വനിതാ ലോകകപ്പ് ഹോക്കി; ഇന്ത്യക്ക് ചരിത്രനേട്ടം

Thursday 2 August 2018 3:10 am IST

ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. 40 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ വനിതകള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. ഇറ്റലിക്കെതിരെ 3-0ന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ടീം പുതിയ ചരിത്രം രചിച്ചത്. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടു.

1978 മാഡ്രിഡ് ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ അവസാന എട്ടിലെത്തിയത്. അന്ന് പക്ഷേ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ അയര്‍ലന്‍ഡാണ്. എന്നാല്‍ പൂള്‍ ഘട്ടത്തില്‍ അയര്‍ലന്‍ഡിനോട് 1-0ന് ഇന്ത്യ തോറ്റിരുന്നു. ഈ പരാജയത്തിന് പകരം വീട്ടി സെമിയിലെത്താനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുന്നത്. ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം.

ലോകറാങ്കിങ്ങില്‍ പതിനേഴാം സ്ഥാനത്തുള്ള ഇറ്റലിക്കെതിരെ പത്താം റാങ്കുകാരായ ഇന്ത്യ റാണി രാംപാലിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ഒമ്പതാം മിനിറ്റില്‍ ലീഡ് നേടി. സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ലാല്‍റെംസിമയിയാണ് ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടറില്‍ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ഈ ഒരു ഗോളിന് മുന്നിട്ടുനിന്നു. 

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് ഉയര്‍ത്തി. പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നേഹ ഗോയലാണ് ഗോള്‍ നേടിയത്. അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ മൂന്നാം ഗോള് വന്നത്. 55-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ വന്ദന കഠാരിയ ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നേരത്തെ പൂള്‍ ബിയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ നോക്കൗട്ട് റൗണ്ടിലെത്തിയത്. അയര്‍ലന്‍ഡിനോട് തോറ്റപ്പോള്‍ ഇംഗ്ലണ്ടിനെയും അമേരിക്കയെയും സമനിലയില്‍ തളച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.