അഭിമന്യു വധം: പ്രധാന പ്രതികള്‍ എവിടെ? ഉത്തരമില്ലാതെ പോലീസ്

Thursday 2 August 2018 2:41 am IST

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയുമ്പോഴും സംഭവത്തില്‍ നേരിട്ട് പങ്കാളികളായ ഏഴ് പേര് ഇപ്പോഴും ഒളിവില്‍. ഇവര്‍ എവിടാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ആരാണ് അഭിമന്യുവിനെ കുത്തിയതെന്ന കാര്യത്തില്‍ പോലും ഇത്രനാളായിട്ടും ഒരു വ്യക്തത ഉണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത മുപ്പതു പേരുടെ പ്രതിപ്പട്ടിക പോലീസ് തയാറാക്കിയാണ് അന്വേഷണം നടത്തുന്നത്. 

മുപ്പതു പേരില്‍ 15 പേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരും ബാക്കിയുള്ള 15 പേര് പ്രതികളെ രക്ഷപെടാനും ഒളിവില്‍ താമസിക്കാനും സൗകര്യം ഒരുക്കിയവരുമാണെന്നാണ് പോലീസ് ഭാഷ്യം. അഭിമന്യുവിനെ കുത്തിയ പ്രതിയും, പിടിയിലായ ആദിലിന്റെ സഹോദരന്‍ ആരിഫും നെട്ടൂര്‍ സംഘവും അടക്കമുള്ള ഏഴ് പ്രധാന പ്രതികളാണ് ഇനിയും പിടിയിലാവാനുള്ളത്. ഇതില്‍ ഒരാള്‍ കൈവെട്ട് കേസിലെ പതിനാറാം പ്രതിയായ മനാഫാണ്. പ്രധാന പ്രതികള്‍ ഉള്‍പ്പെട്ട സംഘം വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയാറായിട്ടില്ല. 

അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ 15 പേരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ കൊലപാതക സംഘത്തിലുള്ള 15 അംഗ  സംഘത്തിലെ ഫാറൂഖ്, ബിലാല്‍, റിയാസ്, ജെ.ഐ.മുഹമ്മദ്, ആദില്‍, സനീഷ്, മുഹമ്മദ് റിഫ എന്നിവരാണ് റിമാന്‍ഡിലുള്ളത്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ മട്ടാഞ്ചേരി സ്വദേശി സനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ്, കുത്തിയ പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇത് കണ്ടെത്തുന്നതിന് സനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. 

സൈഫുദ്ദീന്‍, നവാസ്, ജഫ്റി, നിസാര്‍, അനൂപ് എന്നിവരെ  പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത അനസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തെങ്കിലും മുഴുവന്‍ പ്രതികളെയും ലഭിച്ചതിന് ശേഷമേ, ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത ഉണ്ടാകുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ മാസം രണ്ടിനാണ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.