ആലപ്പുഴ - ചങ്ങനാശേരി റോഡ് മുങ്ങിയിട്ട് പത്തൊമ്പത് നാള്‍

Thursday 2 August 2018 2:42 am IST
"വെള്ളത്തില്‍ മുങ്ങിയ എ സി റോഡില്‍ ട്രാക്ടറില്‍ സഞ്ചരിക്കുന്നവര്‍"

ആലപ്പുഴ: കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡായ ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ (എ സി റോഡ്) വാഹനഗതാഗതം നിലച്ചിട്ട് പത്തൊമ്പത് ദിവസം. കുട്ടനാടിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന 24.2 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ കെഎസ്ആര്‍ടിസി സര്‍വീസ് ഉള്‍പ്പടെ നിലച്ചതോടെ ജനജീവിതം ദുസ്സഹമാണ്. നെടുമുടി, മങ്കൊമ്പ് ഭാഗങ്ങളിലാണു രൂക്ഷമായ വെള്ളക്കെട്ട്. 

  ഇവിടെ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടാണ്. ആളുകള്‍ ട്രാക്ടറുകളിലും മറ്റുമാണു വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കടന്നുപോകുന്നത്. എ സി റോഡില്‍ ആലപ്പുഴയില്‍ നിന്ന് നെടുമുടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. കൈനകരി ഗുരുമന്ദിരം ജങ്ഷനിലേക്കും സര്‍വീസുണ്ട്. ചങ്ങനാശേരി ഭാഗത്തു നിന്നു പള്ളിക്കൂട്ടുമ്മ വരെയാണു സര്‍വീസ്. ഇടവിട്ട് പെയ്യുന്ന കനത്ത മഴയാണ് റോഡിലെ വെള്ളക്കെട്ട് താഴാതിരിക്കാന്‍ പ്രധാന കാരണം. മങ്കൊമ്പിലും, നെടുമുടിയിലും റോഡിന് സമീപത്തെ പാടശേഖരങ്ങളില്‍ കൃഷിയില്ലാത്തതും, മടകുത്താത്തതുമാണ് റോഡ് വെള്ളത്തിലാകാനുള്ള പ്രധാന കാരണം. വെള്ളം ഇറങ്ങിയ ഭാഗത്തെല്ലാം വന്‍കുഴികളും രൂപപ്പെട്ടിട്ടുണ്ട്. 

  രണ്ടു ദിവസത്തിനുള്ളില്‍ റോഡ് ഗതാഗതയോഗ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. റോഡ് നവീകരണത്തിനു വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ച ശേഷമാകും നവീകരണ ജോലികള്‍ ആരംഭിക്കുക. ഏകദേശം 70 കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റര്‍ പാതയുടെ നവീകരണത്തിനു മൂന്നു കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.