കുമ്പസാരത്തിനെതിരെ ഹര്‍ജി

Thursday 2 August 2018 2:59 am IST

കൊച്ചി : ക്രിസ്ത്യന്‍ പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം പുത്തന്‍കുരിശ് മറ്റക്കുഴി സ്വദേശി സി.എസ്. ചാക്കോയാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും വിവിധ ക്രിസ്ത്യന്‍ സഭകളെയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്.

വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും കുമ്പസരിച്ചിരിക്കണമെന്നാണ് വ്യവസ്ഥയെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പള്ളികളില്‍ നിന്ന് തങ്ങള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കില്ലെന്ന ഭയത്താലാണ് മിക്കവരും കുമ്പസാരം നടത്താന്‍ നിര്‍ബന്ധിതരാകുന്നത്. കുമ്പസാരം നടത്തിയില്ലെങ്കില്‍ സഭാ വിലക്കിനിരയാകും. ഒറ്റപ്പെട്ട് ജീവിക്കേണ്ടിയും വരും. അപ്രഖ്യാപിതമായി തുടരുന്ന നിര്‍ബന്ധിത കുമ്പസാരമെന്ന വ്യവസ്ഥ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അനുഷ്ഠിക്കാതെ മറ്റു വഴിയില്ലെന്ന സ്ഥിതിയാണ്.

പാതിരിക്കു മുന്നില്‍ പാപങ്ങള്‍ ഏറ്റു പറയുന്ന തരത്തില്‍ കുമ്പസരിക്കാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ്. കുമ്പസരിച്ചില്ലെന്ന കാരണത്താല്‍ വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനം കൂടിയാണ്.  കുമ്പസരിക്കാത്ത വിശ്വാസികളെ ഒറ്റപ്പെടുത്തുകയും വിലക്കുകയും ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.