കരിച്ച് ഞങ്ങള്‍ പടിയിറങ്ങി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.