അയ്യപ്പൻ്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കപ്പെടണം; സുപ്രീം കോടതി

Thursday 2 August 2018 3:20 am IST

ന്യൂദല്‍ഹി: ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എട്ടു ദിവസങ്ങളായി നടന്ന വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. 

മൂര്‍ത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കാന്‍ അവകാശമുണ്ടെങ്കിലും അവകാശങ്ങള്‍ ഭരണഘടനാ പരമായ പരിശോധനകള്‍ക്ക് വിധേയമാണ്. എന്നാല്‍ മൂര്‍ത്തിയുടെ സ്വകാര്യതാ അവകാശവും വ്യക്തിയുടെ സ്വകാര്യതാ അവകാശവും വ്യത്യസ്തമാണ്. വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മൂര്‍ത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം മൂലമാണ് സ്ത്രീ പ്രവേശന നിയന്ത്രണമെന്ന വാദമെന്നും ഇവിടെ സ്ത്രീ പുരുഷ തുല്യതയുടെ ലംഘനം എവിടെ വരുന്നെന്നും ജസ്റ്റിസ് നരിമാന്‍ ആരാഞ്ഞു. വിവേചനം ഇല്ലാതാക്കുന്ന ഭരണഘടനയുടെ 15,1 അനുച്ഛേദം ക്ഷേത്രങ്ങള്‍ക്ക് എങ്ങനെ ബാധകമാകുമെന്നും ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. ഹര്‍ജിക്കാരുടെ അഭിഭാഷകനായ ആര്‍.പി ഗുപ്ത  നല്‍കിയ പത്രവാര്‍ത്തകള്‍ പരിശോധിക്കാനും കോടതി വിസമ്മതിച്ചു. 

ശബരിമലയില്‍ സ്ത്രീ പ്രവേശന വിലക്ക് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ശബരിമലയിലെ ഭക്തര്‍ പ്രത്യേക വിഭാഗമല്ലെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അയ്യപ്പ ഭക്തര്‍ക്കില്ലെന്നും കേരളം വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന കേരളാ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പ് റദ്ദാക്കുകയല്ല വേണ്ടത്. പകരം ആര്‍ത്തവ കാലത്ത് സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് മാറ്റി വായിക്കുകയാണ് വേണ്ടത്, സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ വാദിച്ചു. സ്ത്രീ പ്രവേശനത്തിന് വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി അഡ്വ സുരേന്ദ്രനാഥ് ഹാജരായി. 

ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം തുടരണമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രാമമൂര്‍ത്തി ആവശ്യപ്പെട്ടു. ശബരിമലയിലേത് മതവിശ്വാസത്തിന്റെ ഭാഗമായ ആചാരമാണെന്നും നിയമ പരിശോധന പാടില്ലെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു. ദേശീയഗാന കേസില്‍ യഹോവ വിശ്വാസികള്‍ക്ക് ദേശീയഗാനം പാടാതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ വിധിയെന്ന് രാമമൂര്‍ത്തി ഓര്‍മിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം വിശ്വാസത്തിന്റെ ഭാഗമായ ആചാരമാണ്. ഇതു ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ലെന്നും അമിക്കസ്‌ക്യൂറി വാദിച്ചു. കേസിലെ മറ്റൊരു അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എസ്. സന്ദീപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.