അനധികൃത കുടിയേറ്റത്തില്‍ മമത

Thursday 2 August 2018 3:15 am IST

ന്യൂദല്‍ഹി:ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്ന വിഷയത്തില്‍ മമതാ ബാനര്‍ജിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയം പരിഹാസ്യമാകുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അസം സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രതിപക്ഷത്ത് ഏറ്റവും ശക്തമായി രംഗത്തുവന്നത്. രാജ്യത്ത് ചോരപ്പുഴയൊഴുകും, ആഭ്യന്തര യുദ്ധമുണ്ടാകും എന്നൊക്കെയാണ് മമതയുടെ ഭീഷണി. ഇതേ മമതയാണ് ബംഗാള്‍ സിപിഎം ഭരിക്കുമ്പോള്‍ ബംഗ്ലാദേശികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. 

2005 ആഗസ്ത് നാലിനായിരുന്നു ലോക്‌സഭയില്‍ മമതയുടെ 'പ്രകടനം'. ബംഗാളിലെ അനധികൃത കുടിയേറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മമത നല്‍കിയ നോട്ടീസ് ഡപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിംഗ് അത്‌വാള്‍ തള്ളിയിരുന്നു. ഇതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് മമത ബഹളം വച്ചു. ബംഗ്ലാദേശികള്‍ സംസ്ഥാനത്ത് ദുരന്തമുണ്ടാക്കുകയാണ്. അവര്‍ വോട്ടര്‍ പട്ടികയിലും കയറിക്കൂടി. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് വിഷയം നിര്‍ബന്ധമായും സഭ ചര്‍ച്ച ചെയ്യണം. മമത ആവശ്യപ്പെട്ടു. ഇതോടെ മമതക്കെതിരെ ഇടത് പാര്‍ട്ടികള്‍ രംഗത്തുവന്നു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ മമത താന്‍ രാജിവെക്കുകയാണെന്ന് പറഞ്ഞ് ഡപ്യൂട്ടി സ്പീക്കറിന്റെ മുഖത്തേക്ക് പേപ്പര്‍ വലിച്ചെറിഞ്ഞ് സഭ വിട്ടിറങ്ങി.

മമത മാപ്പ് പറയണമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി മമതയെ പിന്തുണച്ചു. രാജി സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി തള്ളി. ഈ മമതയാണ് ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷകരായി രംഗത്തുള്ളത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഭരണത്തിലെത്തിയാല്‍ ബംഗാളിലും പൗരത്വ രജിസ്ട്രി തയ്യാറാക്കുമെന്ന് ബിജെപി വ്യക്തമാക്കുകയും ചെയ്തു. ബംഗാളില്‍ നേരത്തെ സിപിഎമ്മിനായിരുന്നു ബംഗ്ലാദേശികളുടെ പിന്തുണയെങ്കില്‍ ഇപ്പോഴത് മമതക്കാണ്. 

കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.