വിമാനം തകര്‍ന്ന് കത്തി; 103 യാത്രക്കാരും രക്ഷപ്പെട്ടു

Thursday 2 August 2018 2:33 am IST

മെക്‌സികോ സിറ്റി :  വിമാനം തകര്‍ന്നു വീണ് കത്തിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.  മെക്‌സിക്കോയില്‍, 103  യാത്രക്കാരുമായി  ദുറാങ്കോയിലെ ഗൗഡാല്യൂപ് വിക്‌ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  തലസ്ഥാന നഗരിയായ മെക്‌സിക്കോ സിറ്റിയിലേക്ക് പറന്ന എയ്‌റോമെക്‌സിക്കോ വിമാനമാണ് ഇന്നലെ ശക്തമായ കാറ്റില്‍ തകര്‍ന്നു വീണത്.

പറന്നുയര്‍ന്ന് അല്പ സമയത്തിനകം  കാറ്റിന്റെ ശക്തിയില്‍ വിമാനം നിലം  പതിക്കുകയായിരുന്നു. നിലത്തുതൊട്ട വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടു. വൈകാതെ വിമാനത്തിന് തീപിടിച്ചു. എന്നാല്‍ അതിനു മുമ്പു തന്നെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള 103 യാത്രക്കാരും പുറത്തു കടന്നു. ഇവരില്‍ 97 പേര്‍ക്ക് നിസാര പരിക്കുണ്ട്.  രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പ്രാദേശിക സമയം വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.

ഈ സമയം മഴ പെയ്തത് തീപ്പിടുത്തത്തിന്റെ ഭീ്കരത കുറച്ചെന്നാണ് രക്ഷപ്പെട്ട യാത്രക്കാരുടെ അഭിപ്രായം. വിമാനത്തിന്റെ പ്രധാനവാതില്‍ അടര്‍ന്നു പോയതും, വേഗത്തില്‍ പുറത്തെത്താന്‍ യാത്രക്കാര്‍ക്ക് രക്ഷയായി. 1981 ല്‍ എയ്‌റോമെക്‌സികോ വിമാനത്തിന് തീപ്പിടിച്ച് 32 യാത്രക്കാര്‍ മരിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.