എയര്‍മാര്‍ഷല്‍ എസ്.ആര്‍.കെ. നായര്‍ വിരമിച്ചു

Thursday 2 August 2018 2:31 am IST

ബെംഗളൂരു: 38 വര്‍ഷത്തെ രാജ്യസേവനത്തന് ശേഷം വ്യോമ സേന ട്രെയിനിങ് കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ എസ്. രാധാകൃഷ്ണന്‍നായര്‍ (എസ്.ആര്‍.കെ. നായര്‍) വിരമിച്ചു. എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫായി(വ്യോമസേന ട്രെയിനിങ് കമാന്‍ഡ്) 2015 സെപ്റ്റംബര്‍ ഒന്നിനാണ് അദ്ദേഹം ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയായ എസ്.ആര്‍.കെ. നായര്‍ 1980-ലാണ് വ്യോമസേനയില്‍ ചേരുന്നത്. 

സേനയിലെ മികച്ച സേവനത്തിന് പരമ വിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വായു സേനാമെഡല്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍, എയര്‍ ലിഫ്റ്റ് സ്‌ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫീസര്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ്(ട്രാന്‍സ്‌പോര്‍ട്ട്), എയര്‍ ഓഫീസര്‍ കമാന്‍ഡിങ്, (എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍, ചണ്ഡീഗഢ്), അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, അസിസ്റ്റന്റ് ചീഫ് എയര്‍ സ്റ്റാഫ് ഓപ്പറേഷന്‍സ്, സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ശ്രീലങ്കയില്‍ നടന്ന ഓപ്പറേഷന്‍ പവന്‍, മാലി ദ്വീപിലെ ഓപ്പറേഷന്‍ കാക്ടസ്, കാര്‍ഗില്‍ ഓപ്പറേഷന്‍ പരാക്രമം തുടങ്ങിയ വ്യോമസേനാദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ ദൗത്യത്തിലും പങ്കെടുത്തിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഉയരം കൂടിയ ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ ഇദ്ദേഹം എ.എന്‍. 32 വിമാനമിറക്കിയിരുന്നു. 7000 മണിക്കൂര്‍ ചരക്ക്, പലിശീലന വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 

ട്രെയിനിങ് കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫായിരിക്കെ വ്യോമസേനാംഗങ്ങളുടെ പരിശീലനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. തിരുവനന്തപുരം ശാസ്തമംഗലം വിജയശ്രീയില്‍ പരേതനായ പി.കെ. ശ്രീധരപ്പണിക്കരുടെയും പി. വിജയകുമാരി അമ്മയുടെയും മകനാണ്. എയര്‍ ഫോഴ്‌സ് വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗീതാഞ്ജലി നായരാണ് ഭാര്യ. കാര്‍ത്തിക നായര്‍ മകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.