ശബരിമല യുവതി പ്രവേശനം ആചാരം നിലനില്‍ക്കണമെന്ന് ഹര്‍ജിക്കാരില്‍ മൂന്നാമത്തെയാളും

Thursday 2 August 2018 4:22 pm IST
സ്ത്രീകള്‍ക്ക് ശബരിമല ചവിട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരുന്നത്. ശ്രീകോവിലിനകത്തെ അയ്യപ്പ വിഗ്രഹത്തില്‍ താന്‍ സ്പര്‍ശിച്ചിരുന്നുവെന്ന് കന്നഡ നടിയായിരുന്ന ജയമാല 2006ല്‍ വെളിപ്പെടുത്തിയതാണ് ഹര്‍ജി നല്‍കുന്നതിലേക്ക് നയിച്ചത്. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലുള്ള ജയമാലക്ക് ആചാരങ്ങള്‍ അറിയാതെ വരില്ലല്ലോയെന്ന് ഞങ്ങള്‍ കരുതി.
"യുവതീ പ്രവേശനത്തിനായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകരായ ലക്ഷ്മി ശാസ്ത്രി, സുധാ പാല്‍, പ്രേരണാ കുമാരി എന്നിവര്‍ സുപ്രീം കോടതി വളപ്പില്‍"

ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരം നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് യുവതീ പ്രവേശനത്തിനായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ വനിതാ അഭിഭാഷകരിലൊരാളായ ലക്ഷ്മി ശാസ്ത്രി. ആചാരങ്ങള്‍ ശരിയായി മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അവര്‍ 'ജന്മഭൂമി'യോട് പറഞ്ഞു. 

ഇവരടക്കം യംഗ് ലോയേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് അഭിഭാഷകരാണ് 2006ല്‍ ആദ്യമായി ഹര്‍ജി നല്‍കിയത്. ഇതില്‍ പ്രേരണാ കുമാരി, സുധാ പാല്‍ എന്നീ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. ഹര്‍ജിക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആചാരത്തെ അനുകൂലിക്കുകയാണ്. എന്നാല്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നത് പ്രായോഗികമല്ല. മറ്റ് നിയമനടപടികള്‍ ഇവര്‍ പരിശോധിച്ചുവരികയാണ്. 

സ്ത്രീകള്‍ക്ക് ശബരിമല ചവിട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കിയിരുന്നത്. ശ്രീകോവിലിനകത്തെ അയ്യപ്പ വിഗ്രഹത്തില്‍ താന്‍ സ്പര്‍ശിച്ചിരുന്നുവെന്ന് കന്നഡ നടിയായിരുന്ന ജയമാല 2006ല്‍ വെളിപ്പെടുത്തിയതാണ് ഹര്‍ജി നല്‍കുന്നതിലേക്ക് നയിച്ചത്. കേരളത്തോട് ചേര്‍ന്നുള്ള കര്‍ണാടകയിലുള്ള ജയമാലക്ക് ആചാരങ്ങള്‍ അറിയാതെ വരില്ലല്ലോയെന്ന് ഞങ്ങള്‍ കരുതി. ജയമാല സന്ദര്‍ശിച്ചുവെന്ന് പറഞ്ഞതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം നടത്തിയതായും മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡാണ് പ്രശ്നമെന്ന ഞങ്ങളുടെ ധാരണയെ ഇത് ബലപ്പെടുത്തി. ലിംഗവിവേചനമുണ്ട് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ഹര്‍ജി. 

2016ലാണ് 'ഹാപ്പി റ്റു ബ്ലീഡ്' എന്ന സംഘടന കക്ഷി ചേര്‍ന്നത്. എന്നാല്‍ ഇവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. അവരുടെ പ്രചാരങ്ങള്‍ക്ക് ഞങ്ങള്‍ എതിരാണ്. സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഹര്‍ജി നല്‍കിയത്. വിശ്വാസികളായ സ്ത്രീകള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അതുകൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നു. അഭിഭാഷകര്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.