നഷ്ടമാവുന്നത് കോടികള്‍ ജലപാതക്കായി എരഞ്ഞോളിപ്പാലം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു

Wednesday 1 August 2018 9:45 pm IST

 

പാനൂര്‍: കൃത്രിമ ജലപാതക്കായി എരഞ്ഞോളി പാലം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച തൂണുകളും കാവല്‍ഭിത്തികളും ഇനി ഉപയോഗ ശൂന്യമാകും. 2016 ല്‍ 20 കോടി വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച പാലമാണിത്. ഒന്നരക്കോടി രൂപ നിലവിലെ പ്രവൃത്തികള്‍ക്കു ചിലവായിക്കഴിഞ്ഞു. മാഹി മുതല്‍ ആരംഭിക്കുന്ന കൃത്രിമ കരജലപാതക്കു കടന്നുപോകാനാണ് പാലം പണി നിര്‍ത്തുന്നത്. തൂണുകള്‍ തമ്മിലുളള അന്തരം 40മീറ്റര്‍ വേണമെന്നതാണ് പ്രധാനമായും പറയുന്നത്. 4.2മീറ്റര്‍ ഉയരവും വര്‍ദ്ധിപ്പിക്കണം. 

കൊച്ചിയങ്ങാടി മുതല്‍ പാനൂര്‍ വഴി ചാടാലപ്പുഴയിലേക്ക് ആരംഭിക്കുന്ന കൃത്രിമ കരജലപാതക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ കൃത്രിമ ജലപാത പ്രതിരോധ സേന ശക്തമായ സമരത്തിലുമാണ്. തന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി എന്തു വിലകൊടുത്തും ഈ പദ്ധതി നടപ്പില്‍ വരുത്തുമെന്ന നിലപാടിലുമാണ്. പാരിസ്ഥിതിക, ജൈവിക സാമൂഹിക, സാമ്പത്തിക ആഘാത പഠനം നടത്താതെയാണ് കുത്തകകള്‍ക്കായി കൃത്രിമ ജലപാത നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധ സേന ആരോപിക്കുന്നു. 

നൂറിലേറെ വീടുകളും വയലുകളും റോഡും പാലങ്ങളും തകര്‍ത്ത് ഒരു വികസനവും ഇവിടെ അനുവദിക്കില്ലെന്ന് പ്രതിരോധസേന ചെയര്‍മാന്‍ രാജേഷ് കൊച്ചിയങ്ങാടി, കണ്‍വീനര്‍ എം.രത്‌നാകരന്‍ എന്നിവര്‍ അറിയിച്ചു. മമ്പറം പാലം നിര്‍മ്മാണവും സമാനരീതിയില്‍ പ്രവൃത്തി നിര്‍ത്തിവെച്ചിട്ടാണുളളത്. ആസൂത്രണമോ പരിശോധനയോ നടത്താതെ കോടികള്‍ വെളളത്തിലാക്കി സര്‍ക്കാര്‍ കാണിക്കുന്ന വികലനയത്തിനെതിരെ ജനരോഷം ശക്തമാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.