കൊട്ടിയൂർ പീഡനം; പെണ്‍കുട്ടി കൂറ് മാറി

Thursday 2 August 2018 7:45 am IST

കണ്ണൂര്‍: വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കൂറ് മാറി. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. 

ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി.  അതേസമയം പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാനായാല്‍ പോക്‌സോ നിയമ പ്രകാരം വൈദികന് എതിരായ കേസ് നില നില്‍ക്കും. 

ബാഹ്യപ്രേരണയാലെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചെന്നാണ് കേസ്. തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27നാണ് പേരാവൂര്‍ പോലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.