പഠന നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മപദ്ധതികള്‍ ചര്‍ച്ച ചെയ്ത് മികവുല്‍സവം ശില്‍പ്പശാല

Thursday 2 August 2018 5:37 pm IST

 

കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗം മികവിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരിയെക്കാള്‍ ഏറെ മുന്നിലാണെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുല്‍സവം- 2018 വിദ്യാഭ്യാസ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അക്കാദമിക മികവിനൊപ്പം വിദ്യാഭ്യാസ രംഗത്ത് അവസര സമത്വമുണ്ടാവുകയെന്നത് വളരെ പ്രധാനമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ അപ്പപ്പോള്‍ സ്വാംശീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണം. ഇതിനനുസൃതമായ പരിശീലന പരിപാടികള്‍ അധ്യാപകര്‍ക്കായി ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എസ്എസ്എല്‍സി- ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100 ശതമാനം വിജയം എന്നതോടൊപ്പം ഓരോ വിദ്യാര്‍ഥിയുടെയും അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. 

വിദ്യാലയങ്ങളില്‍ അക്കാദമിക-ഭൗതിക സൗകര്യങ്ങളൊരുക്കുന്നതില്‍ ചിലയിടങ്ങളിലെങ്കിലും വേണ്ടത്ര ശ്രദ്ധയുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യത്തില്‍ എല്ലാ വിഭാഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ എസ്എസ്എല്‍സി- ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കുള്ള ഉപഹാരസമര്‍പ്പണം അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.യു.രമേശന്‍, ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ഒ.മുരളീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ്ബാബു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.വി.ലീല, ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എം.കെ.ജയപ്രകാശ്, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി വിഭാഗം അസിസ്റ്റന്റ് ഡയരക്ടര്‍ പി.ടി.വിനോദ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.രവി, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ എ.വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ സ്വാഗതവും സെക്രട്ടറി വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.