ആശ്വാസമായി സേവാഭാരതി മെഡിക്കല്‍ ക്യാമ്പുകള്‍

Thursday 2 August 2018 3:12 am IST

ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ സേവാഭാരതി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വസമാകുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുള്ളതിനാലാണ് മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് സേവാഭാരതി മുന്‍ഗണന നല്‍കുന്നത്.

നിരവധി ദിവസങ്ങള്‍ ക്യാമ്പുകളിലും വെള്ളക്കെട്ടിലും കഴിയേണ്ടി വന്നതിനാല്‍ പലരും പനിയടക്കമുള്ള രോഗങ്ങളാല്‍ അവശരാണ്. സേവാഭാരതി പ്രവര്‍ത്തകരും, വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ ജീവനക്കാരും വള്ളത്തിലും കാല്‍നടയായും മുട്ടറ്റം വെള്ളത്തില്‍ നീന്തിയുമാണ് ആതുരസേവനത്തിനെത്തുന്നത്. തങ്ങള്‍ക്ക് സൗകര്യമുള്ള സ്ഥലത്തല്ല, ദുരിതബാധിതര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നിടത്താണ് ചികിത്സാ സൗകര്യം ഒരുക്കുന്നതെന്ന് സേവാഭാരതി അധികൃതര്‍ പറഞ്ഞു. 

 ഇന്നലെ വരെ പത്ത് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ഇനി പതിനാറ് ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം കൂട്ടും. നൂറുകണക്കിനാളുകളാണ് മെഡിക്കല്‍ ക്യാമ്പുകളിലെത്തി ചികിത്സ തേടുന്നത്. അത്യാവശ്യം മരുന്നുകളും, രക്തസമ്മര്‍ദ്ദം അടക്കമുള്ള പരിശോധനകളും ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ശുദ്ധജലവും വ്യാപകമായി വിതരണം ചെയ്യുന്നു. 

 സര്‍ക്കാരിന്റേതടക്കം മതിയായ സഹായങ്ങള്‍ എത്താത്ത ഉള്‍പ്രദേശങ്ങളിലെ ക്യാമ്പുകളിലും, കഞ്ഞി വീഴ്ത്ത് കേന്ദ്രങ്ങളിലും പ്രത്യേകമായി അരിയടക്കമുള്ള ഭക്ഷണ സാമഗ്രികളും എത്തിക്കുന്നുണ്ട്. കുട്ടനാട് പഴയ അവസ്ഥയിലേക്ക് മടങ്ങി വരും വരെ സഹായപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് സേവാഭാരതിയുടെ തീരുമാനം. 

 കഴിഞ്ഞ ദിവസം കൈനകരി കുട്ടമംഗലത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ശങ്കരന്റെ നേതൃത്വത്തില്‍ ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജില്ലാ സേവാപ്രമുഖ് കെ.പി. ഗിരീഷ്, ജില്ലാ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി. ഉദയന്‍, ജില്ലാ സഹ സമ്പര്‍ക്ക പ്രമുഖ് കെ. ബിജു തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.