പാലക്കാട്ട് മൂന്നുനില കെട്ടിടം ഇടിഞ്ഞുവീണ് 10 പേര്‍ക്ക് പരിക്ക്

Thursday 2 August 2018 1:46 pm IST
കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമായിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നോടെയാണ് ദുരന്തമുണ്ടായത്. ഉച്ചയൂണിനായി പല സ്ഥാപനങ്ങളും അടച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പോലീസ്.

പാലക്കാട്:  മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം  എഴുപത് വര്‍ഷം പഴക്കമുള്ള മൂന്നുനിലകെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ക്ക് പരിക്ക്. നാല്‍പ്പതോളം കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ ആറ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. പോലീസും അഗ്‌നിശമനസേനയും ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ചുരുങ്ങിയ സമയംകൊണ്ട് മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരുഹോട്ടല്‍ കുറച്ചുമാസമായി അടച്ചിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. 

പാലക്കാട്, കടുക്കാംകുന്നം, ജഗദീഷ് (41), നൂറണി, പുതുപ്പളളി സ്ട്രീറ്റ്, ഷെഫീക്ക് (28), കല്ലേപ്പുളളി, നാരായക്കാട്, ശിവരാമന്‍ (38)  എലപ്പുളളി, കൂളിയോട്, പാറക്കല്‍, പ്രവീണ (24), ചിറ്റൂര്‍, അണിക്കോട്, വൈശാഖ് (26) കളപ്പെട്ടി, തെക്കുംപുറം, ശാലിനി,  വടക്കന്തറ, രാം നഗര്‍, സുനില്‍ (43), എടത്തറ, കുന്നത്തുംപാറ, സുഭാഷ് (42), നൂറണി,പൂളക്കാട്,മുഹമ്മദ് ഷാഫി (29), ചാത്തപ്പുരം, ഏഷ്യന്‍ പെയിന്റ്‌സ്, മാങ്കാവ്, കാരക്കാട്ട്, ജോണി (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജോണിയൊഴികെ മറ്റെല്ലാവരും തകര്‍ന്നകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവരാണ്. അപകടം കണ്ടയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ജോണിക്ക് തലയില്‍കമ്പികുത്തിയാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചക്ക് ഒന്നേകാലോടെയാണ്  അപകടം. മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള എവി ടൂറിസ്റ്റ് ഹോമിന്റെ ഒരുഭാഗമാണ് തകര്‍ന്ന് വീണത്. അടച്ചിട്ട ഹോട്ടലിന്റെയും ഇവര്‍തന്നെ നടത്തുന്ന കൂള്‍ബാറിന്റെയും  അറ്റകുറ്റപ്പണിയുടെ ഭാഗമായി  പഴയബീമുകളിലൊന്ന് പൊളിക്കാന്‍ ശമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഘട്ടംഘട്ടമായി  കെട്ടിടം തകര്‍ന്നുവീണതിനാലാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.