കാറഡുക്കിയിലും സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ട്

Thursday 2 August 2018 12:46 pm IST
18 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ എറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് നിലവില്‍ ഏഴ് അംഗങ്ങളാണുള്ളത്. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്‌നയ്‌ക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിട്ടപ്പോഴാണ് കോമാലീ സഖ്യം രൂപപ്പെട്ടത്.

കാസര്‍കോട്: ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്. കാസര്‍കോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ്-സിപിഎം-ലീഗ് കക്ഷികള്‍ കൈകോര്‍ത്തത്. കോമാലീ സഖ്യം നിലവിലെ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാണ് ഭരണത്തിലേറിയത്. 

18 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ എറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് നിലവില്‍ ഏഴ് അംഗങ്ങളാണുള്ളത്. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്‌നയ്‌ക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിട്ടപ്പോഴാണ് കോമാലീ സഖ്യം രൂപപ്പെട്ടത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ട് വോട്ട് ലഭിച്ചു. സിപിഎം 4, സിപിഎം സ്വതന്ത്രന്‍ ഒന്ന്, യുഡിഎഫ് 2, കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഒന്ന് എന്നിവരാണ് അനുകൂലിച്ചത്. ഏഴ് ബിജെപി അംഗങ്ങളാണ് അവിശ്വാസപ്രമേയത്തെ എതിര്‍ത്തത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ബാലകൃഷ്ണനായിരുന്നു വരണാധികാരി. 

പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നാലുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ബിജെപി അംഗമായിരുന്ന മുന്‍ പ്രസിഡന്റ് ജി. സ്വപ്‌ന പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങളെത്തിക്കാനാണ് ശ്രമിച്ചത്. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം 90 ശതമാനത്തിലേറെ നികുതി പിരിച്ചു. തനതു ഫണ്ടിലുണ്ടായ ഈ വര്‍ധനയുടെ ഗുണം വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി സകര്‍മ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് യോഗനടപടികള്‍ തുടങ്ങിയത് കാറഡുക്കയിലാണ്. ഇതിനു പുറമെ പഞ്ചായത്ത് ആസ്ഥാനമായ മുള്ളേരിയ ടൗണിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ ഒട്ടേറെ ഇടപെടലുകള്‍ നടത്തി. നഗരത്തില്‍ ഇതിനായി ട്രാഫിക് സംവിധാനത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. ഇതിനു പുറമെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലും പഞ്ചായത്തിനു നേട്ടമുണ്ടാക്കി. തെരുവ് വിളക്കില്ലാത്ത പ്രദേശങ്ങളിലെല്ലാം വിളക്കുകള്‍ സ്ഥാപിച്ചു. പഞ്ചായത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കാനേ ഇന്നലെ രൂപപ്പെട്ട കോമാലീ സഖ്യഭരണത്തിലൂടെ സാധ്യമാവുകയുള്ളുവെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.