പാതിരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ തുടങ്ങി

Thursday 2 August 2018 2:50 am IST

തലശ്ശേരി: പാതിരിയും കന്യാസ്ത്രികളും കുറ്റാരോപിതരായുള്ള കൊട്ടിയൂര്‍ പീഡനക്കേസിന്റെ വിചാരണ ഇന്നലെ തലശ്ശേരി പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ തുടങ്ങി. ശക്തമായ സുരക്ഷയിലാണ് റോബിന്‍ വടക്കുംചേരിയുടെ പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി.എന്‍.വിനോദ്  രേഖപ്പെടുത്തിയത്. കേസിലെ 10 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. വിചാരണ ആരംഭിക്കുന്നതിന് മുന്‍പെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ പ്രതികള്‍ പരമോന്നത നീതിപീഠം വരെ വിടുതല്‍  സ്‌റ്റേ ഹരജികളുമായി എത്തിയിരുന്നു. എന്നാല്‍ ഏറെ ഗൗരവതരമായ കേസില്‍ തലശ്ശേരി കോടതിയില്‍ വിചാരണ നടക്കട്ടെ എന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് പത്ത് പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായത്. വിചരണ ആഗസ്റ്റ് 24 വരെ തുടരും. 

പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്‍, സഹോദരന്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെ ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട പാതിരി രാജ്യം വിടാനൊരുങ്ങി. കാനഡ ലക്ഷ്യമിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീങ്ങിയ റോബിന്‍ വടക്കുംചേരിയെ വഴിയില്‍വച്ച് പേരാവൂര്‍ പോലീസ് പിടികൂടി. 

ജാമ്യം ലഭിക്കാതെ ഇദ്ദേഹം റിമാന്‍ഡില്‍ തുടരുകയാണ്. പിന്നിട് പാതിരിയുടെ സഹായിയും പള്ളിയിലെ ജീവനക്കാരിയുമായ തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.ഹൈദര്‍ അലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യൂ, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ, സിസ്റ്റര്‍ ഒഫിലിയ, ഫാദര്‍ തോമസ് ജോസഫ് തേരകം. സിസ്റ്റര്‍ ബെറ്റി, തുടങ്ങിയവരും അറസ്റ്റിലായി. ഒന്നാം പ്രതി ഒഴികെയുള്ള ഒമ്പത് പ്രതികളും ജാമ്യത്തിലാണുള്ളത്. 

മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ആന്‍സി മാത്യു, ഡോ.ഹൈദരലി എന്നിവരെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തി സുപ്രിം കോടതി ഇന്നലെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.