റെയില്‍വേ പോലീസിനെ ശക്തിപ്പെടുത്താന്‍ ശുപാര്‍ശ

Thursday 2 August 2018 2:39 am IST

തിരുവനന്തപുരം: സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ട്രെയിനുകളിലൂടെയുള്ള മയക്കുമരുന്നുകടത്ത് തടയാനും  ഒരു എസ്പിയുടെ കീഴില്‍ റെയില്‍വേ പോലീസ് ഇന്റലിജന്‍സ് ആന്റ് ഓപ്പറേഷന്‍സ് വിഭാഗം ആരംഭിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. റെയില്‍വേ എസ്പി തസ്തിക ഐജി തസ്തികയായി ഉയര്‍ത്തണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. 

റെയില്‍വേ പ്രൊട്ടക്ഷന്‍ സേനയും(ആര്‍പിഎഫ്)കേരള പോലീസിന്റെ ഭാഗമായുള്ള ഗവണ്‍മെന്റ് റെയില്‍വേ പോലീസുമാണ് കേരളത്തിലെ റെയില്‍വേ സുരക്ഷ കൈകാര്യം ചെയ്യുന്നത്. യാത്രക്കാരുടെ സുരക്ഷ, സ്റ്റേഷനുകളിലെ ക്രമസമാധാനപാലനം എന്നിവയാണ് കേരള റെയില്‍വേ പോലീസിന്റെ മുഖ്യചുമതലകള്‍. ഇന്റലിജന്‍സ് എഡിജിപി യുടെ മേല്‍നോട്ടത്തില്‍ റെയില്‍വേ എസ്പിയാണ് ഇപ്പോള്‍ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്. 

റെയില്‍വേ പോലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നതിനാല്‍ പുതിയ തസ്തികകള്‍ അനിവാര്യമാണെന്നും റെയില്‍വേയ്ക്കായി പ്രത്യേക ഡോഗ് സ്‌ക്വാഡ് ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇതോടൊപ്പം റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ആധുനികീകരണം, റെയില്‍വേ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ടെന്ന് റെയില്‍വേ എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.