ഋഷിരാജ് സിങ് സിനിമ പറയുന്നു

Thursday 2 August 2018 3:27 pm IST
രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നെത്തി മലയാള സിനിമയെ പ്രണയിച്ച ഒരാളുണ്ട്. 1985 ല്‍ കേരള കേഡറില്‍ ഐപിഎസ് ഓഫീസറായ ഋഷിരാജ് സിംഗ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സിംഗിന് മലയാളം വഴങ്ങില്ലായിരുന്നു. അന്ന് ഡിഐജിയായിരുന്ന സുകുമാരന്‍ നായരാണ് മലയാളം സിനിമ കണ്ടാല്‍ നന്നായി മലയാളം സംസാരിക്കാനാകുമെന്ന് ഉപദേശിച്ചത്. ഡിഐജിയുടെ വാക്ക് കേട്ട് മലയാളം പടം കാണാന്‍ തീയേറ്ററില്‍ പോയ സിംഗ് പിന്നീട് അത് ഒരു ശീലമാക്കി. തിരക്കിട്ട ജോലികള്‍ക്കിടയിലും മലയാളം സിനിമ കാണാന്‍ സിംഗ് ഇന്നും സമയം കണ്ടെത്തും. സിംഗിന്റെ മലയാളം ഇന്ന് ചില മലയാളികളുടേതിനേക്കാള്‍ മികച്ചതാണ്. അതിന് കാരണം മലയാളത്തിലെ വെള്ളിത്തിരയും. ജോലിയില്‍ സത്യസന്ധതയും കൃത്യനിഷ്ഠയും കാത്തുസൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം ഒരു സാധാരണക്കാരനായ സിനിമാ ആസ്വാദകന്‍ എന്ന നിലയില്‍ ഋഷിരാജ് സിംഗിന് ഏറെ പറയാനുണ്ട്.

 • കഥയാണ് മലയാള സിനിമയിലെ സ്റ്റാര്‍

ഒരു വലിയ ഹീറോ ആയിരിക്കണം, നല്ല ഹീറോയിനായിരിക്കണം, നല്ല സംഗീതം വണം, സംവിധായകന്‍ ഒരു വലിയ ആളായിരിക്കണം.... മലയാള സിനിമയില്‍ ഇങ്ങനെയുള്ള നിബന്ധനകളൊന്നുമില്ല. നല്ല ഒരു കഥയുണ്ടെങ്കില്‍ കുറഞ്ഞ ബജറ്റില്‍ ഇവിടെ മികച്ച ഒരു സിനിമയുണ്ടാക്കാം. ശരിക്കും കഥയാണ് മലയാള സിനിമയിലെ സ്റ്റാര്‍. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല. തമിഴ്, തെലുങ്ക് സിനിമകളില്‍ നാട്ടുകാരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നല്ല പാട്ട് കാണിച്ച് കുടുക്കുക, നല്ല സംഗീതം, നൃത്തത്തിന് പുതിയ സ്റ്റെപ്പ് എടുക്കുക, ഫൈറ്റ് സീനുകള്‍ വല്ലാത്ത രീതിയില്‍ അവതരിപ്പിക്കുക. ഇതൊക്കെയാണ് അവിടത്തെ തന്ത്രം. 

ഇവിടെ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ വീട്ടില്‍ ജോലി ചെയ്യുന്നതു പോലെയാണ് അഭിനയിക്കുന്നത്. മമ്മൂട്ടി 'രാപ്പകല്‍' എന്ന സിനിമയില്‍ കാര്യസ്ഥനായി അഭിനയിച്ചു. 'നാടോടിക്കാറ്റി'ല്‍ മോഹന്‍ലാല്‍ പച്ചക്കറിക്കച്ചവടക്കാരനായി. 'കഥപറയുമ്പോള്‍' എന്ന സിനിമയില്‍ ശ്രീനിവാസന്‍ ബാര്‍ബറായി വേഷമിട്ടു. തമിഴിലോ ഹിന്ദിയിലോ തെലുങ്കിലോ കന്നഡയിലോ ആലോചിക്കാന്‍ പോലും പറ്റാത്തകാര്യമാണിതൊക്കെ. അവിടത്തെ സിനിമാ ആസ്വാദകര്‍ക്ക് ഹീറോകള്‍ ദൈവങ്ങളാണ്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, കമലഹാസന്‍, ധനുഷ്, വെങ്കിടേഷ്, പ്രഭാസ് എന്നിവരെ കാണുന്നത് ദൈവത്തെപ്പോലെയാണ്. ഈ ദൈവങ്ങള്‍ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന ആളുകളെ അടിച്ചുമലര്‍ത്തുന്നു. അതുകാണാനാണ് അവര്‍ക്ക് താത്പര്യം. അതിന് അവരെ കുറ്റം പറയാനാവില്ല. 

എപ്പോഴും ദരിദ്രരായി കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചിലപ്പോള്‍ മോശമായിട്ടായിരിക്കും അവരോട് പെരുമാറുക, ജോലി കൊടുക്കുന്ന ഉടമസ്ഥനും മുതലാളിയും അവരെ ദ്രോഹിക്കുന്നുണ്ടാകും. ഇതിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാറില്ല. ദൈവത്തെപ്പോലെ കാണുന്ന ഹീറോകള്‍ അത്തരക്കാരെ അടിച്ചു മലര്‍ത്തുന്നുണ്ടല്ലോ എന്നാണ് അവര്‍ ചിന്തിക്കുന്നത്. അത്തരം സിനിമ കണ്ട് അവര്‍ ആഹ്ലാദിക്കുന്നു. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തത് ഹീറോ ചെയ്യുന്നുണ്ടല്ലോ എന്നാണ് അവരുടെ ചിന്ത. പക്ഷേ, ഇതിന്റെയൊന്നും ആവശ്യം മലയാള സിനിമയ്ക്ക് ഇല്ല.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ അഴിമതി ഇവിടെ വളരെ കുറവാണ്. കൂടാതെ ആളുകള്‍ സാക്ഷരരാണ്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരുപരിധിവരെ മാത്രമേ നാട്ടുകാരെ ശല്യം ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് ഹീറോയെ ദൈവമായി കാണേണ്ട ആവശ്യം ഇവിടില്ല. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ തുടങ്ങിയ ഏത് സിനിമയെടുത്താലും ഏറ്റവും മികച്ചത് മലയാളത്തിലേ ഉണ്ടായിട്ടുള്ളൂ.

പ്രേംനസീര്‍, മധു, കെ.പി. ഉമ്മര്‍ എന്നിവരുടെ സിനിമകള്‍ നോക്കണം. ജീവിത ഗന്ധിയായ സിനിമകളായിരുന്നു എല്ലാം. ചട്ടക്കാരി, ഭാര്യമാരെ സൂക്ഷിക്കുക, തുടങ്ങിയ സിനിമകളുടെ കഥകള്‍ നോക്കണം. തൊട്ടടുത്തുള്ള വീടുകളില്‍ നടക്കുന്ന സംഭവം പോലെയല്ലേ കാണിച്ചത്. ഇന്നും ഇങ്ങനെയാണ് ഇവിടത്തെ സിനിമ സഞ്ചരിക്കുന്നത്. സൈക്കിള്‍, കഥപറയുമ്പോള്‍, വെള്ളിമൂങ്ങ... ഏത് രീതിയിലും സിനിമയെടുക്കാനുള്ള ചങ്കൂറ്റം ഇവിടത്തെ സംവിധായകര്‍ക്കുണ്ട്. കഥയെ സ്റ്റാറായി കാണുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. 

 • അന്നും ഇന്നും നായികാ ദാരിദ്ര്യം

നായികമാരുടെ അഭാവമാണ് മലയാള സിനിമ നേരിടുന്ന വെല്ലുവിളി. അത് ഇപ്പോഴുള്ളതല്ല, പണ്ടുമുതലേയുള്ളതാണ്. ശാരദ, ഷീല, ശ്രീവിദ്യ എന്നിവര്‍ മാത്രമേ പണ്ട് എടുത്തു പറയാവുന്ന നായികമാരായി ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ ഇറങ്ങുന്ന 70 ശതമാനം ചിത്രങ്ങളിലും ഇവരായിരുന്നു. ഇപ്പോള്‍ ഏതൊരു പെണ്ണുവന്നാലും രണ്ടും മൂന്നും സിനിമയ്ക്കുശേഷം കാണാനുണ്ടാവില്ല. കാവ്യാമാധവന്‍ നന്നായിട്ടു വന്നു. കുറച്ചു സിനിമകള്‍ കഴിഞ്ഞപ്പോള്‍ അവരെയും കാണാതായി. പക്ഷേ, ഇവിടെ നായികമാര്‍ക്ക് കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാന്‍ കഴിയാറില്ല. 10 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ നായികമാര്‍ ചുരുക്കം. എന്തുകൊണ്ടാണ് അതെന്നറിയില്ല. 

പക്ഷേ, നായകരുടെ കാര്യം വ്യത്യസ്തമാണ്. പ്രേംനസീര്‍, ഉമ്മര്‍, ജയന്‍, മധു.... ഒരുപാട് നായകര്‍ വന്നു. ഇന്നും അതുപോലെ തന്നെയാണ് അവസ്ഥ. മമ്മൂട്ടിയും മോഹന്‍ലാലും 35 വര്‍ഷമായി ഒന്നാം സ്ഥാനത്തല്ലേ? പുതിയ ഒട്ടേറെ നായകര്‍ വന്നില്ലേ? പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍... അങ്ങനെ ഒരുപാട്. ഒപ്പം, പണ്ടു കാലത്തുള്ള നായകര്‍ ഇന്നും അഭിനയ രംഗത്ത് തുടരുന്നു. നടിമാരുടെ കാര്യം അതാണോ?

 • മലയാള നടന്‍മാര്‍ സൂപ്പര്‍

സുകുമാരന്റെ അഭിനയമാണ് ഏറെ ഇഷ്ടം. ഇവിടെ എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. ഒരാളുടെ പേര് മാത്രമായി പറയാനാവില്ല. മമ്മൂട്ടിയെ നോക്കുക. ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാനാളില്ല. അദ്ദേഹം നല്ല തയ്യാറെടുപ്പോടെയാണ് അഭിനയിക്കുന്നത്. മോഹന്‍ലാലിനെ എടുക്കുക. സ്വാഭാവികമായ അഭിനയമാണ്. ശരിക്കും ജീവിതത്തില്‍ പെരുമാറുന്ന പോലെയാണ് അദ്ദേഹത്തിന്റെ അഭിനയം. സുരേഷ് ഗോപിയുടെ പോലീസ് ചിത്രങ്ങള്‍ നോക്കുക. എത്ര നന്നായാണ് അദ്ദേഹം ആ റോള്‍ കൈകാര്യം ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സുരേഷ് ഗോപിയില്‍ നിന്ന് കിട്ടിയതുകൊണ്ട് ഇവിടെ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിച്ചു. 'കമ്മീഷണര്‍' അതിലൊന്ന് മാത്രം. സുരേഷ് ഗോപിയുടെ കഥാപാത്രം അദ്ദേഹത്തിന്റെ മനസിലുള്ളത് തുറന്ന് പറയും. മോശക്കാരായവര്‍ക്കെതിരെ പ്രതികരിക്കും. അത് മുഖ്യമന്ത്രിയായാലും ആരായാലും ശരി. അതിനാല്‍, പാവപ്പെട്ടവര്‍ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ആളുണ്ട് എന്ന തോന്നലുണ്ട്. സുരേഷ് ഗോപി ചിത്രങ്ങളുടെ വിജയ രഹസ്യം അതാണ്. 

 • ഹിന്ദിയില്‍ ഓവര്‍ ആക്ടിങ്

ഒരു ഹിന്ദി സിനിമ കാണുക, ഒരു മലയാളം സിനിമ കാണുക. ഹിന്ദി സിനിമയില്‍ എന്താണുള്ളത്? അവിടെ ഓവര്‍ ആക്ടിംഗാണ്. പാട്ടിനും ഡാന്‍സിനുമാണ് അവിടെ പ്രാധാന്യം. ചുരുങ്ങിയത് ആറുപാട്ടുകളെങ്കിലും ഉണ്ടാകുന്നുണ്ട്. പിന്നെ ഫൈറ്റിങ്. ബോളിവുഡ് സിനിമകളേക്കാള്‍ ഭേദമാണ് തമിഴ് സിനിമകള്‍. നന്നായി അടിച്ചുമലര്‍ത്തുക, ഒരു ഹീറോയിന്റെ കൂടെ ഡാന്‍സ് ചെയ്യുക എന്നിവ മാത്രമല്ല അഭിനയം. ഓഫീസിലെ പ്യൂണിന്റെ ജോലിയായാലും കാര്യസ്ഥന്റെ ജോലിയായാലും നന്നായി ചെയ്യുക എന്നതാണ് പ്രധാനം. 'വെള്ളാനകളുടെ നാട്' എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒരു കോണ്‍ട്രാക്ടറുടെ റോള്‍ ഭംഗിയായി അഭിനയിച്ചു. എല്ലാ സിനിമയും ഞാന്‍ കാണും. പക്ഷേ, ഇതുവരെ ഹിന്ദി സിനിമയില്‍ ഇതുപോലെ ഒരു നടനെയും കോണ്‍ട്രാക്ടറായി അഭിയിച്ചു കണ്ടില്ല. പ്രിയദര്‍ശന്‍ ഈ സിനിമ ബോളിവുഡില്‍ എടുത്തു. പക്ഷേ, വളരെ മോശമായേ അദ്ദേഹത്തിന് അവിടെ എടുക്കാന്‍ കഴിഞ്ഞുള്ളൂ. കാരണം, അവിടെ അങ്ങനത്തെ ഒരു സാഹചര്യമില്ല. ഹീറോയിസത്തിനെ അവിടെ പ്രസക്തിയുള്ളൂ.

 • സംവിധായര്‍ക്ക് 100 മാര്‍ക്ക്

അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, അരവിന്ദന്‍, ഷാജി. എന്‍. കരുണ്‍... മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സംവിധായകരുണ്ടായിട്ടുണ്ട്. 'മണിച്ചിത്രത്താഴി'ലൂടെ ഫാസില്‍, 'ഗോഡ് ഫാദറി'ലൂടെ സിദ്ദിഖ്-ലാല്‍ എന്നിവരെല്ലാം മികച്ച സംവിധായകരാണെന്ന് തെളിയിച്ചു. 'ബോഡി ഗാര്‍ഡ് സിനിമ' ഇവിടെ ഉണ്ടാക്കിയശേഷം സിദ്ദിഖ് ബോളിവുഡിലും ചെയ്ത് പണമുണ്ടാക്കി. ഇപ്പോള്‍, പുതിയ പയ്യന്‍മാര്‍ കടന്നുവരുന്നു. വിനീത് ശ്രീനിവാസന്‍, ജീത്തു ജോസഫ് തുടങ്ങിയവരുടെ സിനിമ നന്നായി ഓടുന്നവയാണ്. ജിത്തു ജോസഫിന്റെ 'ദൃശ്യം' എടുത്തു പറയണം. 

 • മലയാളം പാട്ടുകള്‍ക്ക് ഇതെന്തുപറ്റി?

പണ്ടുകാലത്ത് മലയാള സിനിമ നല്ല സംഗീതവും പാട്ടും നിറഞ്ഞതായിരുന്നു. ദേവരാജന്‍ മാഷും ബോംബെ രവിയും സംഗീതം നല്‍കിയ പാട്ടുകള്‍ നമ്മള്‍ എന്നും മൂളിക്കൊണ്ടിരിക്കും. 'ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍....' 'നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണമിയേ.....' അങ്ങനെ മനോഹരമായ എത്രയെത്ര പാട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്ര നല്ല ഏതെങ്കിലും പാട്ട് കേട്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് സംഗീതം ഇവിടെ നിന്ന് പോയതെന്ന് മനസിലാകുന്നില്ല. സംഗീതത്തിന്റെ പൈറസിയാകാം കാരണം. 

10 വര്‍ഷമായി വേറെ ചില പരിപാടികള്‍ നടക്കുന്നുണ്ട്.  ആറു പാട്ടുകള്‍ ചിലപ്പോള്‍ പുറത്തിറക്കും. പക്ഷേ, സിനിമയില്‍ കാണിക്കുന്നത് രണ്ടെണ്ണമായിരിക്കും. ഒരെണ്ണം ഇടവേളയ്ക്കുമുമ്പും ഒരെണ്ണം ഇടവേളയ്ക്കുശേഷവും. സംഗീതം ഇപ്പോള്‍ മലയാള സിനിമയുടെ ഭാഗമല്ല. വലിയ വീഴ്ചയാണത്. തമിഴിലും തെലുങ്കിലും സംഗീതം നല്ല രീതിയില്‍ മുന്നോട്ടു വന്നിരിക്കുന്നു. എ. ആര്‍. റഹ്മാന്‍, ഇളയരാജ, ഹാരിസ് ജയരാജ്... അറിയപ്പെടുന്ന ഒട്ടേറെ സംഗീത സംവിധായകര്‍ വന്നു. പക്ഷേ, മലയാളത്തില്‍ അറിയപ്പെടുന്ന സംഗീത സംവിധായകര്‍ 10 വര്‍ഷത്തിനിടെ ആരെങ്കിലും വന്നോ?

ഒഎന്‍വിയും വയലാറും എഴുതിയ പാട്ടുകള്‍ മാത്രമേ ഇന്ന് ഓര്‍മ്മയുള്ളൂ. പുതിയ രണ്ട് നല്ല പാട്ടുകള്‍ ഏതെന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? 10 വര്‍ഷത്തിനിടെ ഒരു നല്ല പാട്ടുമുണ്ടായിട്ടില്ല. എങ്കിലും 'ജേക്കബിന്റെ സ്വര്‍ഗരാജ്യ'ത്തിലെ 'തിരുവാതിര രാവ് മനസ്സാകെ നിലാവ്' എന്ന പാട്ട് മാത്രമേ എടുത്തുപറയാനുള്ളൂ. സിഡിയുടെ വില്‍പന ഇപ്പോഴില്ല. പാട്ടുകൊണ്ട് പൈസയൊന്നും കിട്ടില്ല. അതുകൊണ്ടാകാം ഇവിടെ പാട്ടിന് സ്ഥാനം നഷ്ടമായത്. തമിഴ്‌നാട്ടില്‍ മ്യൂസിക് സിഡിയുടെ വില്‍പനയുണ്ട്. ആന്റി പൈറസി നിയമങ്ങള്‍ നന്നായി നടപ്പാക്കുന്നുണ്ട്. 38 ലക്ഷം വ്യാജ സിഡികള്‍ കേരളത്തില്‍ നിന്ന് ഞാന്‍ പിടിച്ചെടുത്തു. പക്ഷേ, പിന്നീട് വീണ്ടും വ്യാജ സിഡികള്‍ വന്നു. 'പ്രേമം' സിനിമയുടെ വ്യാജ പതിപ്പിറങ്ങിയത് നമുക്ക് അറിയാവുന്നതാണ്. 

 • ന്യൂജനറേഷന്‍ സിനിമാ 'ലഹരി'

ഏത് സിനിമയായാലും അതില്‍ നിന്ന് നാട്ടുകാര്‍ ഒന്നും പഠിക്കുന്നില്ല. സിനിമ വിനോദത്തിനുള്ളതാണ്. സിനിമയില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ കാണിക്കുന്നുണ്ട്. ഹീറോ നല്ല അച്ഛനായിരിക്കും, നല്ല ഭര്‍ത്താവായിരിക്കും, മോശക്കാരായവരെ അടിച്ചു വീഴ്ത്തുന്നയാളായിരിക്കും, അനീതിക്കെതിരെ പോരാടുന്ന ആളായിരിക്കും. ഇത് വര്‍ഷങ്ങളായി പ്രേംനസീറിന്റെ കാലം മുതല്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും സിനിമയില്‍ നിന്ന് നായകന്‍മാരുടെ ഗുണങ്ങള്‍ എന്തെങ്കിലും ആരെങ്കിലും പഠിച്ചോ? പിന്നെ, സിനിമയിലെ മോശം കാര്യങ്ങള്‍ എങ്ങനെ പഠിക്കും. ജീവിതത്തിലെ ടെന്‍ഷനും സമ്മര്‍ദ്ദവും മാറ്റാനാണ് സിനിമ കാണുന്നത്. അതിനേക്കാളുപരി മൂല്യങ്ങള്‍ പഠിക്കാനായി ആരും സിനിമ കാണാന്‍ പോകുന്നില്ല. 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ കണ്ടിട്ട് ആരെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നതായി എനിക്ക് തോന്നുന്നില്ല. 'ഇടുക്കി ഗോള്‍ഡ്' സിനിമ ഇറങ്ങും മുമ്പേ തന്നെ  കഞ്ചാവ് ഉപയോഗമുണ്ട്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ ഉപയോഗത്തിന് കുറവുണ്ടായിട്ടില്ല. സിനിമയില്‍ മദ്യം, ലഹരി, സിഗരറ്റ് എന്നിവ കാണിക്കുന്നതില്‍ തെറ്റില്ല. സിനിമയില്‍ ഹീറോയും വില്ലനുമുണ്ട്. വില്ലനാണെന്ന് കാണിക്കാന്‍ ചിലപ്പോള്‍ കഞ്ചാവോ മദ്യമോ ഉപയോഗിക്കുന്നതായി കാണിക്കേണ്ടി വരും. മദ്യം മോശമാണ്, കഞ്ചാവ് മോശമാണ് എന്നുള്ളത് നാട്ടുകാര്‍ക്ക് അറിയാം. ഹോളിവുഡ് സിനിമകളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് നശിപ്പിക്കുന്നത് ചിത്രീകരിച്ചുള്ള ഒട്ടേറെ സിനിമയുണ്ടായിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ അത് കുറ്റകരമല്ലേ? അതാണ് പറഞ്ഞത് സിനിമയെ വിനോദ ഉപാധിയായി മാത്രം കണ്ടാല്‍ മതി. 

 • തീയേറ്ററിലെ സിനിമ കാണല്‍

ഡിഐജി സുകുമാരന്‍ നായര്‍ സാറാണ് മലയാള സിനിമയോട് അടുപ്പിച്ചത്. മലയാളം നന്നായി പഠിക്കണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് അദ്ദേഹമാണ് ഉപദേശിച്ചത്. ഇപ്പോഴത് ഒരു ശീലമായി കൊണ്ടുനടക്കുന്നു. തിരുവനന്തപുരം എസ്എന്‍ തിയേറ്ററായിരുന്നു ആദ്യകാല സിനിമാ തട്ടകം. അവര്‍ ഇപ്പോള്‍ അത് മള്‍ട്ടിപ്ലക്‌സാക്കി. കലാഭവന്‍, ധന്യ, രമ്യ, ന്യൂ തുടങ്ങിയ തീയേറ്ററുകളിലും സിനിമ കാണാന്‍ പലവട്ടം പോയിട്ടുണ്ട്. ഇന്നും സിനിമ കാണല്‍ തുടരുന്നു. മലയാളം മാത്രമല്ല, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാഠി..... എല്ലാ ഭാഷകളിലെയും സിനിമകള്‍ കാണും. 

 • ചെറിയ ബജറ്റിലെ വലിയ സിനിമ

ചെറിയ ബജറ്റില്‍ ആളുകള്‍ സിനിമയുണ്ടാക്കുന്നു. ഉദാഹരണത്തിന് മാലിന്യവുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളുണ്ടായി. ശ്രീനിവാസനായിരുന്നു രണ്ടിലും അഭിനയിച്ചത്. 'നഗര വാരിധി നടുവില്‍ ഞാന്‍' എന്ന സിനിമ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. എറണാകുളം നഗരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. മറ്റു സംസ്ഥാനങ്ങളില്‍ നടക്കാത്ത കാര്യമാണ് ഇത്. 'ട്രാഫിക്' സിനിമയാണ് മറ്റൊന്ന്. ന്യൂജനറേഷന്‍ സിനിമയ്ക്ക് പ്രത്യേക ആളുകള്‍ വേണ്ട. ആര്‍ക്കുവേണമെങ്കിലും സിനിമയുണ്ടാക്കാം.

 • അഭിനയത്തിന് താല്‍പ്പര്യമില്ല

സിനിമ കണ്ട് ആസ്വദിക്കാന്‍ മാത്രമാണ് താത്പര്യം. അഭിനയിക്കാന്‍ തീരെ താത്പര്യവുമില്ല. ആകെ അഭിനയിച്ചത് ചില സീരിയലിനുവേണ്ടി മാത്രമാണ്. അത് ബോറടിച്ചു. പിന്നെ പോയില്ല. അഭിനയം എന്നുപറയുന്നത് വളരെ ക്ഷമ വേണ്ട കാര്യമാണ്. ചിലപ്പോള്‍ മണിക്കൂറുകളോളം ഒരു ഷോട്ടിന് വേണ്ടി ചെലവിടേണ്ടി വരും. സിനിമാ നടന്‍മാരുടെ ക്ഷമ സമ്മതിച്ചേ മതിയാകൂ. ചിലപ്പോള്‍ ഒരു ഷോട്ടിനായി ഒരു ദിവസം വരെ കാത്തിരിക്കേണ്ടി വരും.

 • നസീര്‍ ഒരു സ്തംഭം

പ്രേം നസീറിന്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. നസീര്‍ മരിക്കുമ്പോള്‍ നെടുമങ്ങാട് എഎസ്പിയായിരുന്നു. മരണ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ മുഴുവന്‍ സമയവുമുണ്ടായിരുന്നു. മലയാള സിനിമയിലെ സ്തംഭമായിരുന്നു നസീര്‍. സത്യന്‍, കൊട്ടാരക്കര, മധു, ജയന്‍, ഉമ്മര്‍ ഇവരെ ആരെയും മറക്കാനാവില്ല. 

 • കോമഡിയും ഇഷ്ടം

തമാശ സിനിമകള്‍ ഏറെയുണ്ടാകുന്നുണ്ട്. കോമഡി രണ്ടു തരത്തിലാണ്. ഡയലോഗ് കൊണ്ടുള്ള തമാശ നന്നായി ആസ്വദിക്കാം. ചിലര്‍ ശരീരവും മുഖവും കൊണ്ട് നമ്മളെ ചിരിപ്പിക്കും. കോമഡി മലയാള സിനിമയിലെ വലിയ ഒരംഗമാണ്. പണ്ട് അടൂര്‍ ഭാസി അത് നന്നായി കൈകാര്യം ചെയ്തു. ജഗതി ശ്രീകുമാറിനെപ്പോലെ തമാശ ചെയ്യുന്ന മറ്റൊരാളില്ല മലയാളത്തില്‍. പക്ഷേ, അദ്ദേഹത്തിനുണ്ടായ ട്രാജഡി വളരെ ദുഃഖമായി. അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും മികച്ച കോമഡി നടന്മാരാണ്. കോമഡി ചെയ്യുന്ന ആളുകള്‍ ഏറെയുണ്ട് മലയാളത്തില്‍.

 • നോ കമന്റ്‌സ്

യുവ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിലിരിക്കുന്നതാണ്. അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നത് ശരിയല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.