കോച്ച് ഫാക്ടറി പ്രതിഷേധം; തമ്മിലടിച്ച് ഇടത്, വലത് എംപിമാര്‍

Thursday 2 August 2018 3:13 am IST

ന്യൂദല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ തമ്മിലടിച്ച് എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍. കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നാരോപിച്ച് കേരള എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ നടത്തിയ ധര്‍ണയില്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുത്തില്ല. ധര്‍ണ ഇടത് എംപിമാരുടെ പ്രതിഷേധം മാത്രമായി ഒതുങ്ങി. ഇതിന് പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി എംപിമാര്‍ രംഗത്തെത്തി.

യുഡിഎഫ് എംപിമാരോട് ആലോചിക്കാതെയാണ് ധര്‍ണ്ണ നടത്തിയതെന്ന് കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇത് തള്ളി പി. കരുണാകരന്‍ എംപി രംഗത്തുവന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ലോക്‌സഭയില്‍ വെച്ച് യോജിച്ച് പ്രവര്‍ത്തിക്കാമെന്ന് കെ.സി. വേണുഗോപാലിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എം.ബി. രാജേഷും വേണുഗോപാലും സംസാരിച്ചാണ് സമരത്തിന് ധാരണയിലെത്തിയത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ യോജിച്ച് ഉന്നയിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇനിയെങ്കിലും യുഡിഎഫ് സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

വിഷയത്തില്‍ നേരത്തെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റെയില്‍ ഭവന് മുന്നില്‍ നടന്ന എല്‍ഡിഎഫ് പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ദല്‍ഹിയിലുണ്ടായിരുന്നിട്ടും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും കഞ്ചിക്കോട് ഉള്‍പ്പെടുന്ന മലമ്പുഴയിലെ എംഎല്‍എയുമായ വി.എസ്. അച്യുതാനന്ദനെ പ്രതിഷേധത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. പിറ്റേ ദിവസം റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി പിണറായിക്ക് വി.എസ്. മറുപടിയും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.