സിന്ധു, ശ്രീകാന്ത്, പ്രണീത് പ്രീ ക്വാര്‍ട്ടറില്‍

Thursday 2 August 2018 3:11 am IST

നാന്‍ജിങ് (ചൈന): സൂപ്പര്‍ താരങ്ങളായ പി.വി. സിന്ധു, കിഡിംബി ശ്രീകാന്ത് എന്നിവര്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്പാനിഷ് താരം പാബ്ലോ അബിയാനെ മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിലാണ് അഞ്ചാം സീഡ് ശ്രീകാന്ത് കീഴടക്കിയത്. 48-ാം റാങ്കുകാരനായ പാബ്ലോ അബിയാന്‍ ശ്രീകാന്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് കീഴടങ്ങിയത്. 62 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 21-15, 12-21, 21-14 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം.

ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ലീഡ് നേടിയ ശ്രീകാന്ത് അനായാസം ജയിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സ്പാനിഷ് താരത്തിന്റെ കരുത്തിന് മുന്നില്‍ ശ്രീകാന്തിന് അടിതെറ്റി. 12 പോയിന്റ് മാത്രം വിട്ടുകൊടുത്ത് അബിയാന്‍ ഗെയിം നേടി. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. തുടക്കത്തില്‍ 11-9ന് സ്പാനിഷ് താരം മുന്നിട്ടു നിന്നെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് നിര്‍ണായക ഗെയിം 21-14ന് സ്വന്തമാക്കി.

പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ല്യൂ ഡാരെനാണ് ശ്രീകാന്തിന്റെ എതിരാളി. ഇസ്രയേലിന്റെ മിഷാ സില്‍ബെര്‍മാനെ 21-16, 21-16ന് പരാജയപ്പെടുത്തിയാണ് ഡാരെന്‍ അവസാന പതിനാറിലെത്തിയത്. വനിതാ സിംഗിള്‍സില്‍ ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് മൂന്നാം സീഡായ പി.വി. സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 35 മിനിറ്റ് മാത്രം നീണ്ട തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ 21-14, 21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. അടുത്ത റൗണ്ടില്‍  ഒമ്പതാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനനാണ് സിന്ധുവിന്റെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരമായ സൈന നെഹ്‌വാള്‍ കഴിഞ്ഞ ദിവസം അവസാന 16-ല്‍ ഇടം നേടിയിരുന്നു.

മറ്റൊരു മത്സരത്തില്‍ ബി. സായ് പ്രണീത് പ്രീക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ എച്ച്.എസ്. പ്രണോയ്, സമീര്‍ വമ്മ എന്നിവരുടെ മുന്നേറ്റം രണ്ടാം റൗണ്ടില്‍ അവസാനിച്ചു. സ്പാനിഷ് താരം ലൂയിസ് എന്റിക്കെ പെരേരയെ 21-18, 21-11 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സായ് പ്രണീത് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ബ്രസീലിയന്‍ താരം കോയലോ ഡി ഒളിവേരയോട് മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങിയാണ് എച്ച്.എസ്. പ്രണോയ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.  55 മിനിറ്റ് നീണ്ട കളിക്കൊടുവില്‍ 8-21, 21-16, 21-5 എന്ന സ്‌കോറിനായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ വിജയം.

മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ലിന്‍ ഡാനോടാണ് സമീര്‍ വര്‍മ പൊരുതി തോറ്റത്. 45 മിനിറ്റ് നീണ്ട കളിയില്‍ 21-17, 21-14 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സമീറിന്റെ തോല്‍വി. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി, രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യങ്ങളും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.