റൂട്ടിന് അര്‍ധസെഞ്ചുറി; ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

Thursday 2 August 2018 3:06 am IST

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക് നീങ്ങുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിട്ടുണ്ട്. 78 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും 49 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോവുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. മധ്യനിരയിലെ വിശ്വസ്തനായ ചേതേശ്വര്‍ പൂജാരയെ ഇന്ത്യ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷ് കൗണ്ടിയിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് പൂജാരയെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇതോടെ ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം കിട്ടി. സ്പിന്നര്‍ ആര്‍. അശ്വിനും വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കും ടീമിലിടം പിടിച്ചു. ഇംഗ്ലണ്ട് നിരയില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് അന്തിമ ഇലവനില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ഏകദിനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആദില്‍ റഷീദ് ടീമിലെത്തി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണറായ അലിസ്റ്റര്‍ കുക്ക് പരാജയപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ 26 റണ്‍സായപ്പോള്‍ 13 റണ്‍സെടുത്ത കുക്ക് ആര്‍. അശ്വിന്റെ പന്തില്‍ ബൗള്‍ഡായി. രണ്ടാം വിക്കറ്റില്‍ ജെന്നിങ്‌സും റൂട്ടും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 98 റണ്‍സായപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 98 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്ത ജെന്നിങ്‌സ് മുഹമ്മദ് ഷാമിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

തുടര്‍ന്നെത്തിയ ഡേവിഡ് മലാന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. എട്ട് റണ്‍സെടുത്ത മലാനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതിനിടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ടെസ്റ്റില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന 15-ാമത്തെ ഇംഗ്ലണ്ട് താരമാണ് റൂട്ട്. ഇന്ത്യക്കായി ഷാമി രണ്ടും അശ്വിന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.