ശശി തരൂരിന് വിദേശത്ത് പോകാന്‍ ഉപാധികളോടെ അനുമതി

Wednesday 1 August 2018 4:35 pm IST
വിദേശത്തേക്ക് പോകുന്നതിന് മുമ്പ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനും തരൂരിനോട് കോടതി നിര്‍ദ്ദേശിച്ചു. മടങ്ങിവന്ന ശേഷം ഈ തുക തരൂരിന് മടക്കി നല്‍കും. യാത്ര വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ന്യൂദല്‍ഹി: ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം‌പിയുമായ ശശി തരൂരിന് വിദേശത്ത് പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി നീക്കി. അമേരിക്ക,​ കാനഡ,​ ജര്‍മനി അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് അനുമതി നല്‍കിയത്.

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനും തരൂരിനോട് കോടതി നിര്‍ദ്ദേശിച്ചു. മടങ്ങിവന്ന ശേഷം ഈ തുക തരൂരിന് മടക്കി നല്‍കും. യാത്ര വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

തരൂര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കോടതി മുമ്പാകെ ഹാജരായി ജാമ്യം എടുത്തിട്ടുണ്ടെന്നതും കണക്കിലെടുത്താണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതെന്ന് ജ്ഡ്‌ജി സമര്‍ വിശാല്‍ പറ‍ഞ്ഞു. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നല്‍കിയാല്‍ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് ഉള്‍പ്പെടെ നിരന്തരം യാത്രചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സുനന്ദയുടെ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ദല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ഈ മാസം ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാനാണ് തരൂരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2014 ജനുവരി 17-നാണ് സുനന്ദയെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.