രാഷ്ട്രത്തലവന്മാർ ആരെയും ക്ഷണിക്കുന്നില്ല; സത്യപ്രതിജഞാ ചടങ്ങ് ലളിതമെന്ന് ഇമ്രാൻ ഖാൻ

Thursday 2 August 2018 3:00 pm IST

ഇസ്ലാമബാദ്: ഇമ്രാൻ ഖാൻ്റെ സത്യപ്രതിജഞാ ചടങ്ങിലേക്ക് വിദേശരാഷ്ട്രങ്ങളുടെ നേതാക്കളെ ക്ഷണിക്കുന്നില്ല. പാക്ക് ദേശീയ മാധ്യമമായ ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശ രാഷ്ട്രത്തലവന്മാരെയോ മറ്റ് വിശിഷ്ട വ്യക്തികളെയോ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടയെന്നാണ് ഇമ്രാൻ ഖാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ആർഭാടങ്ങളില്ലാതെ ഐവാൻ-ഇ-സദനിൽ വച്ച് ( രാഷ്ട്രപതി മന്ദിരം) സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിൽ മറ്റ് രാഷ്ട്രങ്ങളുടെ നേതാക്കളുടെ സാന്നിധ്യം ആവശ്യമില്ല, ഈ ചടങ്ങ് തീർത്തും രാജ്യത്തിൻ്റേതു മാത്രമാണെന്ന് പിടിഐ വക്താവ് ഫഹദ് ചൗധരി പറഞ്ഞു. അതേ സമയം ഇമ്രാൻ ഖാനോട് അടുത്ത സൗഹൃദം പുലർത്തുന്ന ചുരുക്കം ചില വ്യക്തികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നും അദ്ദേഹത്തോട് അടുത്ത ബന്ധം പുലർത്തുന്ന മുൻ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ, നവജോത് സിങ് സിദ്ധു സിനിമ താരം ആമീർ ഖാൻ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാക്ക് തെരഞ്ഞെടുപ്പിൽ 115 സീറ്റുകൾ നേടി പിടിഐ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആഗസ്ത് 11നാണ് ഇമ്രാൻ ഖാൻ പാക്ക് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.