പാടിപ്പാടി ഉറക്കാന്‍ ഇനി ഉംബായി ഇല്ല

Thursday 2 August 2018 3:18 am IST

സൈഗാള്‍, നിന്‍ രാജകുമാരിയെ നീ പാടിപ്പാടി ഉറക്കൂ എന്ന് പാടാന്‍ ഇനി ഉംബായി ഇല്ല. മലയാളികള്‍ക്കിടയില്‍ ഗസലിന്റെ ജനകീയമുഖമായിരുന്ന ഉംബായി വിട വാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാളം ഗസലുകളാല്‍ ആ സംഗീതധാരയെ ജനകീയമാക്കിയ ഗായകനെയാണ്. ഗസല്‍ എന്നാല്‍ മലയാളിക്ക് ഉംബായിയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം പോലും കേരളത്തില്‍ പ്രശസ്തമല്ലാതിരുന്ന കാലഘട്ടത്തിലാണ് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയുമായി ഉംബായിയുടെ കടന്നുവരവ്.  മലയാളത്തിലുള്ള ഗസല്‍ ഗാനങ്ങളുമായി അദ്ദേഹം സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടി.   1300 ഓളം വേദികളില്‍ അദ്ദേഹം തന്റെ ഗസലുമായി യാത്ര ചെയ്തു. 

പി.ഭാസ്‌കരന്‍, ഒഎന്‍വി. കുറുപ്പ്, യൂസഫലി കേച്ചേരി, സച്ചിദാനന്ദന്‍, വേണു വി.ദേശം, പ്രദീപ് അഷ്ടമിച്ചിറ എന്നിവരുടെയെല്ലാം വരികള്‍ക്ക് ഗസലിന്റെ പരിവേഷം ചാര്‍ത്തി നല്‍കി ഉംബായി. പാടുക സൈഗാള്‍ പാടൂ നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. അത്രമേല്‍ ഹൃദ്യമാണ് ആ വരികളും ആലാപനവും. ഒഎന്‍വിയുടേതായിരുന്നു രചന. ഉംബായിക്കുവേണ്ടി ഇരുപതോളം കവിതകളാണ് ഒഎന്‍വി രചിച്ചത്. 

ഗസലോ അതെന്ത് എന്ന് നെറ്റിചുളിച്ചവര്‍ക്ക് മുന്നിലേക്ക് ഗസലുമായെത്തിയ ഉംബായിക്ക് മലയാളികള്‍ വന്‍ വരവേല്‍പ്പ് നല്‍കി എന്നതാണ് ആദ്യത്തെ അത്ഭുതം. കവിതയും സിനിമാ ഗാനങ്ങളും കേട്ടു ശീലിച്ചവര്‍ക്ക് മുന്നില്‍ ഈണം കൊണ്ടും ഭാവതീവ്രതകൊണ്ടും അവയെയെല്ലാം കടത്തിവെട്ടി ഉംബായിയുടെ ഗസലുകള്‍. സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, കല്ലല്ല മരമല്ല തുടങ്ങിയ ഗാനങ്ങള്‍ യൂസഫലി കേച്ചേരിയാണ് രചിച്ചത്. പാടുക സൈഗാള്‍ പാടൂ, സുഖരാത്രി ഒടുങ്ങുകയായി, നന്ദി പ്രിയ സഖി നന്ദി തുടങ്ങിയ വരികള്‍ ഒഎന്‍വിയുടേതാണ്. പ്രണാമം, പാടുക സൈഗാള്‍ പാടൂ, നന്ദി പ്രിയ സഖീ നന്ദീ, അകലെ മൗനം പോല്‍, ഒരിക്കല്‍ നീ പറഞ്ഞൂ, പിന്നെയും പാടുന്നു സൈഗാള്‍, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു തുടങ്ങിയവയാണ് ഉംബായിയുടെ പ്രശസ്തമായ ആല്‍ബങ്ങള്‍. ഭൈരവി രാഗത്തോടായിരുന്നു പ്രിയം കൂടുതല്‍. അതുകൊണ്ടുതന്നെയാണ് തന്റെ ആത്മകഥയ്ക്ക് രാഗം ഭൈരവി എന്ന പേരുനല്‍കിയതും. 

അത്യന്തം സംഭവബഹുലമായിരുന്നു  ഉംബായിയുടെ ജീവിതം. ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന വിധത്തില്‍ അനുഭവങ്ങളിലൂടെ പരുവപ്പെട്ട ജീവിതമായിരുന്നു ഉംബായിയുടേത്. ദാരിദ്രത്താല്‍ വലഞ്ഞ നാളുകളില്‍ അല്‍പസ്വല്‍പം ഗുണ്ടായിസവും കള്ളക്കടത്തും എല്ലാം ജീവിതത്തിലുണ്ടായിരുന്നതായി ഉംബായി തന്റെ ആത്മകഥയായ രാഗം ഭൈരവിയില്‍ പറഞ്ഞിട്ടുമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.